വായുമലിനീകരണം; ഇന്ത്യ മൂന്നാം സ്ഥാനത്ത്

ശ്വസിക്കുന്നത് വിഷം

Published On: 5 March 2019 11:20 AM GMT
ശ്വസിക്കുന്നത്   വിഷം

ന്യൂഡൽഹി: ലോകത്ത് അതിരൂക്ഷ വായുമലിനീകരണമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ മൂന്നാമത്. ബംഗ്ലാദേശ് ഒന്നാം സ്ഥാനത്തും പാകിസ്താന്‍ രണ്ടാം സ്ഥാനത്തും അഫ്ഗാനിസ്ഥാന്‍ നാലാം സ്ഥാനത്തുമാണ്. ഐക്യു എയര്‍ വിഷ്വല്‍ എന്ന ഏജന്‍സിയും ഗ്രീന്‍പീസും സംയുക്തമായി നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍.

വായുമലിനീകരണം രൂക്ഷമായ ലോകത്തെ 10 നഗരങ്ങളില്‍ ഏഴും ഇന്ത്യയിലാണെന്നും പഠനം പറയുന്നു. ഹരിയാനയിലെ ഗുരുഗ്രാം ആണ് മലിനീകരണ തോതില്‍ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള നഗരം. രണ്ടാം സ്ഥാനത്ത് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ്. ഫരീദാബാദ്, ബൈവാഡി, നോയിഡ, പട്‌നാ, ലഖ്‌നൗ തുടങ്ങിയ നഗരങ്ങളും തൊട്ടുപിന്നാലെയുണ്ട്. ഡൽഹി പതിനൊന്നാം സ്ഥാനത്താണ്. ലോകത്ത് വായുമലിനീകരണം രൂക്ഷമായ 30 നഗരങ്ങളെടുത്താല്‍ 22ഉം ഇന്ത്യയില്‍ തന്നെ. 2018ലെ വിവരങ്ങളാണ് പഠനത്തിന് ഉപയോഗിച്ചത്.

ചൈനയിലെ അഞ്ച് നഗരങ്ങളും പാകിസ്താനിലെ രണ്ടും ബംഗ്ലാദേശിലെ ഒരു നഗരവും പട്ടികയിലുണ്ട്. ചൈനയിലെ ഹോട്ടണ്‍ നഗരം എട്ടാം സ്ഥാനത്തും പാകിസ്താനിലെ ലാഹോര്‍ പത്താം സ്ഥാനത്തുമുണ്ട്. മലിനീകരണം മൂലമുള്ള ചികിത്സകള്‍ക്കുവേണ്ടിയും ഉല്‍പ്പാദന നഷ്ടം മൂലവും ഇന്ത്യയുടെ ആഭ്യന്തര വളര്‍ച്ചാനിരക്കിന്റെ 8.5 ശതമാനത്തോളം നഷ്ടമാകുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു. വായുമലിനീകരണം ഈ രീതിയില്‍ തുടര്‍ന്നാല്‍ അടുത്ത വര്‍ഷം ലോകത്ത് എഴുപത് ലക്ഷം ജീവനുകള്‍ നഷ്ടമാകുമെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യ ജീവനുണ്ടാകുന്ന നഷ്ടത്തിനു പുറമേ ഇരുപത്തയ്യായിരം കോടി ഡോളറിന്റെ തൊഴില്‍നഷ്ടം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. മലിനീകരണം മൂലമുണ്ടാകുന്ന രോഗങ്ങളുടെ ചികിത്സയ്ക്കായി അതിന്റെ പതിന്മടങ്ങ് തുക ചെലവഴിക്കേണ്ടിവരുമെന്നും പഠനം പറയുന്നു.

വിവിധ രാജ്യങ്ങളിലെ അന്തരീക്ഷ വായുവിന്റെ ഗുണനിലവാരം സംബന്ധിച്ച വിവരങ്ങള്‍ മുന്‍നിര്‍ത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. മനുഷ്യശരീരത്തിന് ഹാനികരമായ വിധത്തില്‍ അന്തരീക്ഷ വായുവില്‍ അടങ്ങിയിരിക്കുന്ന, സൂക്ഷ്മവിഷവസ്തുക്കളുടെ അളവ് മുന്‍നിര്‍ത്തിയാണ് നഗരങ്ങളിലെ മലിനീകരണ തോത് വിലയിരുത്തിയത്.

Top Stories
Share it
Top