ഇന്ത്യയെ ഇക്കാണുന്ന രാജ്യമാക്കിയത് നെഹ്‌റു; ഹൗഡി മോദി വേദിയില്‍ പ്രശംസയുമായി യു.എസ് സഭാ നേതാവ്

മോദിയെ വേദിയില്‍ ഇരുത്തിയായിരുന്നു ഹോയറിന്റെ പരാമര്‍ശങ്ങള്‍

ഇന്ത്യയെ ഇക്കാണുന്ന രാജ്യമാക്കിയത് നെഹ്‌റു; ഹൗഡി മോദി വേദിയില്‍ പ്രശംസയുമായി യു.എസ് സഭാ നേതാവ്

ഹൂസ്റ്റണ്‍: അമ്പതിനായിരം പേര്‍ തടിച്ചു കൂടിയ ഹൂസ്റ്റണിലെ ഹൗദി മോദി പരിപാടിയില്‍ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനെ പ്രകീര്‍ത്തിച്ച് യു.എസ് ജനപ്രതിനിധി സഭാ നേതാവ് സ്‌റ്റെനി ഹോയര്‍. നെഹ്‌റുവിനെ തെളിഞ്ഞും ഒളിഞ്ഞും ആക്രമിക്കുന്ന മോദിയെ വേദിയില്‍ ഇരുത്തിയായിരുന്നു ഹോയറിന്റെ പരാമര്‍ശങ്ങള്‍.

'ഇന്ത്യ, അമേരിക്കയെ പോലെ അതിന്റെ പുരാതന പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുന്നു. ഗാന്ധിയുടെ അധ്യാപനവും നെഹ്‌റുവിന്റെയും ഉള്‍ക്കാഴ്ചയുമാണ് ഇന്ത്യയെ മതേതര ജനാധിപത്യ രാജ്യമാക്കി അതിന്റെ ഭാവിയെ സുരക്ഷിതമാക്കിയത്. ആ രാജ്യത്ത് ബഹുസ്വരതയ്ക്കും ഓരോ വ്യക്തിയുടെ മനുഷ്യാവകാശ സംരക്ഷണത്തിനും ആദരമുണ്ട്' - എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തില്‍ നെഹ്‌റു നടത്തിയ പ്രസംഗവും അദ്ദേഹം സ്മരിച്ചു. ഓരോ കണ്ണിലെയും കണ്ണീര്‍ തുടയ്ക്കണമെന്നതാണ് ഗാന്ധിയുടെ സ്വപ്നം, കണ്ണീരും യാതനും തുടരുന്നിടത്തോളം നമ്മുടെ ജോലി പൂര്‍ണമാകില്ല എന്ന വാക്കുകളാണ് അദ്ദേഹം പ്രസംഗത്തില്‍ ഉദ്ധരിച്ചത്.

മോദിയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ നെഹ്‌റുവിനെ കുറ്റപ്പെടുത്തുന്നത് തുടരുന്ന സാഹചര്യത്തിലാണ് ഹൂസ്റ്റണില്‍ നെഹ്‌റു ഓര്‍ക്കപ്പെട്ടത്. ഹൗഡി മോദി പരിപാടിയുടെ അന്നു തന്നെയാണ് പാക് അധീന കശ്മീരിന് ഉത്തരവാദി നെഹ്‌റുവാണ് എന്ന് മോദിയുടെ വിശ്വസ്തനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ പ്രസ്താവനയിറക്കിയിരുന്നത്.

' ദുര്‍ബലര്‍ക്കും ശക്തര്‍ക്കും ഒരുപോലെ അവസരം നല്‍കുന്നതാണ് ജനാധിപത്യമെന്ന് ഗാന്ധി നിര്‍വചിച്ചിട്ടുണ്ട്. എല്ലാവര്‍ക്കും ക്ഷേമം, ഒരാള്‍ക്കും ഉപദ്രവില്ല എന്നതാണ് അതിന്റെ നിര്‍വചനം എന്നായിരുന്നു യു.എസ് പ്രസിഡണ്ട് അബ്രഹാം ലിങ്കന്റെ നിര്‍വചനം'- ഹോയര്‍ പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെയും പ്രസംഗങ്ങള്‍ക്ക് മുമ്പാണ് അമ്പതിനായിരം വരുന്ന ആള്‍ക്കൂട്ടത്തെ ഡെമോക്രാറ്റ് അംഗമായ ഹോയര്‍ അഭിസംബോധന ചെയ്തത്.

ഹോയറുടെ പ്രസംഗം സാമൂഹിക മാദ്ധ്യമങ്ങളിലും അനുരണനങ്ങള്‍ ഉണ്ടാക്കി. മോദി ഇത്തരത്തില്‍ ഒന്ന് പ്രതീക്ഷിച്ചിട്ടേ ഉണ്ടാകില്ല എന്നാണ് അഭിജിത് ദിപ്‌കെ ട്വിറ്റര്‍ യൂസര്‍ പോസ്റ്റിട്ടത്. മോദിയുടെ രാഷ്ട്രീയത്തിന് എതിരെയുള്ള ശക്തമായ വാക്കുകളാണ് ഹോയറുടേത് എന്ന് കോണ്‍ഗ്രസ് നേതാവ് ഷമ മുഹമ്മദ് ട്വീറ്റ് ചെയ്തു.

അന്താരാഷ്ട്ര തലത്തില്‍ ഗാന്ധിയെയും നെഹ്‌റുവിനെയും കൊണ്ടാണ് ഇന്ത്യ തലയുയര്‍ത്തിപ്പിടിച്ചു നില്‍ക്കുന്നത് എന്ന് രൂപാലി ശ്രീവാസ്തവ എന്ന യൂസര്‍ ട്വീറ്റ് ചെയ്തു.

1981 മുതല്‍ യു.എസ് ജനപ്രതിനിധി സഭയിലെ അംഗമാണ് സ്റ്റെനി ഹോയര്‍.

Read More >>