ശബ്ദലോകത്ത് എത്തിയ ആഹ്ലാദത്തില്‍ മലയാളി പെണ്‍കുട്ടികള്‍

മൂന്നു പേർക്കും ചെവി കേൾക്കില്ല. ഹെൽതി അത് ലറ്റിക് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ശ്രവണ സഹായി ഇവർക്കായി സംഘാടകർ സമ്മാനിക്കുന്നത്. സ്‌കൂളിലെ സിസ്റ്റേഴ്‌സിനും പരിശീലകർക്കും സഹായിച്ച എല്ലാവർക്കും നന്ദിയുണ്ട്. വീട്ടിൽ അച്ഛനോടും അമ്മയോടും ചേച്ചിയോടും വിളിച്ചുപറയണം' റിൻസിക്ക് സന്തോഷം അടക്കാനായില്ല. കൂലിപ്പണിക്കാരായ മാതാപിതാക്കൾ ഏറെ കഷ്ടപ്പെട്ടാണ് നിശ്ചയദാർഢ്യമുള്ള റിൻസിയെയും സഹോദരിയെയും വളർത്തുന്നത്

ശബ്ദലോകത്ത് എത്തിയ ആഹ്ലാദത്തില്‍ മലയാളി പെണ്‍കുട്ടികള്‍

അബുദാബി : കേൾക്കാം. എല്ലാവരും പറയുന്നത് നന്നായി കേൾക്കാം...'റിൻസിയുടെ ഉച്ചത്തിലുള്ള ആഹ്ലാദപ്രകടനങ്ങൾ കേട്ട് ഒരു നിമിഷം കണ്ടു നിന്നവരുടെയെല്ലാം കണ്ണു നിറഞ്ഞിട്ടുണ്ടാവും. അബൂദാബിയിൽ നടക്കുന്ന സ്‌പെഷൽ ഒളിംപിക്‌സ് വേൾഡ് ഗെയിംസിൽ മത്സരിക്കാനെത്തിയതാണ് മലയാളികളായ കോട്ടയം കഞ്ഞിക്കുഴി സ്വദേശിയും വെള്ളയാംകുഴി അസീസി സ്‌പെഷൽ സ്‌കൂൾ വിദ്യാർത്ഥിനിയുമായ റിൻസി ബിജു, എറണാകുളം സ്വദേശിയും മൂവാറ്റുപുഴ നിർമലസദൻ സ്‌പെഷൽ സ്‌കൂൾ വിദ്യാർത്ഥിനിയുമായ എ. ജ്യോതി , പാലക്കാട് സ്വദേശി ജ്യോതിനിലയം സ്‌പെഷൽ സ്‌കൂൾ വിദ്യാർത്ഥിനി എം.എസ് ശ്രുതി എന്നിവർ.

മൂന്നു പേർക്കും ചെവി കേൾക്കില്ല. ഹെൽതി അത് ലറ്റിക് പരിശോധനയ്‌ക്കെത്തിയപ്പോഴാണ് ശ്രവണ സഹായി ഇവർക്കായി സംഘാടകർ സമ്മാനിക്കുന്നത്. സ്‌കൂളിലെ സിസ്റ്റേഴ്‌സിനും പരിശീലകർക്കും സഹായിച്ച എല്ലാവർക്കും നന്ദിയുണ്ട്. വീട്ടിൽ അച്ഛനോടും അമ്മയോടും ചേച്ചിയോടും വിളിച്ചുപറയണം' റിൻസിക്ക് സന്തോഷം അടക്കാനായില്ല. കൂലിപ്പണിക്കാരായ മാതാപിതാക്കൾ ഏറെ കഷ്ടപ്പെട്ടാണ് നിശ്ചയദാർഢ്യമുള്ള റിൻസിയെയും സഹോദരിയെയും വളർത്തുന്നത്. വൈകല്യത്തെ അതിജീവിച്ച് ബാസ്‌കറ്റ് ബോളിൽ ഉയരങ്ങൾ കീഴടക്കി, നല്ലൊരു ജോലി നേടണമെന്നാണ് റിൻസിയുടെ ആഗ്രഹം. കാക്കനാട്ടുള്ള ചൈൽഡ് ലൈൻ വഴി മൂവാറ്റുപുഴ നിർമലസദൻ സ്‌പെഷൽ സ്‌കൂളിലെത്തിയ ജ്യോതിക്ക് ഒരു ചെവിക്ക് 25 ശതമാനം മാത്രമായിരുന്നു കേൾവി ശക്തി. ബാഡ്മിന്റൻതാരമായ ശ്രുതിക്ക് പുതിയ ശ്രവണ സഹായി കിട്ടിയപ്പോൾ ആദ്യം കരച്ചിലായിരുന്നു. കാര്യം അന്വേഷിച്ചപ്പോൾ പ്രതികരണം ഇതായിരുന്നു. ' ഇപ്പോൾ നന്നായി കേൾക്കാം. ഇനി ഉപകരണം കേടായാൽ ഞാനെന്തു ചെയ്യും' ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തകരുണ്ടെന്നും അവർ എത്തി എല്ലാം ശരിയാക്കുമെന്നും പറഞ്ഞപ്പോഴാണ് ശ്രുതിക്ക് സമാധാനമായത്.

ഉപകരണം പ്രവർത്തിപ്പിക്കാനുള്ള ഒരു വർഷത്തേക്കുള്ള ബാറ്ററിയും ഇത് കഴിയുമ്പോൾ ഇന്ത്യയിൽ ബന്ധപ്പെടേണ്ട ആളുടെ പേരും നമ്പറും നൽകിയാണ് സംഘാടകർ ശ്രുതിയെ യാത്രയാക്കിയത്. ഇവരെ കൂടാതെ ഇന്ത്യയിൽനിന്നുള്ള 7 പേർക്കും ശ്രവണ സഹായി നൽകിയിട്ടുണ്ട്. 28 മലയാളികൾ ഉൾപ്പെടെ 289 കായിക താരങ്ങളും 73 കോച്ചുമാരും അടക്കം 378 അംഗ സംഘമാണ് ഇന്ത്യയിൽ നിന്ന് എത്തിയിരിക്കുന്നത്.

Read More >>