റായ്ബറേലി എം.എല്‍.എ അദിതി സിങ് ബി.ജെ.പിയിലേക്ക്; യോഗി ആദിത്യനാഥിനെ കണ്ടു; കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

നിയോജക മണ്ഡലത്തിലെ പദ്ധതികള്‍ ചര്‍ച്ച ചെയ്യാനായിരുന്നു സന്ദര്‍ശനം എന്നാണ് ഔദ്യോഗിക വിശദീകരണം

റായ്ബറേലി എം.എല്‍.എ അദിതി സിങ് ബി.ജെ.പിയിലേക്ക്; യോഗി ആദിത്യനാഥിനെ കണ്ടു; കോണ്‍ഗ്രസിന് വന്‍ തിരിച്ചടി

ന്യൂഡല്‍ഹി: കോണ്‍ഗ്രസുമായി ഇടഞ്ഞു നില്‍ക്കുന്ന റായ്ബറേലി എം.എല്‍.എ അദിതി സിങ് ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. അദിതി സിങ് ഇന്ന് രാവിലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ചര്‍ച്ച നടത്തി. നിയോജക മണ്ഡലത്തിലെ പദ്ധതികള്‍ ചര്‍ച്ച ചെയ്യാനായിരുന്നു സന്ദര്‍ശനം എന്നാണ് ഔദ്യോഗിക വിശദീകരണം.

സന്ദര്‍ശനത്തില്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവും പ്രതികരിച്ചു. ആശയപരമായ നിലപാട് ഇല്ലാത്തവര്‍ക്ക് എങ്ങോട്ടു വേണമെങ്കിലും പോകാം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ഞങ്ങള്‍ക്ക് അവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. മറുപടി നല്‍കിയില്ലെങ്കില്‍ നടപടിയെടുക്കും' - അദ്ദേഹം വ്യക്തമാക്കി.

പാര്‍ട്ടി വിപ്പ് ലംഘിച്ച് യു.പി നിയമസഭയിലെ പ്രത്യേക സെഷനില്‍ പങ്കെടുത്തതിനാണ് അദിതിക്ക് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നത്. അച്ചടക്ക നടപടിക്ക് വിധേയയാകാതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിട്ടുള്ളത്.

ഗാന്ധിജിയുടെ 150-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് യോഗി സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ദ്വിദിന സെഷനിലാണ് ഇവര്‍ പങ്കെടുത്തത്. എല്ലാ പ്രതിപക്ഷ കക്ഷികളും സമ്മേളനം ബഹിഷ്‌കരിച്ചിരുന്നു.

ഗാന്ധി ജിയന്തി ദിനത്തില്‍ യു.പി സര്‍ക്കാറിനെതിരെയുള്ള സംയുക്ത പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കെടുക്കാതെയാണ് ഇവര്‍ സഭാ സമ്മേളനത്തില്‍ എത്തിയിരുന്നത്.

സംസ്ഥാനത്തിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നയിച്ച പദയാത്രയില്‍ മിക്ക സംസ്ഥാന നേതാക്കളും പങ്കെടുത്തിരുന്നു. അദിതി സിങ് ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കോണ്‍ഗ്രസ് എം.എല്‍.എയ്ക്കെതിരെ നടപടിക്ക് ഒരുങ്ങുന്നത്.

>ഗാന്ധി കുടുംബത്തിന്റെ അടുപ്പക്കാരി

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമാണ് റായ്ബറേലി. ഗാന്ധി കുടുംബത്തോട് ഏറെ അടുപ്പം പുലര്‍ത്തുന്ന അഖിലേഷ് സിങിന്റെ മകളാണ് അദിതി. പ്രിയങ്ക ഗാന്ധിയുമായി നല്ല വ്യക്തിബന്ധം സൂക്ഷിക്കുന്ന നേതാവു കൂടിയാണ് ഇവര്‍.

നേരത്തെ, ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370-ാം വകുപ്പ് എടുത്തു കളഞ്ഞ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അഭിനന്ദിച്ച് അദിതി രംഗത്തു വന്നിരുന്നു. ചരിത്രപരമായ തീരുമാനമാണ് അതെന്നും അതില്‍ രാഷ്ട്രീയം കാണേണ്ടതില്ല എന്നുമാണ് അവര്‍ പറഞ്ഞിരുന്നത്.

സഭാ സമ്മേളനത്തില്‍ പങ്കെടുത്തതിന് പിന്നാലെ ഇവര്‍ക്കുള്ള സുരക്ഷാ യോഗി സര്‍ക്കാര്‍ വര്‍ദ്ധിപ്പിച്ചിരുന്നു. വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് ഇന്നലെ മുതല്‍ സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കുന്നത്.

Read More >>