ആര്‍ക്കാണു നേട്ടം , ആലപ്പാടിനു എന്ത് കിട്ടി ?

ഒരു നാടിനെ കടലെടുക്കുമ്പോള്‍ - 2 സി.വി.ശ്രീജിത്ത്, ചിത്രങ്ങള്‍ : എ.ജയമോഹന്‍

ആര്‍ക്കാണു നേട്ടം , ആലപ്പാടിനു എന്ത് കിട്ടി ?

കുടിവെള്ളം മുട്ടിച്ചില്ലേ...

''കടലുണ്ട്. പക്ഷെ ഈ കടപ്പുറത്ത് കുടിക്കാൻ ഒരു തുള്ളി നല്ല വെള്ളമുണ്ടോ?. ഇവിടെ നൂറിലേറെ കിണറുകളുണ്ടായിരുന്നു. ഇന്നോ. ഒന്നു പോലുമില്ല. ശുദ്ധജലം കിട്ടിയിരുന്ന കിണറുകളാണ് കൂട്ടത്തോടെ മൂടിയത്.'' വെള്ളനാതുരുത്തിലെ പ്രഭാകരന്റെ വാക്കുകളാണിത്. ''കുട്ടിക്കാലത്ത് കളിച്ചു നടന്ന സ്ഥലവും കിണറും പഴയ സ്‌കൂളും എല്ലാം...ഇന്നു കടലിലാണ്. ദാ അവിടെ...''

വാക്കുകൾ മുഴുമിപ്പിക്കാൻ ഇറ്റുവീണ കണ്ണീർത്തുള്ളികൾ സമ്മതിച്ചില്ല.

കിണറുകൾ മാത്രമല്ല, ഈ മേഖലയിലെ തണ്ണീർത്തടങ്ങളും ചെറു ജലാശയങ്ങളും ഖനനത്തോടെ അപ്രത്യക്ഷമായി. ചെറു കനാലുകൾ, ചിറകൾ എന്നിവയും ഇന്നു കടലിനടിയിലാണ്.

ഒരു ഉദാഹരണം: വെള്ളനാതുരുത്തിയിൽ 2.05 ഏക്കർ തണ്ണീർത്തടം നികത്തപ്പെട്ടതായി വില്ലേജ് ഓഫീസ് രേഖകൾ സാക്ഷ്യപ്പെടുത്തുന്നു. ( റി.സ-170/3. 170/5-ബ്ലോക്ക്-8-ആലപ്പാട്). ഇതൊന്നുമാത്രം. ഇത്തരത്തിൽ നൂറുകണക്കിന് ഏക്കർ തണ്ണൂർ‍ത്തടങ്ങളും നാർച്ചാലുകളും ഇവിടെ നികത്തപ്പെട്ടു.

തുറയിലെ മനുഷ്യരുടെ ആവാസ വ്യവസ്ഥപോലും മാറ്റിമറിച്ചാണ് ആലപ്പാട്ടെ കരിമണൽ ഖനനം തുടരുന്നത്. 20,000 ഏക്കർ ഭൂമിയാണ് ഈ തീരത്തുമാത്രം കടലിന്റെ ഭാഗമായി മാറിയത്.

ജനങ്ങളുടെ തൊഴിലും ജീവിതവും തകിടം മറിഞ്ഞു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കു തീരമില്ലാതായതോടെ തൊഴിൽ നഷ്ടമുണ്ടായി. ഭൂമി നഷ്ടപ്പെട്ടവർ പകരം വീടുവെച്ചത് ടി.എസ് കനാലിനു കിഴക്കായിരുന്നു. അതോടെ അവരുടെ ഉപജീവനവും വഴിമുട്ടി. ഏകദേശം 5000 കുടുംബങ്ങളെങ്കിലും ഇവിടെ നിന്നു മാറി പോകേണ്ടി വന്നു.

ചെളികെട്ടിക്കിടന്ന തീരത്ത് ഒരു കാലത്ത് നിറഞ്ഞ ചാകരയായിരുന്നു. ഖനനം തുടങ്ങിയതോടെ അതും ഓർമ്മയായി. കൊല്ലം, ആലപ്പുഴ ജില്ലകളുടെ തീരത്ത് ചാകര ഇല്ലാതായതിന്റെ പ്രധാന കാരണങ്ങളിലൊന്നു ഖനനമാണെന്നു പഠനങ്ങൾ തെളിയിച്ചു. മൂന്നര കിലോമീറ്റർ വീതിയുണ്ടായിരുന്ന ആലപ്പാടിന്റെ തീരത്ത് നിറയെ കണ്ടൽ കാടായിരുന്നുവെന്നു പഴയ തലമുറ സാക്ഷ്യപ്പെടുത്തുന്നു. പന്മന മുതൽ ആലപ്പാട് വരെ ഇന്നു പേരിനു പോലും ഒരു കണ്ടൽ തൈ കാണാനില്ല. കാറ്റാടി മരങ്ങളും കണ്ടലും കൂട്ടത്തോടെ പിഴുതെറിയപ്പെട്ടപ്പോൾ തീരനശീകരണത്തിന് വേഗം കൂടി.

കരിമണൽ ഖനനത്തിലൂടെ രണ്ടു പൊതുമേഖലാ സ്ഥാപനങ്ങൾ കോടികൾ കൊയ്‌തെടുത്തപ്പോൾ 240 പേർക്കു പലകാലങ്ങളിലായി താൽക്കാലിക ജോലി ലഭിച്ചതു മാത്രമാണ് ആലപ്പാടിന്റെ നേട്ടം.

ഖനന കുത്തക രണ്ടു കമ്പനികൾക്ക്

തീരത്തെ പഞ്ചാരമണലിൽ കറുത്ത പൊന്നുണ്ടെന്നു കണ്ടെത്തിയത് 1909 ൽ ഇംഗ്ലണ്ട് ആസ്ഥാനമായ കോസ്‌മോ പൊളിറ്റൻ മൈനിംഗ് സിന്റിക്കേറ്റ് കമ്പനിയിലെ ഷോബർഗ് എന്നയാളാണ്. കയറിൽ പറ്റിപ്പിടിച്ച മണലിൽ മോണോസൈറ്റുണ്ടെന്നു തിരിച്ചറിഞ്ഞ വെള്ളക്കാരൻ 1910ൽ മണവാളക്കുറിച്ചിയിൽ ആദ്യത്തെ മണൽ ഖനന കമ്പനി സ്ഥാപിച്ചു. പിന്നീട് പല വിദേശികളും മണലിന്റെ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് കൊല്ലം, ആലപ്പുഴ തീരങ്ങളിൽ തമ്പടിച്ചു. എന്നാൽ ആധുനിക രീതിയിൽ ഖനനം ആരംഭിക്കുന്നതും അതിനായി കമ്പനി തുടങ്ങിയതും 1932ലാണ്. എഫ്.എക്‌സ് പെരേര ആന്റ് സൺസ് കമ്പനി നീണ്ടകരയും മണവാളക്കുറിച്ചിയും തങ്ങളുടെ നിയന്ത്രണത്തിലാക്കി. 1955ൽ നികുതി കുടിശ്ശിക വന്നതിനെ തുടർന്നു പെരേരയ്ക്കു കമ്പനി പൂട്ടേണ്ടി വന്നു. 56ൽ ഈ സ്ഥാപനം സർക്കാർ നിയന്ത്രണത്തിലായി. 1972ൽ പെരേരയുടെ അവകാശികളുടെ കൈവശമുണ്ടായിരുന്ന ഓഹരികൾ കൂടി സർക്കാരിലേക്കു വന്നതോടെ കേരള മിനറൽസ് ആന്റ് മെറ്റൽസ് ലിമിറ്റഡ് (കെ.എം.എംഎൽ) സ്ഥാപിതമായി.

ഇതേ കാലത്തുതന്നെ ചവറ, നീണ്ടകര, മണവാളക്കുറിച്ചി, വെള്ളനാതുരുത്ത് എന്നിവിടങ്ങളിൽ ചെറുതും വലുതുമായി ഖനനം നടത്താൻ ഇംഗ്ലണ്ട്, ജർമ്മനി ആസ്ഥാനമായ മൂന്നോളം കമ്പനികളുമെത്തി. പിന്നീട് ഇവ ലയിച്ച് ട്രാവൻകൂർ മിനറൽ ലിമിറ്റഡായി. 1965ൽ ട്രാവൻകൂർ മിനറൽ ലിമിറ്റഡ് ഇന്ത്യൻ റെയർ എർത്‌സ് (ഐ.ആർ.ഇ) ഏറ്റെടുത്തു. ഇതോടെ തീരത്തെ കരിമണൽ ഖനനത്തിന്റെ കുത്തക ഐ.ആർ.ഇക്കും കെ.എം.എം.എല്ലിനുമായി.

ബഹിരാകാശ കേന്ദ്രമെന്ന സ്വപ്നം

1962 സെപ്തംബറിൽ അന്നത്തെ ദേശീയ ബഹിരാകാശ കമ്മിഷൻ ചെയർമാൻ വിക്രം സാരാഭായി, ആണവശാസ്ത്രജ്ഞൻ എച്ച്.ജെ.ഭാഭ, ഡോ. എ.പി.ജെ അബ്ദുൽകലാം, ഡോ. പി.ആർ പിഷാരടി, ഡോ.വി ചിറ്റനസ്, അന്നത്തെ കൊല്ലം ജില്ലാ കളക്ടറായിരുന്ന കൊച്ചുകോശി എന്നിവർ വെള്ളനാതുരുത്തെത്തി. ജനവാസ മേഖലയ്ക്കു പടിഞ്ഞാറ് ഭാഗത്തായി വിശാലമായ ഭൂപ്രദേശം ഉണ്ടെന്നു കണ്ടെത്തിയ സംഘം ഇവിടെ ബഹിരാകാശ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ അനുയോജ്യമാണെന്നും വിലയിരുത്തി. ഇക്കാര്യം അന്നത്തെ ദിനപത്രങ്ങൾ വിശദമായി റിപ്പോർട്ടു ചെയ്തു. ചരിത്രരേഖകളായി ഈ പത്രകട്ടിംഗുകൾ ആലപ്പാട്ടുകാർ സൂക്ഷിക്കുന്നുണ്ട്.

ശാസ്ത്രജ്ഞർ കണ്ടെത്തിയ വിശാലഭൂഭാഗം ഇന്നു വെറും ഓർമ്മ മാത്രമാണ്; തീരമില്ലാതായ ആലപ്പാടിന്.

സുനാമിയോ കാരണം

ആലപ്പാട് ഭൂമി ഇല്ലാതായതിന് കാരണം സുനാമിയാണെന്നാണ് വ്യവസായ വകുപ്പു മന്ത്രി ഇ.പി ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞത്. പൂർണമായല്ലെങ്കിലും അതു ശരിയുമാണ്. പക്ഷെ സുനാമി ഇത്രയും ഭീകരമായി ആലപ്പാട് ആഞ്ഞുവീശാൻ കാരണം ഖനനമാണെന്നത് മന്ത്രിയും ഭരണകൂടവും വിസ്മരിക്കരുത്.

പതിറ്റാണ്ടുകളായി തുടരുന്ന ഖനനം മൂലം ആലപ്പാട്ടെ തീരം അലിഞ്ഞില്ലാതായി. ഖനനത്തിനു മുമ്പ് വലിയ മണൽ കൂനകൾ കാവൽപോലെ തീരത്തുണ്ടായിരുന്നു. കണ്ടലും വലിയ കാറ്റാടി മരങ്ങളും ഉണ്ടായിരുന്നു. അതെല്ലാം കരിമണൽ ഖനനം തുടങ്ങിയ ശേഷമാണ് കാണാമറയത്തായത്. കടലിനേക്കാൾ താഴ്ത്തി കുഴികൾ കുത്തിയാൽ വെള്ളം പിന്നെ എങ്ങോട്ടുപോകാൻ. സംരക്ഷണ ഭിത്തിപോലും ഇല്ലാതെ വെള്ളാനംതുരുത്തിൽ ഇപ്പോഴും കടലുംകരയും ഒന്നാക്കി മണൽ കുഴിച്ചെടുക്കുന്നുണ്ട്.

Read More >>