കോണ്‍ഗ്രസ് മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചു; പാര്‍ലമെന്റില്‍ വീണ്ടും കള്ളം പറഞ്ഞ് അമിത് ഷാ

ഈയിടെ കശ്മീര്‍ വിഷയത്തിലും അമിത് ഷാ രാജ്യസഭയില്‍ അസത്യം പറഞ്ഞിരുന്നു

കോണ്‍ഗ്രസ് മതാടിസ്ഥാനത്തില്‍ രാജ്യത്തെ വിഭജിച്ചു; പാര്‍ലമെന്റില്‍ വീണ്ടും കള്ളം പറഞ്ഞ് അമിത് ഷാ

ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വീണ്ടും അസത്യം പറഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ ഭേദഗതി ബില്‍ അവതരിപ്പിക്കവെയാണ് ഷാ കോണ്‍ഗ്രസിനെതിരെ ചരിത്ര വസ്തുതകള്‍ക്ക് നിരക്കാത്ത ആരോപണം ഉന്നയിച്ചത്. രാജ്യത്തെ മതാടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസാണ് എന്നായിരുന്നു ആരോപണം.

'എന്തു കൊണ്ടാണ് ഈ ബില്‍ ഇപ്പോള്‍ ആവശ്യമായി വരുന്നത്. സ്വാതന്ത്ര്യത്തിന് ശേഷം, മതത്തിന്റെ പേരില്‍ കോണ്‍ഗ്രസ് വിഭജനം ചെയ്തില്ലായിരുന്നുവെങ്കില്‍ നമുക്കിന്ന് ഈ ബില്ല് ആവശ്യമുണ്ടായിരുന്നില്ല. മതാടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് രാജ്യത്തെ വിഭജിക്കുകയായിരുന്നു' - എന്നായിരുന്നു അമിത് ഷായുടെ വാക്കുകള്‍.

എന്നാല്‍ മുഹമ്മദലി ജിന്നയുടെ നേതൃത്വത്തില്‍ സര്‍വേന്ത്യാ മുസ്‌ലിം ലീഗാണ് വിഭജന പദ്ധതി കൊണ്ടു വന്നതും അതിനെ പിന്തുണച്ചതും എന്നതാണ് യാഥാര്‍ത്ഥ്യം. മതാടിസ്ഥാനത്തില്‍ പാകിസ്താന്‍ വിഭജിതമായപ്പോഴും ഇന്ത്യയെ മതേതരമായി നിലനിര്‍ത്തനാണ് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തത്.

ഈയിടെ കശ്മീര്‍ വിഷയത്തിലും അമിത് ഷാ രാജ്യസഭയില്‍ അസത്യം പറഞ്ഞിരുന്നു.

കശ്മീരില്‍ കര്‍ഫ്യൂ ഇല്ലെന്നും സാധാരണ നിലയിലേക്ക് സംസ്ഥാനം വന്നുവെന്നുമായിരുന്നു അദ്ദേഹത്തിന്റെ അവകാശ വാദം.

എന്നാല്‍ 2019 ഓഗസ്റ്റ് അഞ്ച് മുതല്‍ നവംബര്‍ 15 വരെ കശ്മീരില്‍ കല്ലേറ്, ക്രമസമാധാന തകര്‍ച്ച എന്നിവയിലായി 190 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും 765 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഈ വര്‍ഷം ജനുവരി ഒന്നുമുതല്‍ ഓഗസ്റ്റ് നാലുവരെ 361 കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കല്ലേറ് തടയുന്നതിനായി സര്‍ക്കാര്‍ വിവിധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അത് ഒരുപരിധിവരെ വിജയിച്ചിട്ടുണ്ടെന്നും സഭയില്‍ ആഭ്യന്തര സഹമന്ത്രി ജി.കിഷന്‍ റെഡ്ഢി വ്യക്തമാക്കിയിരുന്നു.

Read More >>