എന്നാണ് മോദി രാഷ്ട്രപിതാവായത്? അമൃത ഫഡ്‌നാവിസിന്റെ കുറിപ്പില്‍ രോഷാകുലരായി ട്വിറ്റര്‍ ലോകം

ഇന്ത്യയ്ക്ക് ഒരു രാഷ്ട്രപിതാവേ ഉള്ളൂ എന്നും പരാമര്‍ശത്തില്‍ അമൃത മാപ്പു പറയണമെന്നും ട്വിറ്ററാറ്റികള്‍ ആവശ്യപ്പെട്ടു

എന്നാണ് മോദി രാഷ്ട്രപിതാവായത്? അമൃത ഫഡ്‌നാവിസിന്റെ കുറിപ്പില്‍ രോഷാകുലരായി ട്വിറ്റര്‍ ലോകം

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദിയെ രാഷ്ട്രപിതാവെന്ന് വിളിച്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഭാര്യ അമൃത ഫഡ്‌നാവിസിനെതിരെ ട്വിറ്റര്‍ സമൂഹം. ഇന്ത്യയ്ക്ക് ഒരു രാഷ്ട്രപിതാവേ ഉള്ളൂ എന്നും പരാമര്‍ശത്തില്‍ അമൃത മാപ്പു പറയണമെന്നും ട്വിറ്ററാറ്റികള്‍ ആവശ്യപ്പെട്ടു.

അമൃതയുടെ വാക്കുകള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് പ്രമുഖ മാദ്ധ്യമപ്രവര്‍ത്തക സാഗരിക ഘോഷ് പ്രതികരിച്ചത്. 'എന്തിനാണ് ഗാന്ധിയെ രാഷ്ട്രപിതാവ് എന്നു വിളിക്കുന്നത്. എല്ലാ കാലത്തെയും ഏറ്റവും മഹത്തായ പോരാട്ടത്തിന് നേതൃത്വം നല്‍കിയത് അദ്ദേഹമാണ്. അത് അക്രമരഹിതമായിരുന്നു. 200 വര്‍ഷം നീണ്ട കൊളോണിയല്‍ ഭരണത്തില്‍ നിന്ന് രാജ്യത്തെ മുക്തമാക്കിയത് ആ പോരാട്ടമാണ്. ഈ മഹത്തായ നേട്ടം നിലവിലെ രാഷ്ട്രീയക്കാരുമായി താരതമ്യത്തിന് പോലും അര്‍ഹമല്ല' - അവര്‍ കുറിച്ചു.

'സമൂഹത്തിന്റെ നന്മയ്ക്കായി അക്ഷീണം പ്രവര്‍ത്തിച്ച് നമ്മെ പ്രചോദിപ്പിക്കുന്ന നമ്മുടെ രാഷ്ട്രപിതാവ് നരേന്ദ്രമോദിജിക്ക് സന്തോഷ ജന്മദിനം' എന്നായിരുന്നു അമൃത ഫഡ്നാവിസിന്റെ ട്വീറ്റ്. മോദിക്ക് ആശംസകര്‍ അര്‍പ്പിച്ച് വീഡിയോയും അവര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന 2019ല്‍ തന്നെയാണ് അമൃതയുടെ ട്വീറ്റ് എന്നതാണ് ഏറെ രസകരം.

എന്നാണ് പ്രധാനമന്ത്രി മോദി രാഷ്ട്രപതിയായത് എന്ന് വിദ്യ എന്ന ട്വിറ്റര്‍ യൂസര്‍ ചോദിച്ചു. എന്തു നന്മയാണ് അദ്ദേഹം സമൂഹത്തിന് ചെയ്തത്. തൊഴിലില്ലായ്മ വര്‍ദ്ധിപ്പിച്ചതോ സമ്പദ് വ്യവസ്ഥ തകര്‍ത്തതോ? - അവര്‍ ചോദിച്ചു.

Read More >>