ഈ ഹോട്ടലില്‍ ക്യാഷ് കൗണ്ടറില്ല; പണമില്ലെങ്കിലും ഭക്ഷണം കഴിക്കാം

ഈ ഭക്ഷണശാലയിൽ നിന്നു ഭക്ഷണം കഴിക്കാന്‍ കൈയിൽ പണം കരുതേണ്ട. വിശക്കുന്നുണ്ടെങ്കിൽ ആർക്കും ഇവിടേക്കു കയറിവരാം. പണമുണ്ടോയെന്ന് ആരും അന്വേഷിക്കില്ല. പണം വാങ്ങാൻ ക്യാഷ്യറോ കൗണ്ടറോ ഇല്ല. പണം നൽകിയാൽ സന്തോഷത്തോടെ സ്വീകരിക്കും. അത് സംഭാവനപ്പെട്ടിയിൽ നിക്ഷേപിക്കാം, എന്നാൽ ഇതിനു പ്രാപ്തിയില്ലാത്തവർക്ക് സൗജന്യമായി വിശപ്പടക്കി സ്‌നേഹം പകരുകയും ചെയ്യാം. ഇത് അഞ്ചപ്പം ഭോജനശാല. നമ്മൾ ഭക്ഷണം കഴിക്കുന്നതോടൊപ്പം വേറൊരാൾക്കു കൂടി അതിനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഇതിന്റെ പ്രവർത്തന മാതൃക.

ഈ ഹോട്ടലില്‍ ക്യാഷ് കൗണ്ടറില്ല; പണമില്ലെങ്കിലും ഭക്ഷണം കഴിക്കാം

തിരുവനന്തപുരം: ഈ ഭക്ഷണശാലയിൽ നിന്നു ഭക്ഷണം കഴിക്കാന്‍ കൈയിൽ പണം കരുതേണ്ട. വിശക്കുന്നുണ്ടെങ്കിൽ ആർക്കും ഇവിടേക്കു കയറിവരാം. പണമുണ്ടോയെന്ന് ആരും അന്വേഷിക്കില്ല. പണം വാങ്ങാൻ ക്യാഷ്യറോ കൗണ്ടറോ ഇല്ല. പണം നൽകിയാൽ സന്തോഷത്തോടെ സ്വീകരിക്കും. അത് സംഭാവനപ്പെട്ടിയിൽ നിക്ഷേപിക്കാം, എന്നാൽ ഇതിനു പ്രാപ്തിയില്ലാത്തവർക്ക് സൗജന്യമായി വിശപ്പടക്കി സ്‌നേഹം പകരുകയും ചെയ്യാം. ഇത് അഞ്ചപ്പം ഭോജനശാല. നമ്മൾ ഭക്ഷണം കഴിക്കുന്നതോടൊപ്പം വേറൊരാൾക്കു കൂടി അതിനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഇതിന്റെ പ്രവർത്തന മാതൃക.

'അന്നവും അക്ഷരവും ആദരവോടെ' എന്ന ആപ്തവാക്യവുമായി, പണമില്ലാത്തതിന്റെ പേരിൽ വിശക്കുന്നവന്റെ അവകാശമായ ഭക്ഷണം നിഷേധിക്കപ്പെടരുത് എന്ന ആശയത്തിൽ ഫാ. ബോബി ജോസ് കട്ടിക്കാട് രക്ഷാധികാരിയായിട്ടുള്ള ട്രസ്റ്റിന്റെ ഭക്ഷണശാലയായ 'അഞ്ചപ്പം' തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും ഉടൻ പ്രവർത്തനമാരംഭിക്കും. അഞ്ചപ്പത്തിന്റെ ആറാമത് ഭക്ഷണശാലയാണ് അനന്തപുരിയിൽ തുറക്കുന്നത്.

കോഴഞ്ചേരി,ചങ്ങനാശ്ശേരി,കുറുവിലങ്ങാട്,റാന്നി എന്നിവിടങ്ങളിലെല്ലാം നിലവിൽ അഞ്ചപ്പത്തിന് ശാഖകളുണ്ട്. ഇവിടെ അന്നം മാത്രമല്ല വിളമ്പുന്നത്. അന്നത്തിനൊപ്പം അക്ഷരവും വിളമ്പുന്നു. രണ്ടും ആദരവോടെ. പണത്തിന്റെ ഇല്ലായ്മ മൂലം അവഗണിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്യുന്ന സഹോദരങ്ങൾക്കായി കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകുന്ന ഭക്ഷണശാലയായിട്ടാണ് അഞ്ചപ്പം എന്ന പേരിട്ടിരിക്കുന്ന സംരംഭം ആരംഭിച്ചിരിക്കുന്നത്. ഫാ. ബോബി ജോസ് കട്ടിക്കാട് വിഭാവനം ചെയ്തതും വിവിധജീവിത മേഖലകളിൽ വ്യാപരിക്കുന്ന കുറെ സഹോദരങ്ങൾ ഒത്തൊരുമിച്ച് ഒരു പൊതുസ്വപ്‌നമായി വികസിപ്പിച്ചെടുത്തതുമായ ഒരാശയം. മെച്ചപ്പെട്ട പരിസരങ്ങളിൽ ആരോഗ്യകരമായ ഭക്ഷണം ചുരുങ്ങിയ ചെലവിൽ അർഹിക്കുന്നവർക്ക് സ്‌നേഹപൂർവം വിളമ്പുകയാണ് ഇവിടെ. വിശക്കുന്ന മനുഷ്യന് തന്റെ ആവശ്യത്തിനുള്ള ഭക്ഷണം വിലപേശാതെ വാങ്ങികഴിക്കാനൊരിടം. അതാണ് അഞ്ചപ്പം. ഇവിടെ കാഷ് കൗണ്ടറോ ബില്ലുമായി വരുന്ന സപ്ലൈയറോ ഇല്ല.

അടുക്കള, അവിയൽ, അർച്ചന, അപ്പക്കൂട്ട്, അക്ഷരക്കൂട്ട് എന്നീ കൂട്ടായ്മകളിലൂടെയാണ് അഞ്ചപ്പം എന്ന ആശയം പ്രാവർത്തികമാകുന്നത്. ഭക്ഷണം പാചകം ചെയ്യാനും ഭക്ഷണം എന്തെക്കെയെന്നു തീരുമാനിക്കുകയും ചെയ്യുന്ന ആളുകളുടെ കൂട്ടായ്മയുടെ പേരാണ് അടുക്കള. യാതൊരു പ്രതിഫലവും പറ്റാതെ സേവന സന്നദ്ധരായി എത്തുന്നവരാണ് ഈ കൂട്ടായ്മയിലുള്ളത്. അർച്ചന എന്നത് മറ്റൊരു കൂട്ടായ്മയാണ്. അഞ്ചപ്പത്തിലെ വോളണ്ടിയേഴ്‌സിന്റെ കൂട്ടായ്മയാണിത്. പാവങ്ങളെ സേവിക്കുന്നതാണ് യഥാർഥമായ അർച്ചനയെന്നാണ് ഈ കൂട്ടായ്മയിലൂടെ ഉദ്ദേശിക്കുന്നത്. ഭക്ഷണം വിളമ്പുകയും അടുക്കളയിൽ സഹായിക്കുകയുമാണ് ഈ കൂട്ടായ്മ ചെയ്യുന്നത് കൊച്ചുകുട്ടികൾ മുതൽ മുതിർന്നവർ വരെ അർച്ചന ഗ്രൂപ്പിൽ അംഗങ്ങളാണ്. അപ്പക്കൂട്ട് സാമ്പത്തിക സഹായം സ്വരൂപിക്കുന്നവരുടെയും അക്ഷരക്കൂട്ട് ഈ സ്ഥാപനത്തിലേക്ക് പുസ്തകങ്ങൾ ശേഖരിക്കുകയും അവ ഒരു വായനാശാലയായി രൂപപ്പെടുത്തുന്നവരുടെയും കൂട്ടായ്മയാണ്. തിരുവനന്തപുരത്ത് അഞ്ചപ്പത്തിന്റെ ശാഖ തുറക്കുന്നതുമായി ബന്ധപ്പെട്ട് സന്നദ്ധപ്രവർത്തകരുടെ യോഗം കഴിഞ്ഞ ദിവസം ചേർന്നു.