ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പേരു മാറ്റണമെന്ന് ആവശ്യം; മോദിക്ക് കത്ത്

യു.എസിലെ സിഖ് സംഘടനകളാണ് ആവശ്യവുമായി രംഗത്തെത്തിയത്

ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിന്റെ പേരു മാറ്റണമെന്ന് ആവശ്യം; മോദിക്ക് കത്ത്

ഹൂസ്റ്റണ്‍: ഡല്‍ഹിയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പേരിലുള്ള വിമാനത്താവളത്തിന്റെ പേരു മാറ്റണമെന്ന് ആവശ്യം. യു.എസിലെ സിഖ് സംഘടനകളാണ് ആവശ്യവുമായി രംഗത്തെത്തിയത്. ഹൂസ്റ്റണ്‍ സന്ദര്‍ശന വേളയില്‍ സംഘടനകള്‍ ഇതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിവേദനം നല്‍കി.

ഇന്ദിരാഗാന്ധി വധത്തിന് ശേഷമുണ്ടായ 1984ലെ സിഖ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട കേസുകളില്‍ കൂടുതല്‍ ഇടപെടണം. ഡല്‍ഹിയിലെ ഇന്ദിഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് ഗുരുനാനാക് ദേവ് അന്താരാഷ്ട്ര വിമാനത്താവളം എന്നാക്കണം- നിവേദനത്തില്‍ അവര്‍ ആവശ്യപ്പെട്ടു.

സിഖ് സമുദായത്തിന്റെ ക്ഷേമത്തിനായി പ്രധാനമന്ത്രി കൈക്കൊണ്ട നടപടികള്‍ക്ക് നന്ദിയുണ്ടെന്ന് സംഘടനയുടെ കാലിഫോര്‍ണിയ സിറ്റിങ് കമ്മിഷണര്‍ അവിന്ദര്‍ ചാവ്‌ല പറഞ്ഞു. ഹൂസ്റ്റണിലെ ഹൗഡി മോഡി പരിപാടിയിലേക്ക് യു.എസ് പ്രസിഡണ്ട് വരുന്നത് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ പ്രാധാന്യമാണ് കാണിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

>ഇന്ദിരാഗാന്ധി വിമാനത്താവളം

രണ്ടാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷുകാര്‍ സൈനികാവശ്യത്തിനായി നിര്‍മിച്ച പാലം വിമാനത്താവളമാണ് ഇന്ദിരയുടെ മരണശേഷം 1986 മെയ് രണ്ടിന് അവരുടെ പേരില്‍ അറിയപ്പെട്ടത്. യാത്രക്കാരുടെ എണ്ണത്തില്‍ ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ രണ്ടാമത്തെ വിമാനത്താവളമാണിത്. നേരത്തെ ഇന്ത്യന്‍ വ്യോമസേനയുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന വിമാനത്താവളം ഇപ്പോള്‍ ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് എന്ന കമ്പനിയാണ് നടത്തുന്നത്.

Read More >>