അയാളാണെന്ന് അറിയുമായിരുന്നെങ്കില്‍ പോകില്ലായിരുന്നു; ഡോവലിന്റെ ഭക്ഷണ വീഡിയോ വിവാദത്തില്‍

ആരുമായാണ് സംസാരിക്കുന്നത് എന്ന് അതുവരെ നിശ്ചയമുണ്ടായിരുന്നില്ല. അദ്ദേഹത്തിനു മുമ്പില്‍ ജാഗരൂകരായി നില്‍കുന്ന ഡി.ജി.പിയെയും എസ്.പിയെയും കണ്ടപ്പോള്‍ സംസാരിക്കുന്നയാള്‍ സുരക്ഷാ ഉദ്യോഗസ്ഥനല്ല എന്ന് എനിക്ക് മനസ്സിലായി.

അയാളാണെന്ന് അറിയുമായിരുന്നെങ്കില്‍ പോകില്ലായിരുന്നു; ഡോവലിന്റെ ഭക്ഷണ വീഡിയോ വിവാദത്തില്‍

ശ്രീനഗര്‍: കശ്മീരില്‍ സ്ഥിതിഗതികള്‍ ശാന്തമാണ് എന്നു തെളിയിക്കാനായി സര്‍ക്കാര്‍ പുറത്തുവിട്ട ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ വീഡിയോ വിവാദത്തില്‍. സംസ്ഥാനത്തിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെയാണ് ഷോപ്പിയാനില്‍ കശ്മീരികളോട് കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുന്ന ഡോവലിന്റെ വീഡിയോ പുറത്തുവന്നിരുന്നത്. ആരുമായാണ് തങ്ങള്‍ സംസാരിക്കുന്നത് എന്ന് അറിയില്ലായിരുന്നു എന്നാണ് വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടവര്‍ പറയുന്നത്.

വീഡിയോയില്‍ പ്രത്യക്ഷപ്പെട്ട മുഹമ്മദ് മന്‍സൂര്‍ മേ്രഗ എന്ന സാമൂഹിക പ്രവര്‍ത്തകനെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാദ്ധ്യമമായ ഹഫ്‌പോസ്റ്റാണ് വീഡിയോക്കു പിന്നിലെ 'കളി' റിപ്പോര്‍ട്ട് ചെയ്തത്. 'ഞാന്‍ അദ്ദേഹത്തെ (ഡോവലിനെ) ജീവിതത്തില്‍ മുമ്പ് കണ്ടിട്ടില്ല. ഡി.ജി.പി സാഹബിന്റെ പ്രൈവറ്റ് സെക്രട്ടറിയാകും എന്നാണ് കരുതിയത്' - മന്‍സൂര്‍ പറഞ്ഞു. വീഡിയോ വൈറലായതിന് ശേഷം താനും കുടംബവും ഭയപ്പാടോടെയാണ് കഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

' ഓഗസ്റ്റ് ഏഴിന് വീട്ടില്‍ ളുഹ്ര്‍ (ഉച്ച) നമസ്‌കാരത്തിനായി തയ്യാറെടുക്കുകയായിരുന്നു ഞാന്‍. ആ സമയത്താണ് സി.ആര്‍.പി.എഫുകാര്‍ക്കൊപ്പം കുറച്ച് പൊലീസുകാര്‍ വീട്ടില്‍ വരുന്നത്. അവര്‍ ഷോപ്പിയാനിലെ പൊലീസ് സ്റ്റേഷനിലേക്ക് വരാന്‍ പറഞ്ഞു. ഡി.ജി.പി സാഹിബ സര്‍ക്കാര്‍ പ്രതിനിധി ആയതിനാലും ഞാനൊരു സാമൂഹിക പ്രവര്‍ത്തകനായതിനാലും പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ തീരുമാനിച്ചു. അവര്‍ വന്ന മോട്ടോര്‍ സൈക്കിളിനൊപ്പമാണ് സ്റ്റേഷനിലേക്ക് പോയത്. പൊലീസുകാരുമായും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായും എനിക്കുള്ള അടുപ്പം കൊണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ ആരെയെങ്കിലും പിടിച്ചാല്‍ ജനം എന്നെ കാണാറുണ്ടായിരുന്നു. അവര്‍ക്കെന്നെ വിശ്വാസമാണ്' - അദ്ദേഹം പറഞ്ഞു.

' സ്റ്റേഷനിലെത്തിയപ്പോള്‍ ഔഖാഫില്‍ നിന്നുള്ള (മസ്ജിദ് ഭരണകര്‍ത്താക്കള്‍) അഞ്ചാറു പേരെ അവിടെ കണ്ടു. അഞ്ചു പത്ത് മിനിറ്റ് കഴിയവെ ഞാന്‍ അവരോട് (പൊലീസ്) ചോദിച്ചു. ഏതു ജയിലിലാണ് എന്നെ ഇടുന്നത്. ഇവിടെയോ തിഹാര്‍ ജയിലിലോ?' - ഹഫ്‌റിപ്പോര്‍ട്ട് പറയുന്നു.

പിന്നീട് മന്‍സൂര്‍ സ്റ്റേഷനില്‍ നിന്നു പോയി ഉച്ച ഭക്ഷണം കഴിച്ചു തിരിച്ചുവന്നു. അവിടെ നിന്നിരുന്നവരോട് വീട്ടില്‍ പോയി പിന്നീട് തിരിച്ചുവരാനും ആവശ്യപ്പെട്ടു.

'പൊലീസ് സ്റ്റേഷനില്‍ നിന്ന് പോകാന്‍ ഒരുങ്ങുമ്പോഴാണ്, ഒരു ആംബുലന്‍സിനൊപ്പം പൊലീസ് വാഹനം സ്റ്റേഷനിലെത്തയത്. ഞങ്ങളെ ആംബുലന്‍സില്‍ കയറ്റി. ഷോപിയാനിലെ ശ്രീനഗര്‍ ബസ് സ്റ്റോപില്‍ നിന്ന് കാലികളെ പോലെയാണ് അതില്‍ കയറ്റിയത്. അവിടെയെത്തിയപ്പോള്‍ ആ പ്രദേശം മുഴുവന്‍ പൊലീസ് വാഹനങ്ങളും സൈന്യവുമായിരുന്നു' - റിപ്പോര്‍ട്ട് പറയുന്നു.

ഷോപിയാന്‍ എസ്.പി സന്ദീപ് ചൗധരി ആംബുലന്‍സില്‍ നനിന്ന് പുറത്തിറങ്ങിയ അവരെ സ്വീകരിച്ചു. പിന്നീടായിരുന്നു ഡി.ജി.പിയുമായുള്ള കൂടിക്കാഴ്ച. ഈ കൂടിക്കാഴ്ചയില്‍ 72 മണിക്കൂറിലേറെയായി ജനം വീടുകളില്‍ തടങ്കലില്‍ കഴിയുന്നതിനെ കുറിച്ച് ഡി.ജി.പിയെ അദ്ദേഹം ബോദ്ധ്യപ്പെടുത്തി.

' ഞാന്‍ സാഹചര്യങ്ങള്‍ വിശദീകരിച്ചപ്പോള്‍ ഡി.ജി.പി സാഹിബ് ഒരു ജാക്കറ്റ് ധരിച്ചയാളെ കാണിച്ചു തന്നു. അദ്ദേഹവുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടു. ഞാന്‍ അദ്ദേഹത്തെ (ഡോവല്‍) ജീവിതത്തില്‍ അതിനു മുമ്പ് കണ്ടിട്ടുണ്ടായിരുന്നില്ല. ഡി.ജി.പിയുടെ സുരക്ഷാ ഉദ്യോഗസ്ഥനാണ് എന്നാണ് ഞാന്‍ ധരിച്ചത്' - അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതായി ഡോവല്‍ അദ്ദേഹത്തോട് പറഞ്ഞു. മന്‍സൂര്‍ അതോട് പ്രതികരിച്ചില്ല. ഇതിന്റെ ഗുണം ജനത്തിനുണ്ടാകുമെന്നും ദൈവം എല്ലാം ശരിയാക്കുമെന്നും ഡോവല്‍ കൂട്ടിച്ചേര്‍ത്തു. ഇന്‍ഷാ അല്ലാഹ് എന്നായിരുന്നു ഇതോട് മന്‍സൂറിന്റെ മറുപടി. വികസനം, യുവാക്കള്‍ക്ക് തൊഴില്‍, മറ്റു ഗുണങ്ങള്‍ എന്നിവയെ കുറിച്ചെല്ലാം അദ്ദേഹം സംസാരിച്ചു. പത്തു മിനിറ്റോളം ഈ സംഭാഷണം നീണ്ടെന്ന് ഹഫ്‌പോസ്റ്റ് റിപ്പോര്‍ട്ടര്‍ സഫ്‌വത്ത് സര്‍ഗറിനോട് മന്‍സൂര്‍ വെളിപ്പെടുത്തി.

ആരുമായാണ് സംസാരിക്കുന്നത് എന്ന് അതുവരെ നിശ്ചയമുണ്ടായിരുന്നില്ല. ' അദ്ദേഹത്തിനു മുമ്പില്‍ ജാഗരൂകരായി നില്‍കുന്ന ഡി.ജി.പിയെയും എസ്.പിയെയും കണ്ടപ്പോള്‍ സംസാരിക്കുന്നയാള്‍ സുരക്ഷാ ഉദ്യോഗസ്ഥനല്ല എന്ന് എനിക്ക് മനസ്സിലായി. അപ്പോള്‍ മാത്രമാണ് അദ്ദേഹത്തോട് ചോദിച്ചത്: സര്‍, നിങ്ങള്‍? മോദിജിയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവാണ് താന്‍ എന്ന് അദ്ദേഹം എന്നോട് പറഞ്ഞു'

പിന്നീട് മന്‍സൂര്‍ സ്വയം പരിചയപ്പെടുത്തി. ജോലിയുടെ സ്വഭാവത്തെ കുറിച്ച് ചോദിച്ചു. സംസാരിച്ച ശേഷം ഒരു ചിത്രമെടുക്കാന്‍ ഡോവല്‍ അനുമതി ചോദിച്ചു

'അതൊരു കെണിയായിരുന്നു എന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഡോവലാണ് അതെന്ന് അറിഞ്ഞിരുന്നെങ്കില്‍, വലിച്ചിഴച്ചാലും ഞാന്‍ പോകില്ലായിരുന്നു' ' ഒരു സാമൂഹിക പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഡി.ജി.പി സാഹബിനെ കാണാനാണ് ഞാന്‍ പോയത്' - മന്‍സൂര്‍ വ്യക്തമാക്കി.

സംഭാഷണം അവസാനിച്ച ശേഷം ഡി.ജി.പി അവരെ ഉച്ചൂയണിന് ക്ഷണിച്ചു. ഡോവലുമായി സംസാരിക്കുന്നതിനിടെ ചില ഉദ്യോഗസ്ഥര്‍ ചോറ്റു പാത്രമെടുത്ത് എന്റെ കൈയില്‍ വയ്ക്കുകയായിരുന്നു. ചോറിന് പുറമേ, കറിയും ഒരു ഇറച്ചിക്കഷ്ണവുമുണ്ടായിരുന്നു. ബിരിയാണിയല്ല തിന്നത്. ഡോവല്‍ അതാസ്വദിച്ചു കഴിച്ചു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ വീഡിയോ പുറത്തുവന്നയുടന്‍, ദൃശ്യങ്ങളില്‍ കാണുന്നത് പണം കൊടുത്ത ഏജന്റുമാരാണെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാംനബി ആസാദ് ആരോപിച്ചിരുന്നു. ഇത് തന്റെ ജീവിതത്തെ അപകടപ്പെടുത്തിയെന്നും ഗുലാംനബിക്കെതിരെ കേസ് ഫയല്‍ ചെയ്യുമെന്നും മന്‍സൂര്‍ പറഞ്ഞു.

Read More >>