അബ്ദുല്ലക്കുട്ടിയെന്ന അത്ഭുതം

ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ മൂന്നു പ്രമുഖ പാര്‍ട്ടികളില്‍ അംഗമായി എന്നതിന്റെ പേരില്‍ അബ്ദുല്ലക്കുട്ടി ഗിന്നസിലോ ലിംകയിലോ കയറിക്കൂടുമോ എന്നൊന്നും അറിയില്ലെങ്കിലും ഉള്ളേടത്തോളം കാലം പാര്‍ട്ടിയുടെ വിനീത വിധേയനായിരിക്കുമെന്നുറപ്പാണ്.

അബ്ദുല്ലക്കുട്ടിയെന്ന അത്ഭുതം

ആരിഫ്

അഭിപ്രായം ഇരുമ്പുലക്കയൊന്നുമല്ല, സമ്മതിച്ചു. എന്നുവെച്ച് അത് വാഴപ്പിണ്ടിയുമല്ല. പുതിയ ദേശീയ മുസ്ലിം അവതാരം എ.പി അബ്ദുല്ലക്കുട്ടി അത്ഭുതക്കുട്ടിയാവുന്നത് വാഴപ്പിണ്ടിയേയും കടത്തിവെട്ടുന്ന ഏതോ വസ്തുകൊണ്ടാണ് തന്റെ വ്യക്തിത്വം പടച്ചുണ്ടാക്കിയത് എന്ന് തെളിയിച്ചുകൊണ്ടാണ്. ചെറുപ്പത്തില്‍ ഏതുനേരവും നിസ്‌കാരവും ദിക്റുമായി നടക്കുന്ന പള്ളിയവുള്ളയായിരുന്നു ഈ അത്ഭുത മനുഷ്യന്‍. എത്ര എളുപ്പത്തിലാണ് അദ്ദേഹം വിപ്ലവത്തിന്റെ രക്തനക്ഷത്രമായി മാറിയത്! കണ്ണൂര്‍ എസ്.എന്‍ കോളജില്‍ പഠിക്കുന്ന കാലത്ത് ആള്‍ എസ്.എഫ്.ഐ നേതാവ്. അങ്ങനെ കോഴിക്കോട് സര്‍വ്വകലാശാല യൂണിയന്‍ ചെയര്‍മാനായി. 1999 മുതല്‍ 1999 വരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അംഗമായി. അബ്ദുല്ലക്കുട്ടി അത്ഭുതക്കുട്ടിയായത് 1999ല്‍ മുപ്പത്തിരണ്ടാം വയസ്സില്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ കൈയില്‍ നിന്ന് കണ്ണൂര്‍ ലോക്സഭാ മണ്ഡലം പിടിച്ചെടുത്ത് അവിടെ ചുവപ്പു പതാക സ്ഥാപിച്ചതോടെയാണ്. 2004ല്‍ 14ാം പാര്‍ലമെന്റിലേക്ക് ജയിച്ച് വീണ്ടും എം.പിയായപ്പോള്‍ ആള്‍ ശരിക്കും അത്ഭുതക്കുട്ടി.

2009ല്‍ അത്ഭുതത്തിന്റെ ആവര്‍ത്തനം. ഗുജറാത്തിലെ മോദിമാജിക്കിനെ പ്രകീര്‍ത്തിച്ചുകൊണ്ട് അബ്ദുല്ലക്കുട്ടി രംഗത്ത് വന്നപ്പോള്‍ സകലമാന ജനങ്ങളും ഞെട്ടിയെങ്കിലും സി.പി.എം പുറമേയ്ക്ക് ഞെട്ടിയില്ല. അഴിമതിയാരോപണങ്ങളെത്തുടര്‍ന്നു അബ്ദുല്ലക്കുട്ടിയെ പുറത്താക്കാനിരിക്കുകയായിരുന്നുവത്രേ പാര്‍ട്ടി. ഏതായാലും രായ്ക്കുരാമാനം അബ്ദുല്ലക്കുട്ടി കോണ്‍ഗ്രസ്സിലെത്തി. മഹാത്മാഗാന്ധിയെ ആവോളം പ്രകീര്‍ത്തിച്ചുകൊണ്ടായിരുന്നു ഈ വരവ്. കെ. സുധാകരനായിരുന്നു പ്രസ്തുത ഓപ്പറേഷനു പിന്നിലെന്നാണ് ജനസംസാരം. ഏതായാലും കണ്ണൂരില്‍ നിന്ന് കോണ്‍ഗ്രസ് അദ്ദേഹത്തെ ജയിപ്പിച്ചു എം.എല്‍.എ ആക്കി. 'നിങ്ങളെന്നെ കോണ്‍ഗ്രസ്സാക്കി'എന്നൊരു പുസ്തകം എഴുതി തന്റെ കൂടുമാറ്റത്തിന് സൈദ്ധാന്തിക വ്യാഖ്യാനം ചമച്ചിട്ടുമുണ്ട് അബ്ദുല്ലക്കുട്ടി.

2016 തെരഞ്ഞെടുപ്പില്‍ വീണ്ടും അത്ഭുതം സംഭവിക്കുന്നു. അബ്ദുല്ലക്കുട്ടിക്ക് കണ്ണൂരില്‍ സീറ്റില്ല. തോല്ക്കുമെന്നുറപ്പുള്ള തലശ്ശേരിയായിരുന്നു അബ്ദുല്ലക്കുട്ടിക്ക് കൊടുത്ത സീറ്റ്. അബ്ദുല്ലക്കുട്ടി എതിര്‍ത്തില്ല. അപ്പോഴും നോട്ടം ലോക്സഭാ തെരഞ്ഞെടുപ്പിലൊരു സ്ഥാനാര്‍ത്ഥിത്വം ആയിരുന്നുവത്രേ. പക്ഷേ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അത്ഭുതക്കുട്ടി പുറത്ത്. എല്ലാം കൂടിയായപ്പോള്‍ കോണ്‍ഗ്രസ്സുകാര്‍ അപകടം മണത്തു എന്നാണ് നാട്ടുവാര്‍ത്ത. അബ്ദുല്ലക്കുട്ടി വീണ്ടും തന്റെ ആയുധം പുറത്തെടുത്തു. ഫെയ്സ് ബുക്കിലൊരു മോദിപ്രശംസ വികസന മാഹാത്മ്യ പ്രഘോഷണം. ഇത് കാത്തിരിക്കുകയായിരുന്നു തങ്ങള്‍ എന്ന മട്ടിലായിരുന്നു കോണ്‍ഗ്രസ്സിന്റെ നടപടി. പിന്നീട് സംഭവിച്ചതെല്ലാം ആളുകള്‍ പ്രതീക്ഷിച്ചപോലെതന്നെ. അബ്ദുല്ലക്കുട്ടി നരേന്ദ്രമോദിയുടേയും അമിത്ഷായുടേയും സന്നിധിയില്‍ ചെല്ലുകയും ജെ.പി നദ്ദയുടെ കൈയില്‍ നിന്ന് ബി.ജെ.പി അംഗത്വമെടുത്ത് ദേശീയ മുസ്ലിമാവുകയും ചെയ്തു. ആരതിയുഴിഞ്ഞ് ബി.ജെ.പിക്കാര്‍ അദ്ദേഹത്തെ എതിരേറ്റുകാണണം. പക്ഷേ ഒട്ടും അത്ഭുതം അതിലില്ലായിരുന്നു എന്നുമാത്രം.

ഇത്രയും ചുരുങ്ങിയ കാലത്തിനുള്ളില്‍ മൂന്നു പ്രമുഖ പാര്‍ട്ടികളില്‍ അംഗമായി എന്നതിന്റെ പേരില്‍ അബ്ദുല്ലക്കുട്ടി ഗിന്നസിലോ ലിംകയിലോ കയറിക്കൂടുമോ എന്നൊന്നും അറിയില്ലെങ്കിലും ഉള്ളേടത്തോളം കാലം പാര്‍ട്ടിയുടെ വിനീത വിധേയനായിരിക്കുമെന്നുറപ്പാണ്. അതാണ് കക്ഷിയുടെ രീതി. സി.പി.എമ്മിലുള്ള കാലത്ത് അടുത്ത ബന്ധുക്കളുടെ മയ്യത്ത് നമസ്‌ക്കാരം പോലും നിര്‍വ്വഹിക്കാത്തത്ര മതരഹിതനായിരുന്നു സഖാവ്. കോണ്‍ഗ്രസ്സിലായപ്പോള്‍ ചുവപ്പു നിറം കണ്ടാല്‍ കടുത്ത അലര്‍ജിയുള്ള ഗാന്ധിയന്‍. ബി.ജെ.പിയിലെത്തിയ അബ്ദുല്ലക്കുട്ടി ആര്‍.എസ്.എസിന്റെ കാക്കി ട്രൗസറണിഞ്ഞാലും കുളിച്ചു കുങ്കുമക്കുറി പൂശിയാലുമൊന്നും അത്ഭുതപ്പെടേണ്ടതില്ല. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ആള്‍ നടുക്കണ്ടം തിന്നും. ഭാര്യയ്‌ക്കൊപ്പം മംഗലാപുരത്തേക്ക് ചേക്കേറിയതിനാല്‍ മുസ്ലിം ന്യുനപക്ഷത്തെ ബി.ജെ.പിയോടടുപ്പിക്കുന്ന കരാര്‍പണി നടത്താന്‍ എളുപ്പമുണ്ട്. മംഗലാപുരം കാവിക്ക് വളക്കൂറുള്ള മണ്ണാണ്. മഞ്ചേശ്വരത്തൊരു കൈ നോക്കിയാലും അത്ഭുതപ്പെടേണ്ടതില്ല. അബ്ദുല്ലക്കുട്ടിയല്ലേ ആള്‍. എങ്ങനെയെറിഞ്ഞാലും നാലുകാലിലേ വീഴൂ.

രാഷ്ട്രീയത്തില്‍ ഇങ്ങനെ ചാടിച്ചാടി നടക്കുന്നത് സ്വന്തം ക്രെഡിബിലിറ്റിയെ ബാധിക്കുകയില്ലേ എന്ന് കരുതുന്ന ശുദ്ധാത്മാക്കളുണ്ട്. അതൊന്നും അബ്ദുല്ലക്കുട്ടിക്ക് വിഷയമല്ല. ഏതു വിവാദത്തേയും അതിജീവിക്കാനുള്ള ശേഷി അദ്ദേഹത്തിനുണ്ട്. സരിതാ വിവാദത്തില്‍ മുങ്ങിക്കുളിച്ചു നിന്നപ്പോള്‍ ആള്‍ കൂസിയിട്ടില്ല. മയ്യില്‍ ഏരിയാ കമ്മിറ്റി കണ്ണുരുട്ടിയപ്പോള്‍ പേടിച്ചിട്ടില്ല. പിന്നെയല്ലേ ഇപ്പോഴത്തെ ഈ ട്രോളുകള്‍.

Next Story
Read More >>