കാത്തിരുന്ന് കുടുംബങ്ങള്‍; കലാപത്തില്‍ മരിച്ചവരുടെ മൃതദേഹം വിട്ടുകൊടുക്കാതെ ആശുപത്രി അധികൃതര്‍

നാലായിരം രൂപ വരെ ആശുപത്രി അധികൃതര്‍ ചോദിക്കുന്നതായി ജാഫറാബാദില്‍ മരിച്ചയാളുടെ ബന്ധു റാഷിദ് ആരോപിച്ചു.

കാത്തിരുന്ന് കുടുംബങ്ങള്‍; കലാപത്തില്‍ മരിച്ചവരുടെ മൃതദേഹം വിട്ടുകൊടുക്കാതെ ആശുപത്രി അധികൃതര്‍

ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ വിട്ടു കൊടുക്കാതെ അധികൃതര്‍. നിരവധി കുടുംബങ്ങളാണ് ബന്ധുക്കളുടെ മൃതദേഹം വിട്ടുകിട്ടാനായി ഡല്‍ഹിയിലെ ജി.ടി.ബി ആശുപത്രിക്ക് മുമ്പില്‍ കാത്തുനില്‍ക്കുന്നത്. കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ പോസ്റ്റ് മോര്‍ട്ടം ചെയ്യുന്ന ആശുപത്രിയാണിത്.

ഇതില്‍ ചില ബന്ധുക്കള്‍ തിങ്കളാഴ്ച മുതല്‍ ആശുപത്രിയിലുണ്ട്. കലാപത്തില്‍ ആദ്യമരണം റിപ്പോര്‍ട്ട് ചെയ്യുന്നത് തിങ്കളാഴ്ചയാണ്. ഇതുവരെ 24 മരണമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

വെടിയുണ്ടകള്‍ ശരീരത്തില്‍ തറച്ചതിനാല്‍ ഓരോ പോസ്റ്റുമോര്‍ട്ടത്തിനും രണ്ടു മണിക്കൂറിലേറെ സമയമെടുക്കും എന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിശദീകരണം. ഇതുവരെ നാല് പോസ്റ്റ്‌മോര്‍ട്ടം നടന്നതായാണ് റിപ്പോര്‍ട്ട്.

നാലായിരം രൂപ വരെ ആശുപത്രി അധികൃതര്‍ ചോദിക്കുന്നതായി ജാഫറാബാദില്‍ മരിച്ചയാളുടെ ബന്ധു റാഷിദ് ആരോപിച്ചു. ഒരു മണിക്കൂര്‍, രണ്ടു മണിക്കൂര്‍ എന്നു പറഞ്ഞ് പോസ്റ്റ് മോര്‍ട്ടം നീട്ടിക്കൊണ്ടു പോകുകയാണ്. ഇതുവരെ ചെയ്തിട്ടില്ല. ഇപ്പോള്‍ നാലായിരം രൂപ അടക്കണമെന്ന് പറയുന്നു. എവിടെ നിന്ന് അടക്കനാണ്? - അദ്ദേഹം ചോദിച്ചു.

പരിക്കേറ്റവരെ ചികിത്സിക്കാന്‍ സ്വകാര്യ ആശുപത്രികള്‍ തയ്യാറാകുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ബാബു നഗറില്‍ താമസിക്കുന്ന സോളങ്കി എന്നയാളെ വെടിയേറ്റ നിലയില്‍ മൂന്ന് ആശുപത്രിയില്‍ കൊണ്ടു ചെന്നെങ്കിലും അവരൊന്നും അഡ്മിറ്റ് ചെയ്തില്ലെന്ന് സുഹൃത്തുക്കള്‍ ആരോപിക്കുന്നു.

Next Story
Read More >>