അയോദ്ധ്യ കേസില്‍ സുപ്രിംകോടതിയില്‍ അതിനാടകീയ രംഗങ്ങള്‍; ഹിന്ദു കക്ഷിയുടെ തെളിവ് കീറിയെറിഞ്ഞ് രാജീവ് ധവാന്‍

ധവാന് വികാസ് സിങ് കൈമാറിയ പുസ്തകത്തില്‍ രാമന്റെ ജന്മസ്ഥലം വിശദീകരിക്കുന്ന ഒരു ഭൂപടം അടങ്ങുന്ന പേജുകളാണ് ധവാന്‍ കീറിയെറിഞ്ഞത്

അയോദ്ധ്യ കേസില്‍ സുപ്രിംകോടതിയില്‍ അതിനാടകീയ രംഗങ്ങള്‍; ഹിന്ദു കക്ഷിയുടെ തെളിവ് കീറിയെറിഞ്ഞ് രാജീവ് ധവാന്‍

ന്യൂഡല്‍ഹി: അയോദ്ധ്യകേസ് വാദത്തിന്റെ അവസാന ദിനമായ ഇന്ന് സുപ്രിംകോടതിയില്‍ അതിനാടകീയ രംഗങ്ങള്‍. തങ്ങളുടെ വാദത്തിന് തെളിവായി ഹിന്ദു കക്ഷികള്‍ ഹാജരാക്കിയ ഭൂപടം മുസ്‌ലിം കക്ഷികള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍ കീറിയെറിഞ്ഞതാണ് നാടകീയ രംഗങ്ങള്‍ക്ക് വഴിയൊരുക്കിയത്.

വാദത്തിനിടെ തെളിവായി ഒരു പുസ്തകം സമര്‍പ്പിക്കാന്‍ അനുവദിക്കണമെന്ന് ഹിന്ദു മഹാസഭയ്ക്ക് വേണ്ടി ഹാജരാജയ വികാസ് സിങ് അഞ്ചംഗ ഭരണഘടനാ ബഞ്ചിനോട് അഭ്യര്‍ത്ഥിച്ചു. മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കിശോര്‍ കുനാല്‍ എഴുതിയ അയോദ്ധ്യ റീവിസിറ്റഡ് എന്ന പുസ്തകമാണ് വികാസ് സിങ് കൊണ്ടുവന്നിരുന്നത്. ഇത് പുതിയ പുസ്തകമാണ് എന്നും തെളിവായി സ്വീകരിക്കരുത് എന്നും ധവാന്‍ ആവശ്യപ്പെട്ടു.

ധവാന് വികാസ് സിങ് കൈമാറിയ പുസ്തകത്തില്‍ രാമന്റെ ജന്മസ്ഥലം വിശദീകരിക്കുന്ന ഒരു ഭൂപടം അടങ്ങുന്ന പേജുകളാണ് ധവാന്‍ കീറിയെറിഞ്ഞത്.

ഈ വേളയില്‍ ഇടപെട്ട ചീഫ് ജസ്റ്റിസ് 'ഇത്തരത്തിലാണ് വാദങ്ങള്‍ മുന്നോട്ടു പോകുന്നത് എങ്കില്‍ ഇവിടെ നിന്ന് എണീറ്റു പോകേണ്ടി വരും' എന്ന് മുന്നറിയിപ്പ് നല്‍കി.

വാദത്തിന് ഇനി കൂടുതല്‍ സമയം നല്‍കാനാകില്ലെന്നും ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് വ്യക്തമാക്കി.

'കഴിഞ്ഞതു കഴിഞ്ഞു' എന്നായിരുന്നു ചീഫ് ജസ്റ്റിസ് പറഞ്ഞത്.

അതിനിടെ, ഹിന്ദു മഹാസഭ നല്‍കിയ ഹര്‍ജി സുപ്രിം കോടതി തള്ളി. കേസില്‍ കോടതി ഇടപെടുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് തള്ളിയത്. അനുവദിച്ച സമയത്തിനുള്ളില്‍ ഹര്‍ജി നല്‍കാത്തതിനാലാണു നടപടി.

ഇന്നു വൈകീട്ട് അഞ്ചുമണിയോടെ കേസിന്റെ വാദം തീരും. കേസില്‍ മധ്യസ്ഥത്തിനായി നിയോഗിച്ച സമിതി ഉച്ചയ്ക്കു ശേഷം റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രഞ്ജന്‍ ഗോഗോയ് ചീഫ് ജസ്റ്റിസ് സ്ഥാനത്തു നിന്നു പടിയിറങ്ങുന്ന നവംബര്‍ 17നു മുന്‍പായി കേസില്‍ വിധിപ്രഖ്യാപനമുണ്ടാകുമെന്നാണു പ്രതീക്ഷിക്കുന്നത്. തുടര്‍ച്ചയായി 40-ാം ദിവസമാണിന്ന് കേസില്‍ വാദം നടക്കുന്നത്.

കേസില്‍ വിധിപ്രഖ്യാപിക്കുന്ന പശ്ചതലത്തില്‍ ഡിസംബര്‍ 10 അയോധ്യ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്.

ജില്ലയിലേക്കു വ്യോമമാര്‍ഗം അനുവാദമില്ലാതെ പ്രവേശിക്കുന്നതും ബോട്ടുകള്‍ പ്രവേശിക്കുന്നതും വിലക്കിയിട്ടുണ്ട്. പടക്ക വില്‍പ്പനയും നിരോധിച്ചിട്ടുണ്ട്. അയോധ്യയുടെ സുരക്ഷ കണക്കിലെടുത്താണ് നിയന്ത്രണങ്ങളെന്ന് ജില്ലാ മജിസ്ട്രേറ്റ് അനുജ് കെ ഝാ അറിയിച്ചിരിക്കുന്നത്.

സുന്നി വഖഫ് ബോര്‍ഡിന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രാജീവ് ധവാന്‍, ഹിന്ദു കക്ഷിയായ രാം ലല്ല വിര്‍ജ്മാന് വേണ്ടി മുന്‍ സോളിസിറ്റര്‍ ജനറള്‍ കെ. പരാശരന്‍, നിര്‍മോഹി അഖാഡയ്ക്ക് വേണ്ടി സുശീല്‍ ജെയ്ന്‍, കേന്ദ്രസര്‍ക്കാറിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത എന്നിവരാണ് കോടതിയില്‍ അവരവരുടെ വാദം ഉന്നയിച്ചത്.

അയോദ്ധ്യയിലെ 2.77 ഏക്കര്‍ വരുന്ന ഭൂമി സുന്നിവഖ്ഫ് ബോര്‍ഡ്, രാം ലല്ല, നിര്‍മഹോ അഖാഡ എന്നിവയ്ക്കു തുല്യമായി വീതിച്ച 2010ലെ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ 14 ഹര്‍ജികളാണ് സുപ്രീംകോടതിയില്‍ ഉള്ളത്. 1992 ഡിസംബര്‍ ആറിനാണ് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ നിര്‍മിച്ച മസ്ജിദ് തീവ്രഹിന്ദുത്വവാദികള്‍ തകര്‍ത്തത്.

രാമന്റെ ജന്മസ്ഥലത്താണ് പള്ളി നില്‍ക്കുന്നത് എന്നാണ് തീവ്രവലതുപക്ഷ വിഭാഗം പറയുന്നത്. ബാബരി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ രാജ്യത്തുടനീളം വലിയ കലാപങ്ങള്‍ ഉണ്ടായിരുന്നു.

Read More >>