പല വൈദ്യന്മാരോടും സര്‍ട്ടിഫിക്കറ്റ് കാണിക്കട്ടെ എന്നു പറഞ്ഞാല്‍ നടന്നെന്നു വരില്ലെന്നും അത്തരക്കാരുടെ അടുത്തു നിന്ന് എത്രയാളുകളാണ് ചികിത്സിച്ചു ഭേദമായിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി

സര്‍ട്ടിഫിക്കറ്റില്ലാത്ത പാരമ്പര്യ ചികിത്സകരെ പിന്തുണച്ച മുഖ്യമന്ത്രിയ്‌ക്കെതിരേ അലോപ്പതിക്കാര്‍

Published On: 13 Jan 2019 10:46 AM GMT
സര്‍ട്ടിഫിക്കറ്റില്ലാത്ത പാരമ്പര്യ ചികിത്സകരെ പിന്തുണച്ച മുഖ്യമന്ത്രിയ്‌ക്കെതിരേ അലോപ്പതിക്കാര്‍

ചികിത്സിക്കാന്‍ സര്‍ട്ടിഫിക്കറ്റ് വേണോ വേണ്ടയോ എന്നത് ലളിതമായ ചോദ്യമായി തോന്നാം. വ്യാജഡോക്ടര്‍മാരെ മനസ്സില്‍ വച്ച് ആ ചോദ്യത്തിന് ഉത്തരം പറയുന്നതും എളുപ്പമാണ്. പക്ഷേ, നാട്ടിലെ പാരമ്പര്യ ഉഴിച്ചിലുകാരെയും പാരമ്പര്യ ചികിത്സകരെയും നോക്കി ആ ചോദ്യത്തിന് ആത്മവിശ്വാസത്തോടെ ഉത്തരം പറയുക പ്രയാസം. ആ പ്രയാസം അനുഭവിച്ചതുകൊണ്ടായിരിക്കണം സര്‍ട്ടിഫിക്കറ്റില്ലാത്തവരെല്ലാം ചികിത്സിക്കാന്‍ അയോഗ്യരല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. തൃശൂരില്‍ കേരള ഇന്‍സ്്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ ആന്‍ഡ് റിസര്‍ച്ച് ആശുപത്രി, ഔഷധി പഞ്ചകര്‍മ്മ ആന്റ് റിസര്‍ച്ച് ആശുപത്രി എന്നിവയുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

അതദ്ദേഹം വെറുതേ പറയുക മാത്രമല്ല, അലോപ്പതി ചികിത്സയില്‍ ശസ്ത്രക്രിയ നിര്‍ദ്ദേശിക്കപ്പെട്ട ഒരു കുട്ടിയുടെ ഡിസ്‌ക് തകരാര്് വൈദ്യന്മാര്‍ ഉഴിഞ്ഞു ശരിയാക്കിയ സംഭവവും ഉദാഹരണമായി നിരത്തി. പല വൈദ്യന്മാരോടും സര്‍ട്ടിഫിക്കറ്റ് കാണിക്കട്ടെ എന്നു പറഞ്ഞാല്‍ നടന്നെന്നു വരില്ലെന്നും അത്തരക്കാരുടെ അടുത്തു നിന്ന് എത്രയാളുകളാണ് ചികിത്സിച്ചു ഭേദമായിട്ടുള്ളതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

നിര്‍ദ്ദേശമായ ഈ പ്രസംഗം പക്ഷേ, പുലിപാലു പിടിച്ചിരിക്കുന്നു. മുഖ്യമന്ത്രിയുടെ പ്രസംഗം സുപ്രിംകോടതി വിധിയുടെ ലംഘനമാണെന്നാണ് ചില അലോപ്പതി ഡോക്ടര്‍മാര്‍ വിമര്‍ശിക്കുന്നത്. അവരതിന് തെളിവും നല്‍കുന്നു. വൈദ്യം പരമ്പരയാ അനുഷ്ഠിച്ചുവരുന്ന കേരള ആയുര്‍വേദ പാരമ്പര്യ വൈദ്യ ഫോറവും കേരള സര്‍ക്കാരും തമ്മില്‍ നടന്ന ഒരു കേസിന്റെ വിശദാംശങ്ങളാണ് ഹാജരാക്കിയിരിക്കുന്നത്. നിയമപരമായ രീതിയിലുള്ള യോഗ്യതകളില്ലാത്തതും എന്നാല്‍ പാരമ്പര്യമായി സിദ്ധമായ പരിശീനം ലഭിച്ചവരുമായ വൈദ്യന്മാരെ പാരമ്പര്യ വൈദ്യരെന്ന പേരില്‍ ചികിത്സകരായി അംഗീകരിക്കണമോ എന്നതായിരുന്നു ഹൈക്കോടതിയുടെ മുന്നിലുണ്ടായിരുന്ന ചോദ്യം. ഹൈക്കോടതി ഇതില്‍ വൈദ്യന്മാര്‍ക്ക് എതിരായി വിധിച്ചു. ഈ വിധിയ്‌ക്കെതിരേ അപ്പീലിനു പോയ പാരമ്പര്യ വൈദ്യന്മാരെ നിരാശപ്പെടുത്തിക്കൊണ്ട് ഏപ്രില്‍ 13, 2018 ല്‍ സുപ്രിം കോടതിയും ഹൈക്കോടതി വിധി ശരിവച്ചു.

ഈ വിധിയാണ് ഇപ്പോള്‍ പിണറായിക്കെതിരേ വിമര്‍ശര്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.

സ്വകാര്യ കമ്പനികളുടെ ഉല്‍പ്പന്നങ്ങള്‍ ഏറ്റടുത്ത് വിറ്റഴിക്കാന്‍ സഹായിക്കുന്ന കരാര്‍ ഉണ്ടാക്കിയ ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിനെതിരേ പോരാട്ടത്തിനിറങ്ങി വിജയം വരിച്ച പയ്യന്നൂരിലെ നേത്രരോഗവിദഗ്ധനായ ഡോ. കെ വി ബാബുവാണ് മുഖ്യമന്ത്രിയുടെ നിലപാടിലെ നിയമവിരുദ്ധത ചൂണ്ടിക്കാട്ടിയത്.
Baburaj Bhagavathy

Baburaj Bhagavathy

മാദ്ധ്യമപ്രവര്‍ത്തകന്‍ @ തത്സമയം ഓണ്‍ലൈന്‍


Top Stories
Share it
Top