നെഹ്‌റു സ്ത്രീലമ്പടന്‍, ആ കുടുംബം മൊത്തം അങ്ങനെ- വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്

ഇന്ത്യ സുരക്ഷിതമല്ല എന്നു പറയുന്നവരെ ബോംബെറിയുമെന്ന് ഭീഷണിപ്പെടുത്തണം എന്ന പരാമര്‍ശവും ഇദ്ദേഹം നടത്തിയിട്ടുണ്ട്

നെഹ്‌റു സ്ത്രീലമ്പടന്‍, ആ കുടുംബം മൊത്തം അങ്ങനെ- വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്

മുസഫര്‍നഗര്‍: നെഹ്‌റു കുടുംബത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തി യു.പി ബി.ജെ.പി എം.എല്‍.എ. നെഹ്‌റു കുടുംബം മുഴുവന്‍ സ്ത്രീലമ്പടരാണ് എന്നാണ് കതൗലിയില്‍ നിന്നുള്ള എം.എല്‍.എ വിക്രം സിങ് സെയ്‌നി പറഞ്ഞത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് മുസഫര്‍നഗറില്‍ നടന്ന ചടങ്ങിലാണ് എം.എല്‍.എയുടെ വിവാദപരാമര്‍ശം.

'നെഹ്‌റു അയ്യാഷ് ഥാ' (നെഹ്‌റു കാമഭ്രാന്തനായിരുന്നു) എന്നായിരുന്നു ഹിന്ദിയില്‍ അദ്ദേഹം പറഞ്ഞത്. 'ആ കുടുംബം മിഴുവന്‍ അയ്യാഷ് ആയിരുന്നു. രാജീവ് (ഗാന്ധി) ഇറ്റലിയില്‍ നിന്നാണ് വിവാഹം കഴിച്ചത്'-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഭവത്തെ കുറിച്ച് പ്രതികരണം ആരാഞ്ഞ ചാനല്‍ മാദ്ധ്യമപ്രവര്‍ത്തകരോട് നെഹ്‌റുവിനെ കുറിച്ച് പുസ്തകങ്ങളിലും മാഗസിനുകളിലും വായിച്ചറിഞ്ഞ കാര്യങ്ങള്‍ പറയുകയായിരുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.

'അദ്ദേഹം വര്‍ണശബളമായ പെരുമാറ്റത്തിന് ഉടമയായിരുന്നു. ഇംഗ്ലീഷ് സ്ത്രീയുമായി അദ്ദേഹത്തിന് ബന്ധമുണ്ടായിരുന്നു. നെഹ്‌റുവിനെ കുറിച്ചുള്ള സത്യത്തെ രാജ്യം അഭിമുഖീകരിച്ചേ തീരൂ- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജമ്മു കശമീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതില്‍ നേരത്തെ സെയ്‌നി നടത്തിയ പരാമര്‍ശവും വിവാദമായിരുന്നു. കശ്മീരി സുന്ദരികളെ ഇനി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ഉള്ളവര്‍ക്കും കല്യാണം കഴിക്കാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഹിന്ദുക്കള്‍ കൂടുതല്‍ കുട്ടികളെ ഉണ്ടാക്കണം, ഇന്ത്യ സുരക്ഷിതമല്ല എന്നു പറയുന്നവരെ ബോംബെറിയുമെന്ന് ഭീഷണിപ്പെടുത്തണം തുടങ്ങിയ വിവാദ പരാമര്‍ശങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്.

മുസഫര്‍ നഗര്‍ കലാപത്തില്‍ ആരോപണ വിധേയരില്‍ ഒരാളാണ് സെയ്‌നി.

Read More >>