പ്ലീസ് ബ്ലാസ്റ്റേഴ്സ്, ഇന്നെങ്കിലും ജയിക്കണം- മാര്‍ക്വസ് ആദ്യ ഇലവനില്‍

ആര്‍ക്വെസ് കഴിഞ്ഞ ദിവസം പരിശീലനത്തിന് ഇറങ്ങിയെന്നാണ് റിപ്പോര്‍ട്ട്.

പ്ലീസ് ബ്ലാസ്റ്റേഴ്സ്, ഇന്നെങ്കിലും ജയിക്കണം- മാര്‍ക്വസ് ആദ്യ ഇലവനില്‍

കൊച്ചി: പ്ലീസ് ഒരു ജയം, അതു മാത്രമാണ് കോച്ച് എല്‍കോ ഷട്ടോറിയോടും കളിക്കാരോടും കേരളത്തിന്റെ ആരാധകര്‍ക്ക് പറയാനുള്ളത്. ഇടേവളയ്ക്ക് ശേഷം സ്വന്തം തട്ടകത്തില്‍ ആരാധകരുടെ ആവേശത്തിലേക്ക് തിരിച്ചെത്തുന്ന കേരളത്തിന്റെ സ്വന്തം ബ്ലാസ്റ്റേഴ്‌സിന് ആ ജയം നല്‍കാനാകുമോ? കാത്തിരുന്നു കാണാം. ഐ.എസ്.എല്ലിലെ ഉദ്ഘാടന മത്സരത്തില്‍ കൊല്‍ക്കത്തയെ തോല്പിച്ച ശേഷം ജയം ബ്ലാസ്‌റ്റേഴ്‌സിന് കിട്ടാക്കനിയാണ്. ജയിച്ചെന്നുറപ്പിച്ച മത്സരങ്ങളില്‍ പോലും അവസാനം കാട്ടിയ ചില അശ്രദ്ധകള്‍, വീഴ്ചകള്‍, ജാഗ്രതക്കുറവുകള്‍... അതു പരിഹരിച്ചില്ലെങ്കില്‍ ഇന്നും ഫലം മറ്റൊന്നാകാന്‍ ഇടയില്ല.

ഏഴു മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ മൂന്നു ജയങ്ങളും മൂന്ന് സമനിലയുമായി 12 പോയിന്റില്‍ ജംഷഡ്പൂര്‍ നാലാമതാണ്. ഇന്നു ജയിച്ചാല്‍ അവര്‍ക്ക് ഒന്നാം സ്ഥാനത്തേക്ക് എത്താം. ഇത്രയും മത്സരങ്ങളില്‍ നിന്ന് ഒരു ജയവും മൂന്ന് തോല്‍വിയും മൂന്നു സമനിലയുമായി ബാസ്‌റ്റേഴ്‌സ് എട്ടാമതാണ്. രാത്രി ഏഴരയ്ക്കാണ് മത്സരം.

>വിടാതെ പരിക്ക്

സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ വലച്ചത് പരിക്കാണ്. സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മരിയോ ആര്‍ക്വെസ്, ഇന്ത്യന്‍ പ്രതിരോധ താരം സന്ദേശ് ജിങ്കന്‍, സ്‌ട്രൈക്കര്‍ ബര്‍ത്തലോമിയോ ഒഗ്ബച്ചെ, കേരള സ്‌ട്രൈക്കര്‍ കെ.പി രാഹുല്‍ എന്നിവര്‍ക്കെല്ലാം പരിക്കേറ്റു. ആദ്യ ഇലവനില്‍ അഞ്ചു വിദേശകളിക്കാരെ ഉള്‍പ്പെടുത്താമെന്ന ഇളവ് ഉപയോഗപ്പെടുത്താനുള്ള ശേഷി പോലും ടീമിനില്ല.

ആര്‍ക്വെസ് ആദ്യ ഇലവനില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒഗ്ബച്ച കളിക്കുന്നില്ല. ഒഗ്ബച്ചയുടെ അഭാവത്തില്‍ മെസ്സി ബൗളി തന്നെ ആയിരിക്കും സ്‌ട്രൈക്കിങില്‍ ഉണ്ടാകുക.

പരിക്ക് വലയ്ക്കുന്നുണ്ട് എങ്കിലും പ്ലേ ഓഫിലേക്ക് തിരിച്ചുവരാന്‍ ഇനിയും കഴിയുമെന്ന് കോച്ച് ഷട്ടോരി പ്രതീക്ഷ പ്രകടിപ്പിച്ചു. കോച്ചിനും ഇത് നിര്‍ണായക മത്സരമാണ്. ഇന്നത്തെ ഫലവും അനുകൂലമല്ലെങ്കില്‍ ഒരു പക്ഷേ അദ്ദേഹം തെറിക്കാനുള്ള സാദ്ധ്യതയും ഏറെ.

>ജാഗ്രത കാട്ടിയില്ലെങ്കില്‍

പരിക്കേറ്റ മുന്‍നിര കളക്കാര്‍ക്ക് പകരം ഇറങ്ങിയവര്‍ എല്ലാം താരതമ്യേന മികച്ച കളിയാണ് പുറത്തെടുത്തത്. എന്നാല്‍ അവസാന നിമിഷങ്ങളില്‍ കാണിക്കുന്ന ജാഗ്രതക്കുറവാണ് ഗോള്‍ വഴങ്ങുന്നതിന് കാരണമായത്. മുംബൈയ്‌ക്കെതിരെ ഗോളില്ലാ സമനില ആയിരുന്നു എങ്കില്‍ ഗോവയ്‌ക്കെതിരെ ഗോള്‍ വഴങ്ങിയത് അവസാന നിമിഷത്തില്‍.

സമ്മര്‍ദ്ദഘട്ടങ്ങളെ അതിജീവിക്കുന്നതില്‍ കാണിക്കേണ്ട വൈഭവമാണ് കേരള ടീമിന് ഇനിയുണ്ടാകേണ്ടത്. ഗോള്‍കീപ്പര്‍ ടി.പി രഹനേഷും പ്രതിരോധവും ഇതില്‍ ഇനിയുമേറെ മെച്ചപ്പെടാനുണ്ട്. അവസാന നിമിഷങ്ങളില്‍ പന്ത് ഹോള്‍ഡ് ചെയ്തു കളിക്കേണ്ടതിന്റെ ആവശ്യകതയും കളിക്കാര്‍ മറന്നതു പോലെയായിരുന്നു കഴിഞ്ഞ മത്സരങ്ങള്‍.

രണ്ടാം പകുതിയില്‍ കേരളത്തിനെതിരെയുള്ള എതിര്‍ നിരകള്‍ തന്ത്രങ്ങള്‍ മാറ്റി കളത്തിലിറങ്ങുമ്പോള്‍ കേരളം അതു നേരിയാന്‍ വിയര്‍ക്കുന്ന കാഴ്ചയും കാണുന്നു. മുംബൈയ്‌ക്കെതിരെ ഒന്നാം പകുതിയില്‍ മികച്ച കളി കെട്ടഴിച്ച ശേഷം രണ്ടാം പകുതിയില്‍ സമ്മര്‍ദ്ദത്തില്‍ വീണത് മുംബൈ ഒരുക്കിയ തന്ത്രങ്ങളില്‍ കേരളം വീണു പോയത് കൊണ്ടാണ്.

എതിര്‍ നിര കളി മാറ്റിപ്പിടിപ്പിടിക്കുമ്പോള്‍ മറുതന്ത്രം മെനയുന്നതില്‍ കോച്ച് ഷട്ടോറി മിടുക്കു കാണിക്കുന്നില്ല. സെറ്റ്പീസുകള്‍ യഥാവിധം ഉപയോഗിക്കുന്നതില്‍ ശരാശരിക്കും താഴെയാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ പ്രകടനം.

>ജംഷഡ്പൂരിന് നോട്ടം ഒന്നാം സ്ഥാനത്ത്

നിലവില്‍ ലീഗില്‍ ഒന്നാം സ്ഥാനത്തുള്ള എ.ടികെയുമായി രണ്ട് പോയിന്റിന്റെ വ്യത്യാസമാണ് ജംഷഡ്പൂരിനുള്ളത്. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും അവര്‍ക്കും സമനിലയായിരുന്നു. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനോടും ചെന്നൈയിന്‍ എഫ്.സിയോടും. തോറ്റെന്ന് കരുതിയ മത്സരത്തിലാണ് ചെന്നൈയിനെതിരെ അവര്‍ തിരിച്ചു വന്നത്.

ജംഷഡ്പൂര്‍ നേടിയ ഒമ്പത് ഗോളുകളില്‍ നാലു ഗോളും അവസാന പതിനഞ്ച് മിനിറ്റിലാണ് എന്നതാണ് ശ്രദ്ധേയം. ഷട്ടോറിയെ ആകുലപ്പെടുത്തുന്നതും ഈ കണക്കായിരിക്കും.

സൂപ്പര്‍ സ്‌ട്രൈക്കര്‍ സെര്‍ജിയോ കാസ്റ്റില്‍ പരിക്കു മൂലം ഇന്ന് കളത്തിലിറങ്ങില്ലെന്ന് കോച്ച് ആന്റോണിയോ ഇറിന്‍ഡോ വ്യക്തമാക്കിയിട്ടുണ്ട്. മുന്നേറ്റ നിരയില്‍ മുന്‍ ബ്ലാസ്‌റ്റേഴ്‌സ് താരം മലയാളിയായ സി.കെ വിനീതും സുമിത് പാസിയും ഇറങ്ങുമെന്നാണ് സൂചന.

Read More >>