അഞ്ചിടത്തും തീപാറുന്നു; ഉപതെരഞ്ഞെടുപ്പു പ്രചാരണം അവസാനലാപ്പിലേക്ക്- മുഖ്യമന്ത്രി വട്ടിയൂര്‍ക്കാവില്‍, ആന്റണി 14 മുതല്‍

എല്‍.ഡി.എഫ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്.

അഞ്ചിടത്തും തീപാറുന്നു; ഉപതെരഞ്ഞെടുപ്പു പ്രചാരണം അവസാനലാപ്പിലേക്ക്- മുഖ്യമന്ത്രി വട്ടിയൂര്‍ക്കാവില്‍, ആന്റണി 14 മുതല്‍

സി.വി ശ്രീജിത്ത്

തിരുവനന്തപുരം: അഞ്ചിടത്തെ ഉപതെരഞ്ഞെടുപ്പു പ്രചാരണം അന്തിമഘട്ടത്തിലേക്കു കടന്നു. വോട്ടെടുപ്പിനു ഇനി എട്ടുനാള്‍ അവശേഷിക്കെ പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടു പിന്തുണ ഉറപ്പിക്കുകയാണ് മൂന്നു മുന്നണികളും. കാടിളക്കിയുള്ള പ്രചാരണത്തേക്കാള്‍ കുടുംബയോഗങ്ങളിലൂടെ വോട്ടര്‍മാരുടെ മനസുകീഴടക്കാനാണ് എല്‍.ഡി.എഫും യു.ഡി.എഫും എന്‍.ഡി.എയും ഇക്കുറി ശ്രമിക്കുന്നത്. പാലായില്‍ ഇടതിനു അട്ടിമറി വിജയം നേടികൊടുത്തതില്‍ കുടുംബ യോഗങ്ങള്‍ക്കും ഭവന സന്ദര്‍ശനത്തിനും വലിയ പങ്കുവഹിക്കാനായി എന്ന തിരിച്ചറിവിനെ തുടര്‍ന്നാണ് അഞ്ചിടത്തും സമാനമായ പ്രചാരണരീതി പിന്തുടരാന്‍ മുന്നണികള്‍ തീരുമാനിച്ചത്.

എല്‍.ഡി.എഫ് പ്രചാരണത്തിന്റെ ചുക്കാന്‍ പിടിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹം ഇന്നു വട്ടിയൂര്‍ക്കാവില്‍ പ്രചാരണത്തിനിറങ്ങും. പരമാവധി കുടുംബയോഗങ്ങളിലും ഒന്നോ രണ്ടോ പൊതുയോഗങ്ങളിലും മുഖ്യമന്ത്രി പങ്കെടുക്കും. മന്ത്രി എ.കെ ബാലന്‍ ഉള്‍പ്പെടെ മന്ത്രിമാരും എം.എല്‍.എമാരും എല്‍.ഡി.എഫ് നേതാക്കളും വട്ടിയൂര്‍ക്കാവില്‍ ക്യാമ്പു ചെയ്തു പ്രചാരണത്തിനു നേതൃത്വം നല്‍കുകയാണ്.

മഞ്ചേശ്വരത്തു മന്ത്രി ഇ.പി ജയരാജനും അരൂരില്‍ മന്ത്രി ജി. സുധാകരനും കോന്നിയില്‍ മന്ത്രി എം.എം മണിയും പ്രചാരണത്തിന്റെ ചുമതല വഹിക്കുന്നുണ്ട്. എറണാകുളം മണ്ഡലത്തില്‍ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രത്യേക നിരീക്ഷണമുണ്ട്. ഓരോ മണ്ഡലത്തിലും മൂന്നു വീതം മന്ത്രിമാര്‍ ദിവസവും കുടുംബയോഗങ്ങളിലും ഭവനസന്ദര്‍ശനത്തിലും പങ്കെടുക്കുകയാണ്.

യു.ഡി.എഫിന്റെ മുഖ്യപ്രചാരകനായി മുന്‍ മുഖ്യമന്ത്രി എ.കെ ആന്റണി തിങ്കളാഴ്ച മുതല്‍ കളത്തിലിറങ്ങും. മഞ്ചേശ്വരത്തു തുടങ്ങി 15നു എറണാകുളം, 16-അരൂര്‍, 17-കോന്നി, 18-വട്ടിയൂര്‍ക്കാവ് എന്നിവിടങ്ങളില്‍ ആന്റണി മുഴുവന്‍ സമയ പ്രചാരണം നടത്തും. മഞ്ചേശ്വരത്തു മുസ്ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കളുടെ നിരതന്നെ പ്രചാരണ രംഗത്തുണ്ട്. രാജ്‌മോഹന്‍ ഉണ്ണിത്താനാണ് പ്രചാരണ ചുമതല. അരൂരില്‍ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കെ.സുധാകരനാണ് ചുമതല.

എറണാകുളത്തു ഹൈബി ഈഡനും കെ.വി തോമസും സജീവമായി രംഗത്തുണ്ട്. തുടക്കത്തിലെ അസ്വാരസ്യങ്ങള്‍ തീര്‍ത്തു, അടൂര്‍ പ്രകാശ് രംഗത്തിറങ്ങിയതോടെ കോന്നിയില്‍ യു.ഡി.എഫ് മേല്‍ക്കൈ നേടിക്കഴിഞ്ഞു. വട്ടിയൂര്‍ക്കാവിലും നേതാക്കളുടെ പടതന്നെ പ്രചാരണത്തിനു ഇറങ്ങിക്കഴിഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവര്‍ അഞ്ചു മണ്ഡലങ്ങളിലെയും പ്രചാരണത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു. ചികിത്സ കഴിഞ്ഞെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കൂടി സജീവമായതോടെ യു.ഡി.എഫ് ക്യാമ്പ് തികഞ്ഞ ആത്മവിശ്വാസത്തിലാണ്.

ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നഡ്ഡ, മുന്‍ മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കേന്ദ്രമന്ത്രി ഡോ.ഹര്‍ഷ വര്‍ദ്ധന്‍ എന്നീ നേതാക്കളെ ഇറക്കി അവസാന ദിവസങ്ങളില്‍ പ്രചാരണ രംഗത്തു മുന്നേറ്റമുണ്ടാക്കാനുള്ള ശ്രമത്തിലാണ് എന്‍.ഡി.എ ക്യാമ്പ്. മഞ്ചേശ്വരം മുതല്‍ വട്ടിയൂര്‍ക്കാവ് വരെയുള്ള അഞ്ചിടത്തും പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ചുമതല ബി.ജെ.പിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കാണ്. മഞ്ചേശ്വരത്തു പി.കെ കൃഷ്ണദാസും അരൂരില്‍ ശോഭാ സുരേന്ദ്രനും വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനുമാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

>അഞ്ചിടത്തും മികച്ച പ്രകടനമെന്നു എല്‍.ഡി.എഫ്

ഉപതെരഞ്ഞെടുപ്പു നടക്കുന്ന അഞ്ചു മണ്ഡലങ്ങളിലും മികച്ച പ്രകടനം നടത്തുമെന്നു ഇടതുമുന്നണി. പ്രചാരണ രംഗത്തു ഏറെ മുന്നിലാണ് ഇടതു സ്ഥാനാര്‍ത്ഥികള്‍. എല്ലാ മണ്ഡലങ്ങളിലും സര്‍ക്കാര്‍ അനുകൂലമായ സാഹചര്യമാണ്. സര്‍ക്കാരിനെതിരെ ഒന്നും പറയാനില്ലാത്ത പ്രതിപക്ഷം അവാസ്ഥവമായ ആരോപണങ്ങളുടെ പുകമറ സൃഷ്ടിക്കുകയാണ്. എന്നാല്‍ ജനങ്ങള്‍ ഇതൊന്നും വിശ്വസിക്കില്ല. സര്‍ക്കാര്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കു ജനങ്ങള്‍ വോട്ടു നല്‍കുമെന്നും പാലാ വിജയം അഞ്ചിടത്തും ആവര്‍ത്തിക്കുമെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍ പറഞ്ഞു.

>സര്‍ക്കാരിനുള്ള തിരിച്ചടിയാകും-യു.ഡി.എഫ്

ഉപതെരഞ്ഞെടുപ്പു ഫലം സംസ്ഥാന സര്‍ക്കാരിനുള്ള തിരിച്ചടിയാകുമെന്നു യു.ഡി.എഫ്. മണ്ഡലങ്ങളിലെ ജനങ്ങളുടെ വികാരം സര്‍ക്കാരിനെതിരാണ്. പ്രളയവും ശബരിമല വിഷയവും കൈകാര്യം ചെയ്ത രീതിയോടുള്ള എതിര്‍പ്പു പ്രതിഫലിക്കും. കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളും തൊഴിലില്ലായ്മയും മുഖ്യവിഷയമാണ്. സി.പി.എം നേതാക്കള്‍ക്കും ബന്ധുക്കള്‍ക്കും വേണ്ടി പിന്‍വാതില്‍ നിയമനം നടത്തുന്ന സര്‍ക്കാരാണിത്. പി.എസ്.എസി നിയമനം പോലും അട്ടിമറിക്കപ്പെട്ടു. ജനങ്ങളുടെ പ്രതിഷേധം ഇടതുമുന്നണി ഏറ്റുവാങ്ങേണ്ടി വരുമെന്നും യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ പറഞ്ഞു.

>ഒത്തുകളിക്കെതിരായ ജനവിധിയുണ്ടാകും-എന്‍.ഡി.എ

സംസ്ഥാനത്തെ വികസന മുരടിപ്പാണ് ഉപതെരഞ്ഞെടുപ്പിലെ മുഖ്യ പ്രചാരണ വിഷയമെന്നു എന്‍.ഡി.എ. മാറി മാറി ഭരിച്ച ഇടതു-വലതു മുന്നണികളുടെ ദുഷ്‌ചെയ്തികളില്‍ ജനങ്ങള്‍ മടുത്തിരിക്കുകയാണ്. അഴിമതി നടത്താനും അതു മൂടിവെയ്ക്കാനും ഭരണ-പ്രതിപക്ഷ ധാരണയുണ്ട്. ബി.ജെ.പിയെ ഒറ്റപ്പെടുത്തി നേട്ടമുണ്ടാക്കാനുള്ള ഒത്തുകളിയിലാണ് യു.ഡി.എഫും എല്‍.ഡി.എഫും. സംസ്ഥാനത്തെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കൊന്നും പരിഹാരം കാണാനാന്‍ കഴിയാത്ത സര്‍ക്കാരാണിവിടെ. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ പോലും യഥാസമയം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സര്‍ക്കാരിനു സാധിക്കുന്നില്ല. മാറ്റം ആഗ്രഹിക്കുന്ന ജനങ്ങള്‍ ഇക്കുറി എന്‍.ഡി.എയ്‌ക്കൊപ്പം നില്‍ക്കുമെന്നും ബി.ജെ.പി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ് പറഞ്ഞു.

Read More >>