കലാശക്കൊട്ടില്‍ പിടിവിട്ട് കോന്നി; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും സംഘര്‍ഷം

അരൂര്‍, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, എറണാകുളം എന്നിവിടങ്ങളും കൊട്ടിക്കലാശം ഗംഭീരമായി അരങ്ങേറി

കലാശക്കൊട്ടില്‍ പിടിവിട്ട് കോന്നി; കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും സംഘര്‍ഷം

കോന്നി: കലാശക്കൊട്ടിനിടെ കോന്നിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കു നേരെ പൊലീസ് ലാത്തി വീശി. ശക്തമായ മഴയിലായിരുന്നു കൊട്ടിക്കലാശം.

അനുവദിച്ച സ്ഥലം മറികടന്ന് യു.ഡി.എഫ് പ്രവര്‍ത്തകര്‍ മുന്നോട്ടു പോയതാണ് പ്രശ്‌നങ്ങള്‍ക്കു കാരണം.

അരൂര്‍, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, എറണാകുളം എന്നിവിടങ്ങളും കൊട്ടിക്കലാശം ഗംഭീരമായി അരങ്ങേറി. വട്ടിയൂര്‍ക്കാവില്‍ പേരൂര്‍ക്കടയിലായിരുന്നു അവസാന പ്രചാരണം. വാദ്യമേളങ്ങളോടാണ് പ്രവര്‍ത്തകര്‍ പ്രചാരണം അവസാനിപ്പിച്ചത്. മഞ്ചേശ്വരത്ത് ഉപ്പളയിലായിരുന്നു പ്രചാരണ ഘോഷങ്ങള്‍.

അതിനിടെ, ഉപതെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ അറിയിച്ചു. അഞ്ചു മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ വിതരണം ചെയ്തതായും സുരക്ഷാനടപടികള്‍ ഉറപ്പുവരുത്തിയതായും അദ്ദേഹം അറിയിച്ചു.

പ്രചാരണത്തിന്റെ അവസാന ദിവസം ആവേശത്തിരയിളക്കിയാണ് മൂന്നു മുന്നണികളും കലാശക്കൊട്ടിനിറങ്ങിയത്. തുടക്കത്തില്‍ വികസന വിഷയങ്ങളും വിശ്വാസസംരക്ഷണവും പ്രചാരണ വിഷയമായെങ്കില്‍ അന്തിമഘട്ടത്തില്‍ എത്തുമ്പോഴേക്കും സമുദായവും ജാതിയുമാണ് കളംനിറഞ്ഞത്. ഉപതെരഞ്ഞെടുപ്പില്‍ മൂന്നു മുന്നണികളും ജാതി കേന്ദ്രീകരിച്ച പ്രചാരണത്തിനാണ് അവസാന മണിക്കൂറുകള്‍ ചെലവിട്ടത്. എന്‍.എസ്.എസിന്റെ ശരിദൂര പ്രഖ്യാപനമാണ് ഉപതെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഗതിമാറ്റിയത്. പാലായില്‍ പരാജയം ഏറ്റുവാങ്ങിയ യു.ഡി.എഫിന് എന്‍.എസ്.എസ് നിലപാട് ഉണര്‍വേകി.

അതേസമയം, സമദൂരം കൈവിട്ടത് ഇടതിനെ ചൊടിപ്പിച്ചു. എന്‍.എസ്.എസിനെതിരെ രൂക്ഷവിമര്‍ശനവുമായി സി.പി.എം നേതാക്കള്‍ രംഗത്തെത്തിയതോടെ ഒടുവിലെ പ്രചാരണത്തില്‍ ഏറ്റുമുട്ടിയത് ജാതി-സമുദായ രാഷ്ട്രീയം. ശബരിമല വിഷയത്തിലുള്‍പ്പെടെ അനുകൂല നിലപാടു പ്രതീക്ഷിച്ച ബി.ജെ.പിക്കും എന്‍.എസ്.എസ് തീരുമാനം തിരിച്ചടിയായി. വിശ്വാസിസമൂഹത്തില്‍ ഏറെ സ്വാധീനമുള്ള എന്‍.എസ്.എസ് തീരുമാനം, വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചു.

വികസന നേട്ടങ്ങളും പ്രതിപക്ഷത്തെ അഴിമതിയും ആയുധമാക്കിയാണ് ഭരണപക്ഷം അഞ്ചു മണ്ഡലങ്ങളിലും പ്രചാരണം നയിച്ചത്. എന്നാല്‍ എന്‍.എസ്.എസിന്റെ നിലപാടുമാറ്റത്തിനു പിന്നാലെ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി ജലീലിനെതിരായ മാര്‍ക്കുദാന ആരോപണവും പ്രതിപക്ഷത്തിന് ഊര്‍ജം പകര്‍ന്നു. പാലായില്‍ പാലാരിവട്ടം പാലം അഴിമതിയിലൂടെ യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ എല്‍.ഡി.എഫ് മാര്‍ക്കുദാന വിവാദത്തിലൂടെ സ്വയം വെട്ടിലായി.

മഞ്ചേശ്വരം, വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണ നേടിയ രണ്ടാം സ്ഥാനം മറികടന്നു വിജയമുറപ്പിക്കാനുള്ള പ്രവര്‍ത്തനമാണ് ബി.ജെ.പി ക്യാമ്പില്‍ നടത്തിത്. കോന്നിയിലെ പ്രത്യേക സാഹചര്യം ഉപയോഗപ്പെടുത്തി ജയിച്ചു കയറാമെന്നും അവര്‍ കണക്കുകൂട്ടുന്നു.

സിറ്റിങ് സീറ്റായ അരൂര്‍ നിലനിര്‍ത്തുന്നതോടൊപ്പം പാലാ വിജയത്തിന്റെ കരുത്തില്‍ മറ്റിടങ്ങളിലും അട്ടിമറി വിജയമാണ് ഇടതുലക്ഷ്യം. അതേസമയം, പാലായില്‍ തോറ്റ ക്ഷീണം മാറ്റാനും ലോക്സഭാ തെരഞ്ഞെടുപ്പു വിജയത്തിനു തുടര്‍ച്ചയുണ്ടെന്നു കാട്ടാനും അഞ്ചിടത്തെയും വിജയത്തില്‍ കുറഞ്ഞതൊന്നും യു.ഡി.എഫ് പ്രതീക്ഷിക്കുന്നില്ല.

Read More >>