കാലിക്കറ്റ് വാഴ്‌സിറ്റി ക്യാമ്പസിലെ കെട്ടിടങ്ങൾ സ്വകാര്യ വ്യക്തികൾക്ക് വാടകക്ക് നൽകുന്നു

സർവ്വകലാശാലയെ മറയാക്കി നടത്തുന്ന ഈ കച്ചവടത്തിൽ വാഴ്‌സിറ്റിക്ക് വൈദ്യുതിയുടേയും വെള്ളത്തിന്റേയും ചാർജ്ജ് പോലും കൃത്യമായി ലഭിക്കാറില്ല. സൊസൈറ്റികൾ നേരിട്ട് നടത്തുന്ന ക്യാമ്പസിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ കൃത്യമായ കണക്കുകൾ പോലും സൊസൈറ്റിയിലെ മുഴുവൻ അംഗങ്ങൾ അറിയാറുമില്ല.

കാലിക്കറ്റ് വാഴ്‌സിറ്റി ക്യാമ്പസിലെ കെട്ടിടങ്ങൾ സ്വകാര്യ വ്യക്തികൾക്ക് വാടകക്ക് നൽകുന്നു

പി.വി മുഹമ്മദ് ഇഖ്ബാൽ

തേഞ്ഞിപ്പലം: നിയമം ലംഘിച്ച് കാലിക്കറ്റ് സർവ്വകലാശാലാ ക്യാമ്പസിലെ കെട്ടിടങ്ങൾ സ്വകാര്യ വ്യക്തികൾക്ക് വാടകക്ക് നൽകുന്നു. പരീക്ഷാഭവൻ കോമ്പൗണ്ടിലെ മൂന്ന് കെട്ടിടങ്ങളും വാഴ്‌സിറ്റി ബസ് സ്റ്റോപ് പരിസരത്തെ പത്തോളം കെട്ടിടങ്ങളുമാണ് സ്വകാര്യ വ്യക്തികൾക്ക് വാടകക്ക് നൽകിയിരിക്കുന്നത്. പരീക്ഷാഭവൻ കോമ്പൗണ്ടിൽ 35000 രൂപ പ്രതിമാസ വാടക നിരക്കിലാണ് മൂന്ന് ബിൽഡിങ്ങുകളിൽ ചായക്കടകൾ വർഷങ്ങളായി നടത്തുന്നത്.

ബസ് സ്റ്റോപ് പരിസരത്താണ് രണ്ട് ഹോട്ടലുകൾ നടത്തുന്നത്. ഇതിൽ ഇന്ത്യൻ കോഫി ഹൗസിന്റേതെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വകാര്യ വ്യക്തി കോഫി ഹൗസ് എന്ന പേരിലാണ് ഹോട്ടൽ നടത്തുന്നത്. സി.പി.എം, കോൺഗ്രസ്, ലീഗ് എന്നീ പാർട്ടികളുടെ നിയന്ത്രണത്തിലുള്ള ജീവനക്കാരുടെ സൊസൈറ്റികളാണ് കെട്ടിടങ്ങളുണ്ടാക്കി സ്വകാര്യ വ്യക്തികൾക്ക് വാടകക്ക് നൽകി ലാഭം കൊയ്യുന്നത്.

സർവ്വകലാശാലയെ മറയാക്കി നടത്തുന്ന ഈ കച്ചവടത്തിൽ വാഴ്‌സിറ്റിക്ക് വൈദ്യുതിയുടേയും വെള്ളത്തിന്റേയും ചാർജ്ജ് പോലും കൃത്യമായി ലഭിക്കാറില്ല. സൊസൈറ്റികൾ നേരിട്ട് നടത്തുന്ന ക്യാമ്പസിലെ കച്ചവട സ്ഥാപനങ്ങളിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ കൃത്യമായ കണക്കുകൾ പോലും സൊസൈറ്റിയിലെ മുഴുവൻ അംഗങ്ങൾ അറിയാറുമില്ല.

വാഴ്‌സിറ്റി സ്റ്റാറ്റിയൂട്ടിൽ ജീവനക്കാർക്ക് ക്ഷേമത്തിന് സൊസൈറ്റികളുണ്ടാക്കാമെന്ന് പറയുന്നതല്ലാതെ കെട്ടിടങ്ങളുണ്ടാക്കി കച്ചവടം ചെയ്യാനോ സ്വകാര്യ വ്യക്തികൾക്ക് കൊടുക്കാനോ നിയമപരമായി അനുമതി നൽകുന്നില്ല. സർവ്വകലാശാലയുമായി യാതൊരു ബന്ധവുമില്ലാത്ത കോ - ഓപ്പറേറ്റീവ് സ്റ്റോറിന്റെ പേരിലും കൂറ്റൻ കെട്ടിട മുണ്ടാക്കി വാഴ്‌സിറ്റിയുടെ നേരിട്ടുള്ള സ്റ്റോറാണെന്ന് പ്രചരിപ്പിച്ചാണ് വാഴ്‌സിറ്റി ബസ് സ്റ്റോപ് പരിസരത്തും കോഴിക്കോട് ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളും കാലിക്കറ്റ് യൂണിവേഴ്‌സിറ്റി കോ-ഓപ്പറേറ്റീവ് സ്റ്റോർ എന്ന പേര് വച്ച് കച്ചവടം പൊടിപൊടിക്കുന്നതെന്നും ആരോപണമുണ്ട്. കൂടാതെ ഇതേ സ്റ്റോറിന് ലാഭമുണ്ടാക്കുന്നതിനാണ് പരീക്ഷാഭവൻ ഉൾപ്പെടെ ഏത് കെട്ടിടത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള അപേക്ഷാഫോമും വിവിധ ആവശ്യങ്ങൾക്കുള്ള അപേക്ഷകളും വാഴ്‌സിറ്റി എൻക്വയറി വിഭാഗമായ ടാഗോർ നികേതൻ കെട്ടിടത്തിൽ നിന്നും വില്പന നടത്തുന്നത്.

ഒരു പാർട്ടിയുടെ നിയന്ത്രണത്തിലുള്ള കോ-ഓപ്പറേറ്റീവ് സ്റ്റോർ നിയമിച്ച ജീവനക്കാരിയാണ് സർവ്വകലാശാലയുടെ സ്വന്തം കെട്ടിടമായ ടാഗോർ നികേതനിൽ നിന്നും അപേക്ഷകൾ വില്പന നടത്തുന്നത്.

Read More >>