തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ചിക്കൻപോക്‌സ് കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്

ചിക്കന്‍പോക്സ് വ്യാപിക്കുന്നു; ജാ​ഗ്രതാ നിര്‍ദ്ദേശവുമായി ആരോ​ഗ്യവകുപ്പ്

Published On: 2 March 2019 11:32 AM GMT
ചിക്കന്‍പോക്സ് വ്യാപിക്കുന്നു; ജാ​ഗ്രതാ   നിര്‍ദ്ദേശവുമായി ആരോ​ഗ്യവകുപ്പ്

തിരുവനന്തപുരം: വ്യാപകമായി ചിക്കൻ പോക്സ് റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാ​ഗ്രത പാലിക്കണമെന്ന് ആരോ​ഗ്യ വകുപ്പ്. സംസ്ഥാനത്ത് ഇന്നലെ മാത്രം 148 പേർക്കാണ് ചിക്കൻ പോക്സ് സ്ഥിരീകരിച്ചത്. ഫെബ്രൂവരിമാസത്തിൽ 4093 പേർ സംസ്ഥാനത്തുടനീളം ചിക്കൻപോക്സ് ബാധിതരായി. ഈ വർഷം 6710 ആളുകൾക്കാണ് രോ​ഗം പിടിപെട്ടതെന്ന് ആരോ​ഗ്യവകുപ്പ് റിപ്പോർട്ട് വ്യക്തമാക്കുന്നു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ചിക്കൻപോക്‌സ് കൂടുതൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മലപ്പുറം ജില്ലയിൽ വെള്ളിയാഴ്ച മാത്രം 22 പേരിൽ രോ​ഗം സ്ഥിരീകരിച്ചിരുന്നു. വായു വഴിയാണ് ചിക്കൻപോക്‌സ് വൈറസ് പകരുന്നത്. അസൈക്ലോവീർ എന്ന ആന്റിവൈറൽ മരുന്ന് രോഗാരംഭം മുതൽ ഉപയോഗിക്കുന്നത് രോഗം വേഗത്തിൽ ഭേദമാകാനും രോഗതീവ്രതയും സങ്കീർണ്ണതകളും കുറയ്ക്കാനും സഹായിക്കും.രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചു കഴിഞ്ഞാൽ രണ്ടുമുതൽ മൂന്നാഴ്ചയ്ക്കുള്ളിൽ രോഗലക്ഷണം കാണും.

ലക്ഷണങ്ങള്‍

പനി, ശരീരവേദന, കഠിനമായ ക്ഷീണം, നടുവേദന എന്നിവയാണ് ചിക്കൻപോക്‌സിന്റെ പ്രാരംഭ ലക്ഷണം. തുടർന്ന് ശരീരത്തിൽ ചെറിയ കുമിളകൾ പ്രത്യക്ഷപ്പെടുന്നു. മുഖത്തും, കൈകാലുകളിലും, ദേഹത്തും വായിലും, തൊണ്ടയിലും കുമിളകൾ പ്രത്യക്ഷപ്പെടാറുണ്ട്. കുമിളകൾ എല്ലാം ഒരേ സമയം അല്ല ശരീരത്തിൽ പ്രത്യക്ഷപ്പെടുന്നത് നാല് ദിവസം മുതൽ ഒരാഴ്ചയ്ക്കുള്ളിൽ കുമിളകൾ താഴ്ന്നു തുടങ്ങും.

ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍

ചിക്കൻപോക്‌സ് ബാധിച്ചു കഴിഞ്ഞാൽ ശരീരത്തിലുണ്ടാകുന്ന കുമിളകൾ പൊട്ടിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഉപ്പുവെള്ളം കവിൾ കൊള്ളുന്നത് വായിലുണ്ടാകുന്ന കുമിളകളുടെ ശമനത്തിന് സഹായിക്കും. ശരീരം വൃത്തിയായി സൂക്ഷിക്കണം. നഖങ്ങൾ വെട്ടി, കൈകൾ ആന്റി ബാക്ടീരിയൽ സോപ്പുപയോഗിച്ച് ശുചിയാക്കണം. രോഗിക്ക് കുടിക്കാൻ ധാരാളം വെള്ളം നൽകണം. ഏത് ആഹാരവും കഴിക്കാം. രോഗി വായു സഞ്ചാരമുള്ള മുറിയിൽ വിശ്രമിക്കണം. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റും അണുവിമുക്തമാക്കണം. ചിക്കൻ പോക്‌സിന് പ്രതിരോധ കുത്തിവയ്പ് ലഭ്യമാണ്. ഫലപ്രദമായ ആന്റിവൈറൽ മരുന്ന് ഡോക്ടറുടെ നിർദ്ദേശാനുസരണം യഥാസമയം കഴിച്ചാൽ രോഗം പൂർണ്ണമായി ഭേദമാകും.

Top Stories
Share it
Top