പി.ചിദംബരത്തിന് ജാമ്യം; ഡല്‍ഹി ഹൈക്കോടതിക്ക് രൂക്ഷ വിമര്‍ശനം- മോചിതനാകുന്നത് 106 ദിവസത്തെ കസ്റ്റഡിക്ക് ശേഷം

106 ദിവസം അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലും ജയിലിലും കഴിഞ്ഞ ശേഷമാണ് ചിദംബരത്തിന് ജാമ്യം കിട്ടുന്നത്.

പി.ചിദംബരത്തിന് ജാമ്യം; ഡല്‍ഹി ഹൈക്കോടതിക്ക് രൂക്ഷ വിമര്‍ശനം- മോചിതനാകുന്നത് 106 ദിവസത്തെ കസ്റ്റഡിക്ക് ശേഷം

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രിം കോടതി ജാമ്യം. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയും എ.എസ് ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണയാണ് വിധി വായിച്ചത്.

മാദ്ധ്യമങ്ങള്‍ക്ക് ഇന്റര്‍വ്യൂ നല്‍കരുത്, കേസുമായി ബന്ധപ്പെട്ട പൊതു പ്രസ്താവന നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ കര്‍ശന ഉപാധികളോടെയാണ് ജാമ്യം.

106 ദിവസം അന്വേഷണ ഏജന്‍സിയുടെ കസ്റ്റഡിയിലും ജയിലിലും കഴിഞ്ഞ ശേഷമാണ് ചിദംബരത്തിന് ജാമ്യം കിട്ടുന്നത്. കേസിന്റെ മെറിറ്റുമായി ബന്ധപ്പെട്ട് ഡല്‍ഹി ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങള്‍ തെറ്റാണെന്ന് സുപ്രിംകോടതി വ്യക്തമാക്കി. വലിയ അഴിമതിയുടെ സൂത്രധാരന്‍ എന്നാണ് ഡല്‍ഹി ഹൈക്കോടതി ചിദംബരത്തെ നിരീക്ഷിച്ചിരുന്നത്.

ഐ.എന്‍.എക്‌സ്. മീഡിയയുടെ 305 കോടി രൂപയുടെ ഇടപാടില്‍ വിദേശനിക്ഷേപം സ്വീകരിക്കാന്‍ ചിദംബരം ധനമന്ത്രിയായിരിക്കേ ഔദ്യോഗികപദവി ദുരുപയോഗംചെയ്ത് അനുമതി നല്‍കി എന്നാണ് കേസ്. ഇതിലെ അഴിമതി സി.ബി.ഐ.യും കള്ളപ്പണം വെളുപ്പിക്കല്‍ ഇ.ഡി.യുമാണ് അന്വേഷിക്കുന്നത്. എയര്‍സെല്‍- മാക്‌സിസ് ഇടപാടിലും സമാനമായ ആരോപണമാണ് ചിദംബരത്തിനെതിരേയുള്ളത്. ഈ കേസിലും സി.ബി.ഐ.യും ഇ.ഡി.യും അന്വേഷണം നടത്തുന്നുണ്ട്.

കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി ചിദംബരം കസ്റ്റഡിയിലുള്ളത്. ഇതിനെതിരെ വിചാരണക്കോടതിയില്‍ ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹരജി തള്ളിയ ഡല്‍ഹി ഹൈകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.

മൂന്നംഗ ബഞ്ച് ഹരജിയില്‍ നേരത്തെ വാദം കേള്‍ക്കല്‍ പൂര്‍ത്തിയാക്കിയിരുന്നു. ഐഎന്‍എക്‌സ് മീഡിയ ഇടപാടില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ചിദംബരത്തിന് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ആദായ നികുതി വകുപ്പ് ഇതേ കേസില്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Read More >>