ചിദംബരം: പ്രതികരിച്ചത് പ്രിയങ്ക മാത്രം, മിണ്ടാതെ സോണിയയും രാഹുലും-പ്രതിരോധത്തില്‍ കോണ്‍ഗ്രസ്

കോണ്‍ഗ്രസിന്റെ ലോക്‌സഭാ തോല്‍വിക്കു കാരണം ചിദംബരം ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാടുകളാണ് എന്ന് നേരത്തെ രാഹുല്‍ഗാന്ധി തുറന്നടിച്ചിരുന്നു

ചിദംബരം: പ്രതികരിച്ചത് പ്രിയങ്ക മാത്രം, മിണ്ടാതെ സോണിയയും രാഹുലും-പ്രതിരോധത്തില്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരത്തിനെതിരെയുള്ള സി.ബി.ഐ-ആദായ നികുതി വകുപ്പിന്റെ നടപടിയില്‍ ഒന്നും മിണ്ടാതെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും മകന്‍ രാഹുല്‍ഗാന്ധിയും. ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ സുപ്രിംകോടതി കനിഞ്ഞില്ലെങ്കില്‍ ചിദംബരം അറസ്റ്റിലാകുമെന്ന് ഉറപ്പുള്ള സാഹചര്യമാണ് നിലവിലുള്ളത്. ഒളിവിലുള്ള മുന്‍മന്ത്രിയെ തേടി അന്വേഷണ സംഘം അദ്ദേഹത്തിന്റെ വീട്ടില്‍ രണ്ടു തവണ എത്തുകയും ചെയ്തിട്ടുണ്ട്.

സംഭവം സജീവമായി നില്‍ക്കുന്ന സാഹചര്യത്തിലും കോണ്‍ഗ്രസിലെ രണ്ടു മുതിര്‍ന്ന നേതാക്കളും വിഷയത്തില്‍ തങ്ങളുടെ അഭിപ്രായം പറഞ്ഞിട്ടില്ല. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങും പ്രതികരിച്ചിട്ടില്ല. അതേസമയം, ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ശക്തമായി ചിദംബരത്തിന് വേണ്ടി രംഗത്തെത്തുകയും ചെയ്തു.

ഭീരുക്കള്‍ ലജ്ജാകരമായി ചിദംബരത്തെ വേട്ടയാടുന്നു എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. അദ്ദേഹത്തോടൊപ്പം ഉറച്ചു നില്‍ക്കുമെന്നും പ്രിയങ്ക വ്യക്തമാക്കി.

' ധനകാര്യ മന്ത്രിയായും ആഭ്യന്തര മന്ത്രിയായും പതിറ്റാണ്ടുകള്‍ നമ്മുടെ രാജ്യത്തെ വിശ്വസ്തതയോടെ സേവിച്ചയാളാണ് ചിദംബരം. ഒരു സങ്കോചവും കൂടാതെ ആത്മധൈര്യത്തോടെ സത്യം പറയുകയും സര്‍ക്കാരിന്റെ പരാജയങ്ങള്‍ തുറന്ന് കാണിക്കുകയും ചെയ്തിരുന്നു അദ്ദേഹം. എന്നാല്‍ സത്യം പറയുന്നത് ഭീരുക്കളെ ശല്യപ്പെടുത്തിക്കൊണ്ടേയിരിക്കും. അത് കൊണ്ടാണ് ഒരു ലജ്ജയുമില്ലാതെ അദ്ദേഹത്തെ വേട്ടയാടുന്നത്. പരിണിത ഫലം എന്തായിരുന്നാലും ഞങ്ങള്‍ അദ്ദേഹത്തോടൊപ്പം ഉറച്ച് നില്‍ക്കും. സത്യത്തിനായി പോരാടുക തന്നെ ചെയ്യും'- ട്വിറ്ററില്‍ പ്രിയങ്ക എഴുതി.

സമാന വാക്കുകള്‍ തന്നെ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലിലും വന്നിട്ടുണ്ട്. എന്തു സംഭവിച്ചാലും സത്യത്തിന് വേണ്ടി നിലകൊള്ളുമെന്നും സമര്‍പ്പണത്തോടെ രാജ്യത്തെ സേവിച്ച നേതാവാണ് ചിദംബരം എന്നുമാണ് ട്വിറ്റര്‍ ഹാന്‍ഡില്‍ പറയുന്നത്.

മുന്‍കൂര്‍ ജാമ്യാപേക്ഷ റദ്ദാക്കിയ കോടതി വിധിക്കു പിന്നാലെ ചിദംബരത്തിന്റെ ചേംബറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ കൂടിയായ കപില്‍ സിബലും അഭിഷേക് സിങ് സിങ്‌വിയും ദീര്‍ഘ നേരം ചര്‍ച്ച നടത്തിയിരുന്നു. മുതിര്‍ന്ന നേതാക്കള്‍ ആശയവിനിമയം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്.

അതിനിടെ, കോണ്‍ഗ്രസിന്റെ ലോക്‌സഭാ തോല്‍വിക്കു കാരണം ചിദംബരം ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാടുകളാണ് എന്ന് നേരത്തെ രാഹുല്‍ഗാന്ധി തുറന്നടിച്ചിരുന്നു. രാഹുലിന്റെ രാജി ചര്‍ച്ച ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലായിരുന്നു രാഹുലിന്റെ തുറന്നു പറച്ചില്‍. മകന്‍ കാര്‍ത്തി ചിദംബരത്തിന് സീറ്റു കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി വിട്ടു പോകുമെന്ന് ചിദംബരം ഭീഷണിപ്പെടുത്തിയതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

Read More >>