കോണ്‍ഗ്രസ് നേതാക്കളെല്ലാം ജാമ്യത്തില്‍; സോണിയ, രാഹുല്‍, തരൂര്‍... ഒടുവില്‍ ചിദംബരം

ഇന്ന് രാവിലെ പത്തരയ്ക്കാണ് സുപ്രിം കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.

കോണ്‍ഗ്രസ് നേതാക്കളെല്ലാം ജാമ്യത്തില്‍; സോണിയ, രാഹുല്‍, തരൂര്‍... ഒടുവില്‍ ചിദംബരം

ന്യൂഡല്‍ഹി: ജാമ്യത്തില്‍ കഴിയുന്ന കോണ്‍ഗ്രസ് നേതാക്കളുടെ നിരയിലെ അവസാനത്തെ പേരായി പി. ചിദംബരം. ഐ.എന്‍.എക്‌സ് മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇന്ന് രാവിലെ പത്തരയ്ക്കാണ് സുപ്രിം കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.

കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി, മുന്‍ അദ്ധ്യക്ഷനും മകനുമായ സോണിയ ഗാന്ധി, മരുമകന്‍ റോബര്‍ട്ട് വാദ്ര, എ.ഐ.സി.സി ട്രഷറര്‍ മോത്തിലാല്‍ വോറ, ഹരിയാന നേതാവ് ഭൂപേന്ദര്‍ സിങ് ഹൂഡ, തിരുവനന്തപുരം എം.പി ശശി തരൂര്‍ എന്നിവരാണ് ജാമ്യത്തില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍.

നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയെ ഏറ്റെടുക്കാന്‍ യങ് ഇന്ത്യ എന്ന കമ്പനി തട്ടിക്കൂട്ടിയെന്നും ഈ ഇടപാടില്‍ അഴിമതി നടന്നു എന്നുമാണ് ആരോപണം.

2008ല്‍ കടക്കെണിയെ തുടര്‍ന്ന് അസോസിയേറ്റ് ജേര്‍ണല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു. എന്നാല്‍ കടം വീട്ടാന്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഫണ്ടില്‍ നിന്ന് വായ്പ നല്‍കിയെന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി ആരോപിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയാണ് കേസ് പരിഗണിക്കുന്നത്.

ഭാര്യ സുനന്ദ പുഷ്‌കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസിലാണ് തിരുവനന്തപുരം എം.പി ശശി തരൂര്‍ പ്രതിസ്ഥാനത്തുള്ളത്. ഡല്‍ഹിയിലെ പാട്യാല ഹൗസ് കോടതിയിലാണ് ഈ കേസ് നടക്കുന്നത്. ആത്മഹത്യപ്രേരണയ്ക്കും ഗാര്‍ഹിക പീഡനത്തിനുമാണ് തരൂരിനെതിരെ കേസുള്ളത്.

2014 ജനുവരി 17-നാണ് സുനന്ദയെ ഡല്‍ഹിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കൊലപാതകത്തിനാണ് ആദ്യം കേസെടുത്തതെങ്കിലും അന്വേഷണത്തില്‍ ആത്മഹത്യയായി സ്ഥിരീകരിക്കുകയായിരുന്നു.

ഭൂമി തട്ടിപ്പിനാണ് ഹൂഡയ്‌ക്കെതിരെ കേസുള്ളത്. ഹരിയാന മുഖ്യമന്ത്രിയായിരിക്കെ അസോസിയേറ്റ് ജേണല്‍ ലിമിറ്റഡ് എന്ന കമ്പനിക്ക് പഞ്ച്കുളയില്‍ അനധികൃതമായി ഭൂമി നല്‍കി എന്നാണ് കേസ്. പഞ്ച്കുളയിലെ സി.ബി.ഐ പ്രത്യേക കോടതിയിലാണ് ഇതിന്റെ വിചാരണ നടക്കുന്നത്. ഈ വര്‍ഷം ജനുവരിയിലാണ് സി.ബി.ഐ ഇദ്ദേഹത്തിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്.

ഐ.എന്‍.എക്‌സ് മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് പി. ചിദംബരത്തിന് സുപ്രിം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയും എ.എസ് ബൊപ്പണ്ണ, ഹൃഷികേഷ് റോയ് എന്നിവര്‍ അംഗങ്ങളുമായ ബഞ്ചാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് എ.എസ് ബൊപ്പണ്ണയാണ് വിധി വായിച്ചത്.

Read More >>