കണക്കു നിരത്തി, കണക്കിന് കൊടുത്ത് ചിദംബരത്തിന്റെ പത്രസമ്മേളനം; ബി.ജെ.പി മറുപടി പറയുമോ?

വരുംദിനങ്ങളിലും ഇതേക്കുറിച്ച് പറയുകയും എഴുതുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

കണക്കു നിരത്തി, കണക്കിന് കൊടുത്ത് ചിദംബരത്തിന്റെ പത്രസമ്മേളനം; ബി.ജെ.പി മറുപടി പറയുമോ?

ന്യൂഡല്‍ഹി: ജാമ്യത്തിലിറങ്ങിയ ശേഷമുള്ള ആദ്യ വാര്‍ത്താ സമ്മേളനത്തില്‍ കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങളെ അതിരൂക്ഷമായി വിമര്‍ശിച്ച് മുന്‍ കേന്ദ്രധനമന്ത്രി പി.ചിദംബരം. കണക്കുകള്‍ നിരത്തിയായിരുന്നു ചിദംബരത്തിന്റെ സംസാരം. വരുംദിനങ്ങളിലും ഇതേക്കുറിച്ച് പറയുകയും എഴുതുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.

>ചിദംബരം പറഞ്ഞ കാര്യങ്ങള്‍ ഇങ്ങനെ;

1- സര്‍ക്കാര്‍ ശരിയായ കാര്യങ്ങളല്ല ചെയ്തു കൊണ്ടിരിക്കുന്നത്. അവര്‍ തെറ്റു ചെയ്യുന്നത് അവര്‍ക്ക് അതേക്കുറിച്ച് നിശ്ചയമില്ലാത്തതു കൊണ്ടാണ്. വളര്‍ച്ച അഞ്ചു ശതമാനത്തിലെത്തിയതില്‍ നമ്മള്‍ ഭാഗ്യവാന്മാരാണ്.

2- പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക മേഖലയെ കുറിച്ച് നിശ്ശബ്ദനാണ്. മന്ത്രിമാര്‍ വെറുതെ ബഹളമുണ്ടാക്കുകയാണ്. മൊത്തം ഫലം, എകണോമിസ്റ്റ് മാഗസിന്‍ പറഞ്ഞ പോലെ, സര്‍ക്കാറിന് കാര്യശേഷിയില്ലാതായി മാറി

3- ഈ സാമ്പത്തിക വര്‍ഷത്തിലെ ഏഴു മാസങ്ങള്‍ക്കു ശേഷവും സമ്പദ് രംഗത്തെ പ്രശ്‌നങ്ങള്‍ ചാക്രികമാണ് എന്നാണ് സര്‍ക്കാര്‍ വിശ്വസിക്കുന്നത്. ഇത് തെറ്റാണ് കാരണം. അവര്‍ക്ക് ഇതേക്കുറിച്ച് അറിയില്ല. നോട്ടുനിരോധനം, തെറ്റായ ജി.എസ്.ടി, നികുതി ഭീകരത, പ്രധാനമന്ത്രിയുടെ ഓഫീസിന്റെ കേന്ദ്രീകൃത നിയന്ത്രണം തുടങ്ങിയവ കൊണ്ടുള്ള ദുരന്തമാണിത്. ഇപ്പോള്‍ ചാക്രികം എന്നാണ് അവര്‍ പ്രതിസന്ധിയെ വിശേഷിപ്പിക്കുന്നത്. സീസണല്‍ എന്നു പറയാത്തത് ഭാഗ്യം. ഈ പ്രതിസന്ധി ഘടനാപരമാണ്. ഘടനാപരമായ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സര്‍ക്കാറിന്റെ പക്കല്‍ പരിഹാരങ്ങളൊന്നുമില്ല

4- സമ്പദ് മേഖലയെ രക്ഷിക്കാനാകും, എന്നാല്‍ ഈ സര്‍ക്കാര്‍ അതിന് അശക്തമാണ്. ഇപ്പോഴത്തെ മാന്ദ്യം ഇല്ലാതാക്കി വളര്‍ച്ചയിലേക്ക് എത്തിക്കാന്‍ കോണ്‍ഗ്രസിന് മറ്റു ചില പാര്‍ട്ടികള്‍ക്കും കഴിയും. എന്നാല്‍ ഞങ്ങള്‍ നല്ല സമയത്തിനു വേണ്ടി കാത്തിരിക്കേണ്ടിയിരിക്കുന്നു.

5- 2004നും 2014നും ഇടയില്‍ 140 ദശലക്ഷം ജനങ്ങളെയാണ് യു.പി.എ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റിയത്. 2016ന് ശേഷം എന്‍.ഡി.എ ദശലക്ഷക്കണക്കിന് പേരെ ദാരിദ്ര്യ രേഖയ്ക്ക് താഴെയാക്കി

6 - ജനങ്ങളുടെ പണമില്ലാത്തതു കൊണ്ട് ആവശ്യവുമില്ല. ആവശ്യം വര്‍ദ്ധിച്ചില്ലെങ്കില്‍ ഉദ്പാദനം വര്‍ദ്ധിക്കില്ല. അതുവഴി ലഭിക്കേണ്ട നിക്ഷേപവും വരില്ല.

7 - മൊത്തവില ഉയരുന്നു. ഉപഭോക്തൃ വില സൂചികയും ഉയര്‍ന്നു തന്നെ. ഉള്ളി കിലോ നൂറു രൂപയ്ക്കാണ് വില്‍ക്കുന്നത്. ഇതെല്ലാം എന്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്?

8- ഗ്രാമീണ വേതനം കുറഞ്ഞുവെന്ന് സ്റ്റാറ്റിറ്റിക്‌സ് ഓഫീസിന്റെ കണക്കുകള്‍ പറയുന്നു. നിര്‍മാതാക്കളുടെ, പ്രത്യേകിച്ചും കര്‍ഷകര്‍ക്ക് കിട്ടേണ്ട വില കിട്ടുന്നില്ല. ദിവസക്കൂലിക്കാര്‍ക്ക് മാസത്തില്‍ 15 ദിവസമേ ജോലിയുള്ളൂ.

9 - ബാങ്കുകള്‍, നിക്ഷേപകര്‍, ക്രഡിറ്റ് ഏജന്‍സികള്‍, കമ്പനി ഡയറക്ടര്‍മാര്‍, എകോണമിസ്റ്റ്, വാള്‍സ്ട്രീറ്റ് ജേണല്‍, ടൈം മാഗസിനുകള്‍ എല്ലാവരും അക്കങ്ങള്‍ നോക്കുന്നുണ്ട്. ഓരോ അക്കവും വികൃതമായ സാമ്പദ് രംഗമാണ് മുന്നില്‍ കാണിച്ചു തരുന്നത്.

10 - പുതിയ രീതി പ്രകാരമാണ് ജി.ഡി.പി അഞ്ചു ശതമാനത്തില്‍ എത്തി നില്‍ക്കുന്നത്. ഡോ. അരവിന്ദ് സുബ്രഹ്മണ്യം ജി.ഡി.പി കണക്കു കൂട്ടുന്നതിലെ പൊരുത്തക്കേട് ചൂണ്ടിക്കാട്ടിയിരുന്നു. യഥാര്‍ത്ഥ ജി.ഡി.പി ഇപ്പോള്‍ 1.5 ശതമാനത്തില്‍ താഴെയാണ്.

ചിദംബരം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് ബി.ജെ.പി മറുപടി പറയുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. നേരത്തെ, പാര്‍ലമെന്റില്‍ നടത്തിയ ചര്‍ച്ചയില്‍ സമ്പദ് മേഖലയില്‍ മാന്ദ്യം ഉണ്ടെന്നും എന്നാല്‍ താത്കാലികമാണ് എന്നുമാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നത്.

Read More >>