ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങളെ പൊളിച്ചടുക്കാന്‍ ചിദംബരം; നാളെ പാര്‍ലമെന്റില്‍ എത്തും- ഉറ്റുനോക്കി രാഷ്ട്രീയ ലോകം

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും ജി.ഡി.പി വളര്‍ച്ചാ നിരക്ക് താഴ്ന്നതോടെ ചിദംബരത്തിന്റെ പ്രസംഗത്തെ കൗതുകത്തോടെയാണ് രാഷ്ട്രീയ ലോകം കാത്തിരിക്കുന്നത്.

ബി.ജെ.പിയുടെ സാമ്പത്തിക നയങ്ങളെ പൊളിച്ചടുക്കാന്‍ ചിദംബരം; നാളെ പാര്‍ലമെന്റില്‍ എത്തും- ഉറ്റുനോക്കി രാഷ്ട്രീയ ലോകം

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ കേസില്‍ ജാമ്യം ലഭിച്ച മുന്‍ കേന്ദ്രധനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി.ചിദംബരം നാളെ പാര്‍ലമെന്റിലെത്തും. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് ചിദംബരം പാര്‍ലമെന്റില്‍ സംസാരിക്കുമെന്നും മകന്‍ കാര്‍ത്തി ചിദംബരം വാര്‍ത്താ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ജാമ്യം തീര്‍ച്ചയായും ഇത് ആശ്വാസകരമാണെന്നും സന്തോഷമുണ്ടെന്നും കാര്‍ത്തി കൂട്ടിച്ചേര്‍ത്തു. 106 ദിവസത്തെ കസ്റ്റഡി കാലാവധിക്കു ശേഷമാണ് ചിദംബരം പുറത്തെത്തുന്നത്. ജയിലില്‍ കഴിഞ്ഞിരുന്ന മുന്‍ കേന്ദ്രമന്ത്രിയെ സോണിയ ഗാന്ധി അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു.

ജയിലിലിരിക്കെ കേന്ദ്രസര്‍ക്കാറിന്റെ സാമ്പത്തിക നയങ്ങളെ ചിദംബരം രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ട്വിറ്ററിലൂടെയായിരുന്നു ചിദംബരത്തിന്റെ പ്രതികരണങ്ങള്‍. ജി.ഡി.പി നമ്പറുകള്‍ അപ്രസക്തമെന്ന് പറഞ്ഞ ബി.ജെ.പി നേതാക്കളുടെ പ്രസ്താവനയോട് ദൈവം ഇന്ത്യയെ രക്ഷിക്കട്ടെ എന്നാണ് അദ്ദേഹം പറഞ്ഞിരുന്നത്. ഒരു വേള കോടതി മുറിയില്‍ നിന്ന് പുറത്തു പോകുന്നതിനിടെ, സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദത്തിലെ അഞ്ചു ശതമാനം വളര്‍ച്ചയെയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. അഞ്ചു വിരലും ഉയര്‍ത്തിക്കാണിച്ചായിരുന്നു പരിഹാസം. ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും വലിയ താഴ്ചയിലേക്ക് രാജ്യത്തിന്റെ ജി.ഡി.പി വീണതിനെ കുറിച്ചായിരുന്നു ഈ പ്രതികരണം.

സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും ജി.ഡി.പി വളര്‍ച്ചാ നിരക്ക് താഴ്ന്നതോടെ മുന്‍ ധനമന്ത്രിയുടെ പ്രസംഗത്തെ കൗതുകത്തോടെയാണ് രാഷ്ട്രീയ ലോകം കാത്തിരിക്കുന്നത്. കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പ് കേന്ദ്രത്തിന്റെ സാമ്പത്തിക നയങ്ങളെ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിലെഴുതിയ കോളത്തില്‍ ചിദംബരം രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

2019-20 വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) വളര്‍ച്ചാ നിരക്ക് 4.5 ശതമാനത്തിലാണ്. 2018-19ല്‍ ഇതേ വേളയില്‍ 7.1 ശതമാനം വളര്‍ച്ച കൈവരിച്ച ഘട്ടത്തില്‍ നിന്നാണ് ജി.ഡി.പിയില്‍ കുത്തനെയുള്ള ഇടിവുണ്ടാകുന്നത്.

ജി.ഡി.പിയിലെ ഒരു ശതമാനം വീഴ്ച ഒന്നര ലക്ഷം കോടിയുടെ ദേശീയ വരുമാനം ഇല്ലാതാക്കുകയും പത്തു ലക്ഷം പേരുടെ തൊഴില്‍ നഷ്ടപ്പെടുത്തുകയും ചെയ്യും എന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ഇതു പരിഗണിക്കുമ്പോള്‍ ഒരു വര്‍ഷത്തിനിടെ മാത്രം മുപ്പത് ലക്ഷത്തിലേറെ ആളുകള്‍ക്കാണ് രാജ്യത്ത് തൊഴില്‍ നഷ്ടമായിട്ടുള്ളത്.

2018 ലെ രണ്ടാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ 2.6 ശതമാനത്തിന്റെ കുറവാണ് ജി.ഡി.പിയില്‍ ഉണ്ടായിട്ടുള്ളത്. അത്രയും തൊഴില്‍ ഇല്ലാതായി, അത്രയും ഉപഭോഗം കുറഞ്ഞു എന്നര്‍ത്ഥം.

ആറു വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം വളര്‍ച്ചയാണ് ഇപ്പോഴത്തേത്. 2012-13 സാമ്പത്തിക വര്‍ഷത്തെ ജനുവരി-മാര്‍ച്ച് പാദത്തിലെ വളര്‍ച്ചയായിരുന്നു ഇതിനു മുമ്പത്തെ ഏറ്റവും കുറവ്; 4.3 ശതമാനം. ഈ വര്‍ഷം തുടര്‍ച്ചായ രണ്ടാം പാദത്തിലും വളര്‍ച്ചയില്‍ കുറവ് രേഖപ്പെടുത്തി. ആദ്യ പാദത്തില്‍ അഞ്ചു ശതമാനമായിരുന്നു വളര്‍ച്ച.

Read More >>