കോണ്‍ഗ്രസ് അനുദിനം ക്ഷയിക്കുന്നു; രക്ഷിക്കാന്‍ പ്രിയങ്കയ്ക്കേ ആകൂ- മൂഡ് ഓഫ് നാഷണ്‍ സര്‍വേ

65 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് രാജ്യത്ത് ഇനി കുടുംബ വാഴ്ചയ്ക്ക് സ്ഥാനമില്ലെന്നാണ്

കോണ്‍ഗ്രസ് അനുദിനം ക്ഷയിക്കുന്നു; രക്ഷിക്കാന്‍ പ്രിയങ്കയ്ക്കേ ആകൂ- മൂഡ് ഓഫ് നാഷണ്‍ സര്‍വേ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ക്രമേണ നിഷ്‌ക്രമിച്ചു കൊണ്ടിരിക്കുകയാണെന്നും രാഷ്ട്രീയത്തില്‍ കുടുംബാധിപത്യത്തിന് സ്ഥാനമില്ലെന്നും മൂഡ് ഓഫ് ദ നാഷണ്‍- ഇന്ത്യ ടുഡേ സര്‍വേ. നിലവിലെ അവസ്ഥയില്‍ നിന്ന് രക്ഷിക്കാന്‍ ഏറ്റവും യോഗ്യയായ നേതാവ് പ്രിയങ്ക ഗാന്ധിയാണെന്നും സര്‍വേ അഭിപ്രായപ്പെടുന്നു.

സര്‍വേയില്‍ പങ്കെടുത്ത അമ്പത് ശതമാനം പേരും കോണ്‍ഗ്രസ് ക്ഷയിച്ചു കൊണ്ടിരിക്കുന്നു എന്നാണ് അഭിപ്രായപ്പെട്ടത്. 37 പേര്‍ അങ്ങനെ ഉണ്ടാകില്ല എന്ന വിലയിരുത്തല്‍ നടത്തിയപ്പോള്‍ 13 ശതമാനം പേര്‍ വിഷയത്തില്‍ പ്രതികരിച്ചില്ല.

പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ ആര്‍ക്കു കഴിയുമെന്ന ചോദ്യത്തിന് ഏറ്റവും കൂടുതല്‍ പേര്‍ അഭിപ്രായപ്പെട്ടത് പ്രിയങ്ക ഗാന്ധിയുടെ പേരാണ്. എന്നാല്‍ 15 ശതമാനം പേര്‍ മാത്രമാണ് പ്രിയങ്കയ്ക്ക് അനുകൂലമായി പ്രതികരിച്ചത്. ഏഴു ശതമാനം പേര്‍ സോണിയയുടെ പേര്‍ നിര്‍ദ്ദേശിച്ചു. സ്ഥാനമൊഴിഞ്ഞ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധിക്ക് പാര്‍ട്ടിയെ വീണ്ടും ജീവിപ്പിക്കാനാകും എന്ന് അഭിപ്രായപ്പെട്ടത് 11 ശതമാനം പേര്‍.

എന്നാല്‍ 65 ശതമാനം പേര്‍ അഭിപ്രായപ്പെട്ടത് രാജ്യത്ത് ഇനി കുടുംബ വാഴ്ചയ്ക്ക് സ്ഥാനമില്ലെന്നാണ്.

നേരത്തെ, ഇതുവരെയുള്ള പ്രധാനമന്ത്രിമാരില്‍ ഏറ്റവും മികച്ചത് നരേന്ദ്രമോദിയാണെന്ന് സര്‍വേ പറഞ്ഞിരുന്നു. സര്‍വേയില്‍ പങ്കെടുത്ത 37 ശതമാനം പേരും മികച്ച പ്രധാനമന്ത്രിയായി മോദിയെ തെരഞ്ഞെടുത്തു. രണ്ടാം സ്ഥാനത്തു വന്ന ഇന്ദിരാഗാന്ധിയെ തെരഞ്ഞെടുത്തത് 14 ശതമാനം പേരാണ്. വാജ്‌പേയി ആണ് മൂന്നാം സ്ഥാനത്ത്.

ഒമ്പത് ശതമാനം പേര്‍ മാത്രമാണ് ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേര് പറഞ്ഞത്. ലാല്‍ ബഹദൂര്‍ ശാസ്ത്രിക്കും രാജീവ്ഗാന്ധിക്കും ആറു ശതമാനം വോട്ടു കിട്ടി. മന്‍മോഹന്‍സിങ് അഞ്ചു ശതമാനം വോട്ടും ഗുല്‍സാരിലാല്‍ നന്ദയ്ക്ക് മൂന്നു ശതമാനം വോട്ടുമാണ് കിട്ടിയത്.

വര്‍ഷം പ്രതി ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയുമായി സഹകരിച്ചാണ് മൂഡ് ഓഫ് നാഷണ്‍ സര്‍വേ നടത്താറുള്ളത്. ആന്ധ്ര, അസം, ബിഹാര്‍, ഛത്തീസ്ഗഡ്, ഡല്‍ഹി, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, കര്‍ണാടക, കേരള, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, രാജസ്ഥാന്‍, തമിഴ്‌നാട്, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍ സംസ്ഥാനങ്ങളില്‍ സര്‍വേ നടത്തിയതായി നടത്തിപ്പുകാര്‍ അവകാശപ്പെടുന്നു.

Read More >>