കോണ്‍ഗ്രസിലെ വനിതാമുഖത്തില്‍ രണ്ടു കോഴിക്കോട്ടുകാര്‍

കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസിന്റെയും കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ വിദ്യാ ബാലകൃഷ്ണന്റെയും പേരുകളാണ് അവസാന പട്ടികയില്‍ സ്ഥാനം പിടിച്ചത്.

കോണ്‍ഗ്രസിലെ വനിതാമുഖത്തില്‍ രണ്ടു കോഴിക്കോട്ടുകാര്‍

ഗ്രൂപ്പ് വടംവലി മൂലം മുടങ്ങിയ കേരളത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയിലെ വനിതാ മുഖങ്ങളില്‍ രണ്ടു കോഴിക്കോട്ടുകാര്‍. കോഴിക്കോട് കുന്ദമംഗലത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസിന്റെയും കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ വിദ്യാ ബാലകൃഷ്ണന്റെയും പേരുകളാണ് അവസാന പട്ടികയില്‍ സ്ഥാനം പിടിച്ചത്.

ആലത്തൂര്‍ മണ്ഡലത്തിലാണ് രമ്യ ഹരിദാസ് സ്ഥാനാര്‍ത്ഥിയാവാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി രമ്യ ഉറപ്പിക്കുമ്പോള്‍ അത് കഴിവിനുള്ള അംഗീകാരം കൂടിയാകുന്നു.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആറു വര്‍ഷം മുന്‍പ് ഡല്‍ഹിയില്‍ നടന്ന ടാലന്റ് ഹണ്ട് വഴി പാര്‍ട്ടിയുടെ ശ്രദ്ധ നേടിയത്. പരിപാടിയില്‍ നിലപാടുകളും അഭിപ്രായങ്ങളും വ്യക്തമാക്കി രമ്യ രാഹുലിന്റെ അടക്കം ശ്രദ്ധ പിടിച്ചു പറ്റി.

കുന്ദമംഗലം കുറ്റിക്കാട്ടൂരിലെ പിപി ഹരിദാസിന്റെയും രാധയുടെയും മകളായ രമ്യ ഹരിദാസ് ജവഹര്‍ ബാലജനവേദിയിലൂടെയാണ് കടന്നു വന്നത്. തുടര്‍ന്ന് കെ.എസ്.യു സജീവ പ്രവര്‍ത്തകായി. യൂത്ത് കോണ്‍ഗ്രസ്സ് കോഴിക്കോട് പാര്‍ലമെന്റ് സെക്രട്ടറി ആയിരുന്നു. ഇപ്പോള്‍ യൂത്ത് കോണ്‍ഗ്രസിന്റെ അഖിലേന്ത്യാ കോര്‍ഡിനേറ്ററാണ്. ഗാന്ധിയന്‍ സംഘടനയായ ഏകതാപരിഷത്തിന്റെ മുഖ്യപ്രവര്‍ത്തകയായി. ഏകതാപരിഷത്ത് നടത്തിയ ആദിവാസി ദളിത് സമരങ്ങളില്‍ സജീവമായി പങ്കെടുത്തു. 2012ല്‍ ജപ്പാനില്‍ നടന്ന ലോകയുവജന സമ്മേളനത്തില്‍ പങ്കെടുത്തു. കോഴിക്കോട് നെഹ്റു യുവകേന്ദ്രയുടെ 2007 ലെ പൊതു പ്രവര്‍ത്തക അവാര്‍ഡ് രമ്യ കരസ്ഥമാക്കി. ബി എ മ്യൂസിക് ബിരുധദാരിയായ രമ്യ ജില്ലാ സംസ്ഥാന സ്‌കൂള്‍ കലോല്‍ത്സവ നൃത്ത സംഗീത വേദികളില്‍ നിറഞ്ഞു നിന്ന കലാകാരിയായിരുന്നു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വിദ്യാ ബാലകൃഷ്ണനാണ് പട്ടികയിലെ രണ്ടാമത്തെ കോഴിക്കോട്ടുകാരി. വടകര പാര്‍ലമെന്റ് മണ്ഡലത്തിലാണ് വിദ്യായുടെ പേര് ഉയര്‍ന്നു വരുന്നത്. നിലവില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കൗണ്‍സിലാണ്. കെ എസ് യു വിലൂടെ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിച്ച വിദ്യ കോഴിക്കോട് കോര്‍പ്പറേഷന്‍ അംഗം എന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. കോണ്‍ഗ്രസ് പാരമ്പര്യം പേറുന്ന വിദ്യ ചേവായൂര്‍ വാര്‍ഡില്‍ രണ്ട് വട്ടം വിജയം നേടിയിട്ടുണ്ട്. അഭിഭാഷക കൂടിയായ വിദ്യ സ്വാശ്രയ ഫീസ് വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കരിങ്കൊടി കാട്ടിയാണ് ശ്രദ്ധ നേടിയത്. മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിക്കുന്ന വിദ്യയുടെ ചിത്രം സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.

Read More >>