കൊറോണ: മരണം 20,000 കവിഞ്ഞു, മരണനിരക്കില്‍ ചൈനയെ മറികടന്ന് സ്‌പെയിന്‍

450,000 പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ട്.

കൊറോണ: മരണം 20,000 കവിഞ്ഞു, മരണനിരക്കില്‍ ചൈനയെ മറികടന്ന് സ്‌പെയിന്‍

ലണ്ടന്‍: ആഗോളതലത്തില്‍ കൊറോണ വൈറസ് ബാധയേറ്റ് മരിച്ചവരുടെ എണ്ണം ഇരുപതിനായിരം കവിഞ്ഞു. 20,499 പേരാണ് ഇതുവരെ മരണത്തിന് കീഴടങ്ങിയത്. 450,000 പേര്‍ക്ക് അസുഖം ബാധിച്ചിട്ടുണ്ട്.

മരണ നിരക്കില്‍ ചൈനയെ പിന്നിലാക്കി സ്‌പെയിന്‍ രണ്ടാമതെത്തി. 3,434 പേരാണ് ഇതുവരെ സ്‌പെയിനില്‍ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 738 മരണങ്ങളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. കൊറോണയുടെ പ്രഭവ രാജ്യമായ ചൈനയില്‍ 3281 പേരാണ് മരിച്ചത്. സ്പാനിഷ് ഉപപ്രധാനമന്ത്രി കാര്‍മന്‍ കാല്‍വോയ്ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവര്‍ ആശുപത്രിയില്‍ ക്വാറന്റൈനിലാണ്.

ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്ത ഇറ്റലിയില്‍ നാലാം ദിനം വൈറസ് ബാധയുടെ എണ്ണം കുറഞ്ഞു. ബുധനാഴ്ച 3,491 കേസാണ് റിപ്പോര്‍ട്ട് ചെയ്തത്. ചൊവ്വാഴ്ച ഇത് 3,612 കേസായിരുന്നു. ആകെ 57,521 പേര്‍ക്കാണ് അസുഖം ബാധിച്ചിട്ടുള്ളത്. 7,503 പേര്‍ മരണത്തിന് കീഴടങ്ങി.

വൈറസ് ഏറെ ബാധിച്ച ഇറാനില്‍ ബുധനാഴ്ച 143 പേരാണ് മരിച്ചത്. മൊത്തം മരിച്ചവര്‍ രണ്ടായിരം കവിഞ്ഞു-2077.

ഫ്രാന്‍സിലും സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാകുന്നു എന്നാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച മാത്രം രാജ്യത്ത് മരിച്ചത് 240 പേര്‍. മൊത്തം മരണം 1100.

Next Story
Read More >>