പ്രതിഷേധിക്കുന്നവരെ ദേശദ്രോഹികള്‍ എന്നു വിളിക്കുന്നത് എങ്ങനെ? പ്രതിഷേധം അവകാശമാണ്, ഇത് ജനാധിപത്യ റിപ്പബ്ലിക് ആണ് എന്നോര്‍മ വേണം - ബോംബെ ഹൈക്കോടതി

പൗരത്വഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന സമരത്തെ ബി.ജെ.പി ദേശദ്രോഹമായി ചിത്രീകരിക്കുന്ന വേളയിലാണ് ജസ്റ്റിസ് എം.ജി സെവ്‌ലികാര്‍, ടി.വി നലാവാഡെ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം.

പ്രതിഷേധിക്കുന്നവരെ ദേശദ്രോഹികള്‍ എന്നു വിളിക്കുന്നത് എങ്ങനെ? പ്രതിഷേധം അവകാശമാണ്, ഇത് ജനാധിപത്യ റിപ്പബ്ലിക് ആണ് എന്നോര്‍മ വേണം - ബോംബെ ഹൈക്കോടതി

ബോംബെ: ഏതു നിയമത്തിന് എതിരെയും സമാധാനപരമായി പ്രതിഷേധിക്കാന്‍ ആര്‍ക്കും അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. നിയമത്തിന് എതിരെ പ്രതിഷേധിക്കുന്നവരെ എങ്ങനെയാണ് വഞ്ചകര്‍ എന്നും ദേശദ്രോഹികള്‍ എന്നും വിളിക്കുന്നത് എന്നും കോടതി ചോദിച്ചു. പൗരത്വഭേദഗതി നിയമത്തിനെതിരെ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ നടക്കുന്ന സമരത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം.

പൗരത്വഭേദഗതിക്കെതിരെ രാജ്യവ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന സമരത്തെ ബി.ജെ.പി ദേശദ്രോഹമായി ചിത്രീകരിക്കുന്ന വേളയിലാണ് ജസ്റ്റിസ് എം.ജി സെവ്‌ലികാര്‍, ടി.വി നലാവാഡെ എന്നിവര്‍ അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെ നിരീക്ഷണം.

'സമാധാനപരമായി ഏതു വ്യക്തിക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. അവരെ ദേശദ്രോഹികള്‍ എന്നോ വഞ്ചകര്‍ എന്നോ വിളിക്കരുത്. കാരണം അവര്‍ ഒരു നിയമത്തെയാണ് എതിര്‍ക്കുന്നത്' -കോടതി ചൂണ്ടിക്കാട്ടി.

ഏതെങ്കിലും നിയമം (സി.എ.എ) ഭരണഘടനയുടെ 14-ാം വകുപ്പ് അനുശാസിക്കുന്ന സമത്വത്തിന് എതിരാണ് എങ്കില്‍ ഭരണഘടനയിലെ തന്നെ 19-ാം വകുപ്പ് പ്രകാരം അതിനെ എതിര്‍ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. നമ്മള്‍ ജനാധിപത്യ റിപ്പബ്ലികാണ് എന്നോര്‍ക്കണം. നമ്മുടെ ഭരണഘടനയുടെ നിയമമാണ് നടപ്പാക്കേണ്ടത്. ഭൂരിപക്ഷത്തിന്റെ നിയമമല്ല. ഏതെങ്കിലും നിയമം ഏതെങ്കിലും മതത്തിന്റെ താത്പര്യത്തിന് വിരുദ്ധമാണ് എന്നു തോന്നുന്നുവെങ്കില്‍ അതിനെ എതിര്‍ക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. അതവരുടെ വിശ്വാസത്തിന്റെയും ബോദ്ധ്യത്തിന്റെയും വിഷയമാണ്. അതിലേക്ക് പോകാന്‍ കോടതി ആഗ്രഹിക്കുന്നില്ല- കോടതി ചൂണ്ടിക്കാട്ടി.

മൗലികാവകാശം വിനിയോഗിക്കുന്നത് ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്ന വാദത്തിനും കോടതി മറുപടി നല്‍കി. അത്തരം കേസുകളില്‍ ആ വ്യക്തികളെ സമീപിക്കേണ്ടതും സംസാരിക്കേണ്ടതും ബോദ്ധ്യപ്പെടുത്തേണ്ടതും സര്‍ക്കാറിന്റെ ഉത്തരവാദിത്വമാണ് എന്നായിരുന്നു കോടതിയുടെ പ്രതികരണം.

സമാധാനപരമായ നിരവധി സമരങ്ങളുടെ പാരമ്പര്യമാണ് ഇന്ത്യയ്ക്കുള്ളത് എന്ന് കോടതി ചൂണ്ടിക്കാട്ടി. 'സ്വന്തം സര്‍ക്കാറിനെതിരെ ജനങ്ങള്‍ സമരം ചെയ്യേണ്ടി വരുന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തരുത്' - കോടതി പറഞ്ഞു.

Read More >>