എസ്.പി.ജി കവചം നീക്കിയതിന് പിന്നാലെ പ്രിയങ്കയുടെ വീട്ടില്‍ വന്‍ സുരക്ഷാ വീഴ്ച- വീട്ടിലേക്ക് കാര്‍ ഇടിച്ചു കയറി

സംഭവത്തില്‍ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനില്‍ പ്രിയങ്ക പരാതി നല്‍കിയിട്ടുണ്ട്.

എസ്.പി.ജി കവചം നീക്കിയതിന് പിന്നാലെ പ്രിയങ്കയുടെ വീട്ടില്‍ വന്‍ സുരക്ഷാ വീഴ്ച- വീട്ടിലേക്ക് കാര്‍ ഇടിച്ചു കയറി

ന്യൂഡല്‍ഹി: സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഫോഴ്‌സിന്റെ (എസ്.പി.ജി) സുരക്ഷാ കവചം എടുത്തു കളഞ്ഞതിനു ആഴ്ചകള്‍ക്കകം, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ വീട്ടില്‍ സുരക്ഷാ വീഴ്ച. മദ്ധ്യഡല്‍ഹിയിലെ അതീവ സുരക്ഷാ മേഖലയായ ലോധി എസ്‌റ്റേറ്റിലെ വീട്ടിലേക്ക് കാര്‍ പ്രവേശിക്കുകയായിരുന്നു. കാറില്‍ ഒരു കുട്ടി അടക്കം ആറു പേരുണ്ടായിരുന്നു. ഇതില്‍ മൂന്നു പേര്‍ സ്ത്രീകളായിരുന്നു. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഒരു യോഗത്തിലായിരുന്നു പ്രിയങ്ക.

പ്രിയങ്കയുടെ വീടിന്റെ കാര്‍ പോര്‍ച്ചിനടുത്ത് നിര്‍ത്തിയ കാറില്‍ നിന്ന് വീട്ടിലെ പൂന്തോട്ടത്തിനു നേരെ നടന്നു. എന്നിട്ട് കോണ്‍ഗ്രസ് നേതാവിനൊപ്പം ഒരു സെല്‍ഫി ആവശ്യപ്പെട്ടു. ഫോട്ടോയെടുക്കാനായി ഉത്തര്‍പ്രദേശില്‍ നിന്ന് വരികയാണ് തങ്ങള്‍ എന്നാണ് കുടുംബം പറഞ്ഞത് എന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സംഭവത്തില്‍ തുഗ്ലക് റോഡ് പൊലീസ് സ്റ്റേഷനില്‍ പ്രിയങ്ക പരാതി നല്‍കിയിട്ടുണ്ട്. നവംബര്‍ 25നായിരുന്നു ഗുരുതരമായ സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവം സി.ആര്‍.പി.എഫിനെയും പ്രിയങ്ക അറിയിച്ചു. ഉദ്യോഗസ്ഥരെ സേന സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ അറിയില്ലെന്ന് ആഭ്യന്തര സഹമന്ത്രി ജി. കിഷന്‍ റെഡ്ഢി പറഞ്ഞു.

നവംബര്‍ 21ന്, ഗാന്ധി കുടുംബത്തിന്റെ എസ്.പി.ജി. സുരക്ഷ എടുത്തു കളഞ്ഞതിനെതിരെ പ്രിയങ്ക സംസാരിച്ചിരുന്നു. തീരുമാനം രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്നായിരുന്നു അവരുടെ കുറ്റപ്പെടുത്തല്‍. കേന്ദ്ര തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സഭയില്‍ സംസാരിച്ചിരുന്നു. തീരുമാനത്തെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും രംഗത്തെത്തിയിരുന്നു.

രാജീവ്ഗാന്ധി കൊല്ലപ്പെട്ടതിന് പിന്നാലെ 1985ലാണ് ഗാന്ധി കുടുംബത്തിന് എസ്.പി.ജി സുരക്ഷ ഏര്‍പ്പെടുത്തിയത്. നിലവില്‍ കുടുംബത്തിന് സുരക്ഷാ ഭീഷണിയില്ലെന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങിന്റെ എസ്.പി.ജി സുരക്ഷയും കേന്ദ്രം പിന്‍വലിച്ചിരുന്നു. എസ്.പി.ജിക്ക് പകരം ഇപ്പോള്‍ സി.ആര്‍.പി.എഫിന്റെ സുരക്ഷയ്ക്ക് കീഴിലാണ് ഗാന്ധി കുടുംബം.

Read More >>