ഇന്ത്യന്‍ കമ്പനികളുടെ കടം പെരുകുന്നു; ആര്‍.ബി.ഐക്കും പിടിച്ചുനിര്‍ത്താനാകുന്നില്ല- കേന്ദ്രത്തിന് പുതിയ തലവേദന

വില്‍പ്പനയിലെ കുറവും വളര്‍ച്ചാ മുരടിപ്പുമാണ് കമ്പനികളെ ബാധിച്ചത്

ഇന്ത്യന്‍ കമ്പനികളുടെ കടം പെരുകുന്നു; ആര്‍.ബി.ഐക്കും പിടിച്ചുനിര്‍ത്താനാകുന്നില്ല- കേന്ദ്രത്തിന് പുതിയ തലവേദന

മുംബൈ: സാമ്പത്തിക മാന്ദ്യത്തിനു പിന്നാലെ ഇന്ത്യന്‍ കമ്പനികളുടെ പൊതുകടം പെരുകുന്നു. റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി പ്രധാന പലിശ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടും കമ്പനികള്‍ വായ്പാ തിരിച്ചടവില്‍ ദുര്‍ബല സ്ഥിതിയിലാണ് ഉള്ളത് എന്ന് സാമ്പത്തിക മാദ്ധ്യമമായ ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

വായപകളില്‍ പലിശ തിരിച്ചടയ്ക്കുന്നതിന്റെ ശേഷി കണക്കാക്കുന്ന ഇന്ററസ്റ്റ് കവറേജ് റേഷ്യോ (ഐ.സി.ആര്‍) വന്‍ ഇടിവിലാണിപ്പോള്‍. തുടര്‍ച്ചയായ പതിമൂന്ന് പാദങ്ങളിലെ ഏറ്റവും കുറവ് അനുപാദമാണ് ഈ ജൂണില്‍ കമ്പനികള്‍ക്കുള്ളത്. വില്‍പ്പനയിലെ കുറവും വളര്‍ച്ചാ മുരടിപ്പുമാണ് കമ്പനികളെ ബാധിച്ചത്.

ബോംബെ സ്‌റ്റോക് എക്‌സേഞ്ചില്‍ രജിസ്റ്റര്‍ ചെയ്ത 335 പൊതു വ്യാപാരക്കമ്പനികളുടെ (ബാങ്കുകള്‍, ഓയില്‍-ഗ്യാസ് കമ്പനികള്‍ എന്നിവ ഒഴികെ) ഐ.സി.ആര്‍ ജൂണ്‍പാദത്തില്‍ 3.3 മടങ്ങ് താഴ്ചയാണ് കാണിക്കുന്നത്. ഐ.സി.ആര്‍ കുറയുന്നത് വരുമാനത്തില്‍ നിന്ന് പലിശ അടക്കാനുള്ള ശേഷി കുറയുന്നതിന്റെ സൂചനയാണ്.

ജൂണ്‍ പാദത്തില്‍ കമ്പനികളുടെ മൊത്തം പലിശ മൂല്യം 25.6 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് ഇത് 21.3 ശതമാനം മാത്രമായിരുന്നു.

ടെലികോം, കണ്‍സ്ട്രക്ഷന്‍ മേഖലയിലെ കമ്പനികളുടെ പലിശബാദ്ധ്യതയില്‍ വന്‍ തോതില്‍ വര്‍ദ്ധനവ് വന്നതായി ക്രഡിറ്റ് റേറ്റിങ് ഏജന്‍സിയായ ഐ.സി.ആര്‍.എ റിസര്‍ച്ച് റിപ്പോര്‍ട്ട് പറയുന്നു.

അടിസ്ഥാന പലിശ നിരക്കുകളില്‍ ആര്‍.ബി.ഐ 110 ബേസ് പോയിന്റ് കുറച്ചതിന് ശേഷമാണ് കമ്പനികളുടെ പലിശ ബാദ്ധ്യത ഇത്രയും ഉയര്‍ന്ന നിലയില്‍ നില്‍ക്കുന്നത്. ഫെബ്രുവരി, ഏപ്രില്‍, ജൂണ്‍ പാദങ്ങളില്‍ 25 പോയിന്റാണ് ആര്‍.ബി.ഐ കുറച്ചത് എങ്കില്‍ ഓഗസ്റ്റില്‍ അപ്രതീക്ഷിതമായി 35 ബേസിസ് പോയിന്റാണ് കുറവ് വരുത്തിയത്.

>ആഗോള കമ്പനികള്‍ക്ക് ഇന്ത്യയില്‍ താത്പര്യം കുറവ്

ഇന്ത്യന്‍ വിപണിയില്‍ ആഗോള കമ്പനികള്‍ താത്പര്യം കാണിക്കുന്നില്ലെന്ന് നേരത്തെ ആര്‍.ബി.ഐ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ വന്ന കുറവ് ചൂണ്ടിക്കാട്ടിയാണ് ആര്‍.ബി.ഐ ഇത്തരമൊരു നിഗമനത്തില്‍ എത്തിയിരുന്നത്.

201415ല്‍ 9.6 ബില്യണ്‍ യു.എസ് ഡോളറായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപം. 2015-16ല്‍ ഇത് 8.4 ബില്യണ്‍ യു.എസ് ഡോളറായി. പിന്നീടുള്ള രണ്ടു വര്‍ഷം എട്ട് ബില്യണ്‍ എന്ന ലക്ഷ്യം നേടാനായിട്ടില്ല.

നോട്ടു നിരോധനം പ്രഖ്യാപിച്ചതിന് ശേഷമുള്ള 2017-18 വര്‍ഷം ഏഴ് ബില്യണ്‍ യു.എസ് ഡോളറായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപം. വ്യാവസായിക ഉല്‍പാദന വളര്‍ച്ചയുടെ സൂചികയും മൂന്നു വര്‍ഷത്തെ താഴ്ന്ന നിരക്കിലാണ്; 3.8 ശതമാനം. ഉല്‍പ്പാദനത്തിലെ കുറവാണ് സൂചികയില്‍ പ്രതിഫലിച്ചത്.

Read More >>