പ്രതിസന്ധി പരിഹരിക്കാന്‍ ആദ്യം വേണ്ടത്, അതു തിരിച്ചറിയുകയാണ്- സര്‍ക്കാറിനെതിരെ വീണ്ടും മന്‍മോഹന്‍

നോട്ടുനിരോധനവും അശാത്രീയ ജി.എസ്.ടിയും നിലവിലെ മാന്ദ്യത്തിന് കാരണം

പ്രതിസന്ധി പരിഹരിക്കാന്‍ ആദ്യം വേണ്ടത്, അതു തിരിച്ചറിയുകയാണ്- സര്‍ക്കാറിനെതിരെ വീണ്ടും മന്‍മോഹന്‍

ന്യൂഡല്‍ഹി: രാജ്യം അഭിമുഖീകരിക്കുന്ന സാമ്പത്തിക വെല്ലുവിളികളെ നേരിടാന്‍ മോദി സര്‍ക്കാര്‍ സന്നദ്ധമാകണമെന്നും മാദ്ധ്യമങ്ങളുടെ തലക്കെട്ടുകളില്‍ നിറയുകയല്ല സര്‍ക്കാറിന്റെ ജോലിയെന്നും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്.

'ഇന്ത്യ സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുകയാണ് എന്നു നിഷേധിക്കാന്‍ പറ്റില്ല. ഇപ്പോള്‍ തന്നെ സമയം ഒരുപാട് പോയി. അടുത്ത തലമുറയ്ക്ക് വേണ്ടിയുള്ള ഘടനാപരമായ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് ഇപ്പോള്‍ ആവശ്യമുള്ളത്' - പ്രമുഖ സാമ്പത്തിക മാധ്യമമായ ബിസിനസ് ലൈനിന് നല്‍കിയ അഭിമുഖത്തില്‍ സാമ്പത്തിക വിദഗ്ദ്ധന്‍ കൂടിയായ ഡോ. സിങ് പറഞ്ഞു.

' ഇത് മികച്ച ഭൂരിപക്ഷമുള്ള സര്‍ക്കാറാണ്. ഒരിക്കലല്ല, തുടര്‍ച്ചയായി രണ്ടാം തവണ. ഞാന്‍ ധനമന്ത്രിയായിരുന്നപ്പോഴു പ്രധാനമന്ത്രി ആയിരുന്നപ്പോഴും ഇത്തരത്തിലുള്ള ഭൂരിപക്ഷം ഉണ്ടായിരുന്നില്ല. എന്നിട്ടും ഞങ്ങള്‍ ഒരുപാട് നേടി. 1991ലെ പ്രതിസന്ധിയും 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയും മറികടന്നു. നമ്മള്‍ വ്യത്യസ്തമായ ഒരു പ്രതിസന്ധിയിലേക്കാണ് പ്രവേശിക്കുന്നത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഘടനാപരവും ചാക്രികവുമായ ദൈര്‍ഘ്യമേറിയ സാമ്പത്തിക മാന്ദ്യത്തിലേക്കാണ് നീങ്ങുന്നത്. ഒരു പ്രതിസന്ധി മറിടക്കാനുള്ള ആദ്യ പടി അത്തരമൊന്ന് നമ്മള്‍ അഭിമുഖീകരിക്കുന്നുണ്ട് എന്ന് തിരിച്ചറിയുകയാണ്' - അദ്ദേഹം പറഞ്ഞു.

'സുതാര്യമായ മാര്‍ഗങ്ങളിലൂടെ സര്‍ക്കാര്‍ വിഷയത്തെ അഭിമുഖീകരിക്കണം. തുറന്ന മനസ്സോടെ വിദഗ്ദ്ധരെ കേള്‍ക്കണം. ജനങ്ങളില്‍ ആത്മവിശ്വാസം നിറച്ച് ആ സന്ദേശം ലോകത്തിന് കൈമാറണം. ഭൗര്‍ഭാഗ്യകരമെന്ന് പറയട്ടെ, മോദി സര്‍ക്കാറില്‍ നിന്ന് ഇത്തരമൊരു ദീര്‍ഘവീക്ഷണത്തോടെയുള്ള നീക്കം ഞാന്‍ കണ്ടിട്ടില്ല' - സിങ് കുറ്റപ്പെടുത്തി.

ജി.എസ്.ടി യുക്തിസഹമാക്കണം

മാന്ദ്യത്തില്‍ നിന്ന് കരകയറുന്നതിനായി ആദ്യം ചെയ്യേണ്ടത് ചരക്കു സേവന നികുതി യുക്തിസഹമാക്കുകയാണ്. അതു മൂലം വരുന്ന വരുമാന നഷ്ടം താല്‍ക്കാലിമാണ് എന്നു മനസ്സിലാക്കണം. രണ്ടാമത്തേത്, ഗ്രാമീണ ഉപഭോഗം വര്‍ദ്ധിപ്പിക്കാനും കൃഷിയെ പുനരുജ്ജീവിപ്പിക്കാനും പുതിയ മാര്‍ഗങ്ങള്‍ അവതരിപ്പിക്കണം.

പണദൗര്‍ലഭ്യത്തില്‍ നിന്ന് ഉണ്ടായ പ്രതിസന്ധിയാണിത്. കാശ് കൊണ്ട് നടക്കുന്ന വലിയ അസംഘടിത സമ്പദ് വ്യവസ്ഥ ഇന്ത്യയിലുണ്ട്. ഇതില്‍ വലിയ ഭാഗം നിയമവിധേയവും എന്നാല്‍ നികുതിക്ക് കീഴില്‍ വരാത്തതുമാണ്. അത് കരിഞ്ചന്തയുമല്ല. ഉദാഹരണത്തിന് കൃഷി, ജി.ഡി.പിയുടെ 15 ശതമാനത്തോളം വരുമിത്. ഇത് കാശ് കൊണ്ട് നടക്കുന്നതാണ്. മിക്കതും നികുതിരഹിതമാണ്. നോട്ടുനിരോധനം മൂലം പണം പിന്‍വലിക്കപ്പെട്ടപ്പോള്‍ കാര്‍ഷിക സമ്പദ് വ്യവസ്ഥയെ അത് ബാധിച്ചു.

നോട്ടുനിരോധനത്തിന്റെ സ്വാധീനം

നോട്ടുനിരോധനത്തിന് ശേഷം, അസംഘടിത മേഖലയില്‍ മാത്രം 2017 ജനുവരി-ഏപ്രിലില്‍ 1.5 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടമുണ്ടായി എന്നാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എകോണമി റിപ്പോര്‍ട്ട് പറയുന്നത്. ഇത് ഗ്രാമങ്ങളിലേക്ക് റിവേഴ്‌സ് മൈഗ്രേഷന്‍ (വിപരീത കുടിയേറ്റം) സൃഷ്ടിച്ചു. മഹാത്മാഗാന്ധി തൊഴിലുറപ്പു പോലുള്ള പദ്ധതിയുടെ ആവശ്യവും വര്‍ദ്ധിച്ചു. ആ വേളയിലാണ് തൊഴിലുറപ്പ് പദ്ധതിക്ക് അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റ് റെക്കോര്‍ഡ് തുക അനുവദിക്കുന്നത്. ഗ്രാമീണ പ്രശ്‌നങ്ങളെ അറിഞ്ഞ തീരുമാനമായിരുന്നു ഇത്. ഒരു വഴിയും ഇല്ലാതാകുമ്പോളാണ് തൊഴിലുറപ്പ് പദ്ധതിക്ക് ആവശ്യമേറി വരുന്നത് എന്ന് ഓര്‍ക്കണം.

നോട്ടുനിരോധനത്തിന് ശേഷം നമ്മുടെ കോര്‍പറേറ്റ് നിക്ഷേപത്തില്‍ വലിയ കുറവുണ്ടായി. ജി.ഡി.പിയുടെ 7.5 ശതമാനത്തില്‍ നിന്ന് 2.5 ശതമാനമായി ആണ് അതു കുറഞ്ഞത്. 2010-11ല്‍ അത് ജി.ഡി.പിയുടെ 15 ശതമാനമായിരുന്നു. സംഘടിത മേഖലയെയും നോട്ടുനിരോധനം തകര്‍ത്തു എന്നതിന്റെ അടയാളമാണിത്. ചെറുകിട-ഇടത്തരം വ്യവസായങ്ങളെയും അതു ബാധിച്ചു. സാമ്പത്തിക വളര്‍ച്ചയ്ക്ക് മേല്‍ നോട്ടുനിരോധനം ഏല്‍പ്പിച്ച ആഘാതം ദീര്‍ഘമായി നിലനില്‍ക്കുമെന്ന ഭയമാണ് ഇപ്പോള്‍ യാഥാര്‍ത്ഥ്യമായിരിക്കുന്നത്.

ബാങ്ക് ലയനം

പൊതുമേഖലാ ബാങ്കുകളുടെ ലയനം ബാങ്കിങ് മേഖലയെ ശക്തിപ്പെടുത്തും. എന്നാല്‍ യഥാര്‍ത്ഥ സമയത്താണോ ഇത് നടന്നത് എന്നതാണ് ചോദ്യം. ഇപ്പോള്‍ വേണ്ടത് വായ്പക്കുള്ള സംവിധാനം ഒരുക്കുകയാണ്. നിഷ്‌ക്രിയ ആസ്തികള്‍ ഉയര്‍ത്തുന്ന വെല്ലുവിളിയും നേരിടണം. ഇക്കാര്യങ്ങളില്‍ ശ്രദ്ധ വയ്ക്കാതെ ഇപ്പോള്‍ ലയന വെല്ലുവിളികളിലാണ് ബാങ്കുകളുടെ നോട്ടം.

ലയനം സങ്കീര്‍ണ്ണമായ പ്രക്രിയയാണ്. തന്ത്രപരമായ മികച്ച ആസൂത്രണത്തിന്റെ സഹായമില്ലെങ്കില്‍ ഈ മാറ്റം കൂടുതല്‍ വലിയ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. ഇതിന്റെ ഗുണം ലഭിക്കണമെങ്കില്‍ വര്‍ഷങ്ങള്‍ എടുക്കും- സിങ് ചൂണ്ടിക്കാട്ടി.

Next Story
Read More >>