അരങ്ങില്‍ ജീവിതത്തിന് തിരശീല വീണ് ദിനേശന്‍ യാത്രയായി

അരങ്ങില്‍ കുഴഞ്ഞുവീണ് നാടകനടന്‍ ദിനേശ് ഉള്ളേരി മരിച്ചു

അരങ്ങില്‍ ജീവിതത്തിന്  തിരശീല വീണ് ദിനേശന്‍ യാത്രയായി

അരങ്ങിനെ പ്രണയിച്ചവന്റെ അവസാനയാത്രയും അരങ്ങില്‍ നിന്നു തന്നെ. നാടക നടന്‍ ദിനേശന്‍ ഉള്ളേരിയാണ് (48) കളിച്ചുമതിയവരാത്ത വേഷങ്ങള്‍ ബാക്കിയാക്കി യാത്രയായത്. ഗോവയില്‍ മലയാളി സമാജം വാസ്‌കോയില്‍ സംഘടിപ്പിച്ച നാടകം കളിക്കവേയാണ് മരണം. കോഴിക്കോട് പൊന്നരം തിയേറ്റേഴ്‌സിന്റെ 'കാലം എഴുതിയ യുദ്ധകാണ്ഡം' നാടകത്തില്‍ കുഞ്ഞിരാമന്‍ എന്ന ഹാസ്യകഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ ഹൃദയാഘാതം വന്ന് മരിക്കുകയായിരുന്നു.

അരങ്ങില്‍ കഥാപാത്രമായി ആടിതീര്‍ക്കുമ്പോള്‍ പെട്ടന്നു കുഴഞ്ഞുവീണത് മരണത്തിലേക്കാണെന്ന് ആരും അറിഞ്ഞില്ല. നാടകത്തിലെ തമാശകള്‍ക്കിടയില്‍ പെട്ടെന്ന് കുഴഞ്ഞു വീണപ്പോള്‍ മരണത്തിലേക്കുള്ള യാത്രയാണെന്ന് കണ്ടുനിന്നവര്‍ പോലും കരുതിയില്ല. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

20 വര്‍ഷത്തിലേറെയായി ദിനേശന്‍ നാടക രംഗത്ത് സജീവമാണ്. പൂക്കാട് കലാലയത്തിന്റെ സൂര്യഹൃദം. എന്ന നാടത്തിലൂടെയാണ് ദിനേശന്‍ അരങ്ങിലെത്തിയത്. പിന്നീട് കോടിക്കോട് മലബാര്‍ തിയേറ്റേഴ്‌സിന്റെ കണ്ടം ബെച്ചകോട്ട് എന്ന നാടകത്തിലൂടെ പ്രൊഫഷണല്‍ നാടകരംഗത്തേക്കും കടന്നു. കോഴിക്കോട് ചിരന്തന, കോട്ടയം നാഷണല്‍, അങ്കമാലി അഞ്ജലി, കോഴിക്കോട് രംഗഭാഷ തുടങ്ങിയ നിരവധി തിയേറ്ററുകളില്‍ നടകം കളിച്ചു. കോഴിക്കോട് ഭാഗവത് കമ്യൂണിക്കേഷന്‍സിന്റെ കാള എന്ന ദ്വിപാത്ര നാടകം ശ്രദ്ദേശമായിരുന്നു.

ഭാര്യ: സുനിത. മക്കള്‍: അശ്വന്‍ കൃഷ്ണ, അമല്‍ ഗോവിന്ദ്. സഹോദരങ്ങള്‍: ദാമോദരന്‍, വിനീത്, പദ്മിനി, സുമതി, സതി

Read More >>