സവര്‍ണ സംവരണം: മണ്ഡല്‍ കാലത്ത് ഉയര്‍ന്നതും ഇന്ന് ഉയരാത്തതുമായ നാലു ചോദ്യങ്ങള്‍

ഒരേ വിഷയം വിവിധ ചരിത്രഘട്ടങ്ങളില്‍ ആവര്‍ത്തിക്കുമ്പോള്‍ സംവാദങ്ങളിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ സത്യനിര്‍മിതിയുടെ ബലതന്ത്രത്തെ മനസ്സിലാക്കാന്‍ ഉപയോഗപ്പെടും. അത്തരം ഒരു അവസരമാണ് മേല്‍ജാതി സംവരണവും അതുണ്ടാക്കിയ സംവാദങ്ങളും പ്രദാനം ചെയ്യുന്നത്

സവര്‍ണ സംവരണം: മണ്ഡല്‍ കാലത്ത് ഉയര്‍ന്നതും ഇന്ന് ഉയരാത്തതുമായ  നാലു ചോദ്യങ്ങള്‍

സംവാദങ്ങളാണ് പൊതുബോധത്തെ നിര്‍ണയിക്കുന്നത്. അതുകൊണ്ടുതന്നെ സംവാദകേന്ദ്രങ്ങളെ ആക്രമിക്കാനും കീഴ്‌പ്പെടുത്താനുമുള്ള ശ്രമം എന്നുമുണ്ടാവും. ഓരോ വിഭാഗവും സംവാദങ്ങളെ തങ്ങളുടെ പക്ഷത്തേക്ക് വലിച്ചടുപ്പിക്കാന്‍ ശ്രമിക്കുന്നു. 'സത്യ'ത്തെ നിര്‍മിക്കുന്നതിലും സംവാദങ്ങള്‍ക്ക് വലിയ പങ്കുണ്ട്. ഒരേ വിഷയം വിവിധ ചരിത്രഘട്ടങ്ങളില്‍ ആവര്‍ത്തിക്കുമ്പോള്‍ സംവാദങ്ങളിലുണ്ടാവുന്ന വ്യതിയാനങ്ങള്‍ സത്യനിര്‍മിതിയുടെ ബലതന്ത്രത്തെ മനസ്സിലാക്കാന്‍ ഉപയോഗപ്പെടും. അത്തരം ഒരു അവസരമാണ് മേല്‍ജാതി സംവരണവും അതുണ്ടാക്കിയ സംവാദങ്ങളും പ്രദാനം ചെയ്യുന്നത്.

സവര്‍ണ ജാതി വിഭാഗങ്ങള്‍ക്ക് ക്രീമി ലെയര്‍ നിബന്ധനകള്‍ അടിസ്ഥാനപ്പെടുത്തി 10 ശതമാനം സംവരണം നല്‍ക്കാനുള്ള ബില്ല് ലോക്‌സഭയും രാജ്യസഭയും പാസാക്കി. ബില്ലില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ രാഷ്ട്രപതി ഒപ്പും വച്ചു. അതോടെ ബില്ല് നിയമമായി. ഈ ബില്ല് പൊതുമണ്ഡലത്തില്‍ ചര്‍ച്ച ചെയ്യുന്ന സമയത്ത് ഉയര്‍ന്ന പ്രധാന ചോദ്യം ദരിദ്രനാരായണന്മാരായ ഉയര്‍ന്ന ജാതിക്കാര്‍ അനുഭവിക്കുന്ന ദുരിതങ്ങളും സങ്കടങ്ങളുമാണ്. മുഴുവന്‍ സംവാദങ്ങളും അത്തരക്കാരുടെ സാമ്പത്തികാവസ്ഥയെ കുറിച്ചുമായിരുന്നു. എന്നാല്‍ പിന്നാക്കക്കാര്‍ക്ക് സംവരണം നല്‍കിക്കൊണ്ടുള്ള മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ 1990 ആഗസ്റ്റ് 13 ന് വി പി സിങ് സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യന്‍ പൊതുമണ്ഡലം അത് എങ്ങനെയാണ് സ്വീകരിച്ചത്? അന്നുയര്‍ന്ന സംവാദങ്ങള്‍ ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നോ? ആണ്‌ എന്നാണ് പരിശോധനകള്‍ വ്യക്തമാക്കുന്നത്. ചുരുങ്ങിയത് നാലു കാര്യങ്ങളിലെങ്കിലും വ്യത്യാസമുണ്ടായിരുന്നു.

വി പി സിങ്‌


1. പിന്നാക്ക ജാതി സംവരണത്തെ ശരിയായി ജാതി സംവരണം എന്നു തന്നെയാണ് അന്നും വിളിച്ചിരുന്നത്. ഇന്നും അങ്ങനെത്തന്നെ. പില്‍ക്കാലത്ത്, അതായത് 1992-93 ല്‍ വിവിധ സുപ്രിം കോടതി വിധികളിലൂടെയും പിന്നീടുണ്ടായ സര്‍ക്കാര്‍ ഉത്തരവുകളിലൂടെയും പിന്നാക്കക്കാരിലെ മേല്‍ത്തട്ടുകാരെ സമ്പത്തിന്റെ അടിസ്ഥാനത്തില്‍ അയോഗ്യരാക്കിയെങ്കിലും പഴയതുപോലത്തന്നെ സംവരണം 'ജാതി സംവരണം' എന്നു തന്നെ അറിയപ്പെട്ടു.

എന്നാല്‍ ഇപ്പോള്‍ സംവരണീയരായ വിഭാഗക്കാരെ ഒഴിവാക്കിയും നിലവില്‍ സംവരണം ലഭിക്കാത്ത മേല്‍ജാതി വിഭാഗങ്ങളെ ഉള്‍പ്പെടുത്തിയും ഒപ്പം നേരത്തെ പോലെത്തന്നെ മേല്‍ത്തട്ടുകാരെ അയോഗ്യരാക്കിയും സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ പൊതുമണ്ഡലത്തില്‍ ഇത് അറിയപ്പെടുന്നത് സാമ്പത്തിക സംവരണം എന്നാണ്, സവര്‍ണ ജാതി സംവരണം എന്നല്ല.

2. 1990 ആഗസ്റ്റ് മാസം 13 ന് വി പി സിങ് സര്‍ക്കാര്‍ പിന്നാക്ക സംവരണം പ്രഖ്യാപിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കുകയും രണ്ടു ദിവസം കഴിഞ്ഞ് റിപബ്ലിക്ക് ദിന സന്ദേശത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കുകയും ചെയ്ത ശേഷം ആ വര്‍ഷം സെപ്തംബറില്‍ ഇന്ദ്ര സാഹ്നി സുപ്രിം കോടതിയില്‍ ഇതു സംബന്ധിച്ച പരാതി ഉന്നയിച്ചു. സംവരണം അവസരസമത്വമെന്ന ഭരണഘടനാ തത്വങ്ങള്‍ക്ക് എതിരാണ് എന്നതാണ് ഉയര്‍ത്തിയ പ്രധാന വാദങ്ങളിലൊന്ന്. അനുച്ഛേദം 16 പ്രകാരം പൗരന്മാരുടെ അവസരസമത്വം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണ്. ഇതു സംബന്ധിച്ച വിവിധ വാദങ്ങളും പൊതുമണ്ഡലത്തില്‍ ഉയര്‍ന്നുവന്നു. അതില്‍ സംവരണത്തെ നീതിനിഷേധമെന്ന നിലയിലായിരുന്നു വിശദീകരിച്ചിരുന്നത്. കേസില്‍ വാദം കേട്ട സുപ്രിം കോടതിയുടെ ഭരമണഘടനാ ബഞ്ച് സംവരണം നല്‍കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ആദ്യം മരവിപ്പിച്ചുവെങ്കിലും തുടര്‍ന്ന് അതേവര്‍ഷം നവംബര്‍ 16 ന് സര്‍ക്കാര്‍ ഉത്തരവ് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിധി പറഞ്ഞു.

പുതിയ സംവരണ കാലത്ത് സവര്‍ണ ജാതി സംവരണം കുറച്ചു കൂടി കൂടുതല്‍ നീതിയായാണ് വിശദീകരിക്കപ്പെടുന്നത്.

3. ജാതി പിന്നാക്കാവസ്ഥയുടെ വിശ്വസനീയമായ സൂചകമല്ല എന്നതായിരുന്നു മറ്റൊരു വാദം. ജാതി എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാത്ത ഇടതുപക്ഷക്കാര്‍ അടക്കം ഇതേ വാദങ്ങളെ ഏറിയും കുറഞ്ഞും അംഗീകരിച്ചു. സാമ്പത്തികാവസ്ഥയെയാണ് ഇവര്‍ സൂചകമായി അംഗീകരിച്ചിരുന്നത്. ഇന്ന് സവര്‍ണ ജാതി സംവരണത്തെ സാമ്പത്തിക സംവരണമായി അവതരിപ്പിക്കുമ്പോള്‍ അതേ സിദ്ധാന്തം പുനരാവിഷ്‌കരിക്കുകയാണ് അവര്‍.

4. സംവരണം കാര്യക്ഷമത കുറയ്ക്കും- സംവരണത്തെ കുറിച്ച് ഇന്നും പറഞ്ഞുവരുന്ന പ്രധാന ആക്ഷേപമാണ് ഇത്. തമാശകളായും പരിഹാസങ്ങളായും ഇത് പൊതുമണ്ഡലത്തെ ആവേശിച്ചുവെന്നു പറഞ്ഞാല്‍ തെറ്റാവില്ല. എന്നാല്‍ സംവരണം ഇപ്പോള്‍ വീണ്ടും സജീവ ചര്‍ച്ചയാവുമ്പോള്‍ സര്‍വീസിന്റെ കാര്യക്ഷമത ചര്‍ച്ചയുടെ ഭാഗമേയല്ല. അതേ കുറിച്ചുള്ള തമാശകളുമില്ല.
Read More >>