സാമ്പത്തിക പ്രതിസന്ധി; സീ ഗ്രൂപ്പിന്റെ ഡി.എന്‍.എ പത്രം അടച്ചു പൂട്ടി- 2019ല്‍ പൂട്ടുന്ന മൂന്നാമത്തെ പത്രം

നിലവില്‍ മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് പുറത്തിറങ്ങുന്നത്.

സാമ്പത്തിക പ്രതിസന്ധി; സീ ഗ്രൂപ്പിന്റെ ഡി.എന്‍.എ പത്രം അടച്ചു പൂട്ടി- 2019ല്‍ പൂട്ടുന്ന മൂന്നാമത്തെ പത്രം

മുംബൈ: സീ മീഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഡി.എന്‍.എ (ഡെയ്‌ലി ന്യൂസ് ആന്‍ഡ് അനാലിസിസ്) പത്രം അച്ചടി നിര്‍ത്തുന്നു. വ്യാഴാഴ്ച മുതല്‍ പത്രം ഡിജിറ്റലിലേക്ക് മാറാനാണ് തീരുമാനം.

14 വര്‍ഷം മുമ്പ് ആരംഭിച്ച പത്രം നേരത്തെ അതിന്റെ ഡല്‍ഹി എഡിഷന്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പൂട്ടിയിരുന്നു. നിലവില്‍ മുംബൈ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നാണ് പുറത്തിറങ്ങുന്നത്.

സുഭാഷ് ചന്ദ്ര കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സീ മീഡിയയ്ക്ക് കീഴിലാണ് പത്രമുള്ളത്. 2005ല്‍ ദൈനിക് ഭാസ്‌കര്‍ ഗ്രൂപ്പുമായി സഹകരിച്ചാണ് ടൈംസ് ഓഫ് ഇന്ത്യ പോലുള്ള സ്ഥാപനങ്ങളെ വെല്ലുവിളിക്കുന്ന തരത്തില്‍ സുഭാഷ് ചന്ദ്ര ഡി.എന്‍.എയ്ക്ക് ജന്മം നല്‍കിയത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ മികച്ച പത്രം എന്നു പേരെടുക്കാന്‍ ഡി.എന്‍.എക്കായി.

ഡി.എന്‍.എയുടെ വരവിന് പിന്നാലെയാണ് ഹിന്ദുസ്ഥാന്‍ ടൈംസ്, അതേമാസം തങ്ങളുടെ സിറ്റി എഡിഷന്‍ ലോഞ്ച് ചെയ്തത്. ഇതിന് തൊട്ടുമുമ്പാണ് ടൈംസ് ഓഫ് ഇന്ത്യ തങ്ങളുടെ ടാബ്ലോയ്ഡ് പത്രമായ ദ മുംബൈ മിറര്‍ അവതരിപ്പിച്ചത്. അവസാന കാലങ്ങളില്‍ പ്രകടമായ ബി.ജെ.പി ചായ്‌വ് പത്രം പ്രകടിപ്പിച്ചിരുന്നു.

സുഭാഷ് ചന്ദ്രയുടെ ചില ബിസിനസ് തിരിച്ചടിയാണ് പത്രം പൂട്ടാന്‍ മാനേജ്‌മെന്റിനെ പ്രേരിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ട്.

ന്യൂസ് വീക്ക് അടക്കമുള്ള ജനപ്രിയ മാദ്ധ്യമങ്ങള്‍ തങ്ങളുടെ പിന്റ് എഡിഷന്‍ നിര്‍ത്തലാക്കിയ തീരുമാനത്തിന് പിന്നാലെയാണ് ഇന്ത്യയിലും സമാന അനുഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

2019ല്‍ ഇന്ത്യയില്‍ അടച്ചു പൂട്ടുന്ന മൂന്നാമത്തെ പത്രമാണ് ഡി.എന്‍.എ. നേരത്തെ, ഡെക്കാന്‍ ക്രോണിക്ക്ള്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഫൈനാന്‍ഷ്യല്‍ ക്രോണിക്ക്ള്‍, മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ഫസ്റ്റ് പോസ്റ്റ് എന്നിവയാണ് അടച്ചു പൂട്ടിയിരുന്നത്. ആരംഭിച്ച ആറു മാസത്തിനകമാണ് ഫസ്റ്റ്‌പോസ്റ്റിന്റെ പ്രിന്റ് എഡിഷന്‍ നിര്‍ത്തിയത്.

Next Story
Read More >>