വ്യാപാരബന്ധത്തിലെ മുന്‍ഗണന യു.എസ് അവസാനിപ്പിക്കുന്നു

ഇന്ത്യക്ക് പ്രഹരം

Published On: 5 March 2019 11:49 AM GMT
ഇന്ത്യക്ക് പ്രഹരം

വാഷിങ്ടൺ: വ്യാപാര ബന്ധത്തിൽ ഇന്ത്യക്കു നൽകിയ മുൻഗണന യു.എസ് പിൻവലിക്കുന്നു. യു.എസ് വ്യാപാര മന്ത്രാലയമാണ് ഇതുസംബന്ധിച്ച പ്രസ്താവന പുറപ്പെടുവിച്ചത്. പല മേഖലകളിലും യു.എസ് ഉൽപന്നങ്ങൾക്കു ന്യായമായ പരിഗണന നൽകുന്നതിൽ ഇന്ത്യ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. 560 കോടി ഡോളറിന്റെ ഇന്ത്യൻ ചരക്കുകൾ നികുതിയില്ലാതെ യു.എസ്സിലേക്കു കയറ്റി അയക്കുന്നതിന് അനുവദിക്കുന്ന കരാറാണ് ട്രംപ് റദ്ദാക്കുന്നത്. ഇന്ത്യക്കൊപ്പം തുർക്കിയേയും കരാറിൽ നിന്ന് ഒഴിവാക്കുന്നുണ്ട്. തുർക്കി ഈ പരിഗണനയക്ക് യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ജനറലൈസ്ഡ് സിസ്റ്റം ഓഫ് പ്രിഫറൻസസ്(ജി.എസ്.പി) പദ്ധതിയിൽ ഉൾപ്പെടുന്ന ഇന്ത്യയുടെ പദവി റദ്ദാക്കാൻ നോട്ടീസ് നൽകിക്കഴിഞ്ഞതായി അധികൃതർ പറഞ്ഞു. വ്യാപാരമേഖലയിലെ പങ്കാളിയെന്ന നിലയിൽ നിന്ന് ഇന്ത്യയെ മാറ്റിനിർത്താനാണ് ആലോചന. അതോടെ ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ യു.എസ് പ്രവേശം പ്രയാസമേറിയതാവും.

യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെയായിരിക്കും ഇത് നടപ്പിൽ വരിക. ആമസോൺ പോലുള്ള ഇ-കൊമേഴ്സ് കമ്പനികളെ നിയന്ത്രിക്കുന്നതിനുള്ള ചില ശ്രമങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഇന്ത്യ നടപ്പിൽവരുത്തിയിരുന്നു. യു.എസ് കുത്തകകളായ വാൾമാർട്ട്, ഫ്ളിപ്കാർട്ട് എന്നിവരുടെ വ്യാപാര താൽപ്പര്യങ്ങൾക്കും ഇത് ഹാനികരമായിരുന്നു. യു.എസ്സിന്റെ പൊടുന്നനേയുള്ള നീക്കത്തിനു പിന്നിൽ ഇതും കാരണമാണ്. ഓൺലൈൻ വിപണന സ്ഥാപനങ്ങളിലെ നേരിട്ടുള്ള വിദേശ നിക്ഷേപം, ആനുകൂല്യങ്ങൾ, വിലക്കുറവ് എന്നിവ നിയന്ത്രിക്കുന്ന ചില നടപടികൾ ഫെബ്രുവരിയോടെ നിടപ്പിൽ വരുത്താൻ ആലോചിച്ചിരുന്നു. ആമസോൺ, ഫളിപ്കാർട്ട് അടക്കമുള്ള ഓൺലൈൻ സ്ഥാപനങ്ങൾക്ക് വെല്ലുവിളിയാവുന്ന നിർദ്ദേശങ്ങൾ റിലയൻസ് റിട്ടെയിലിന്റെ താൽപ്പര്യപ്രകാരമാണെന്ന് അന്നേ ബഹുരാഷ്ട്ര കമ്പനികൾ വിമർശനമുന്നയിച്ചിരുന്നു. നീക്കം നടപ്പായാൽ ഇന്ത്യക്കെതിരെ ട്രംപ് സ്വീകരിക്കുന്ന ഏറ്റവും കടുത്ത തീരുമാനമായിരിക്കും ഇത്.

Top Stories
Share it
Top