റോഡില്‍ വീണുടഞ്ഞ ജീവിതം തിരിച്ചുപിടിച്ച് പോരാട്ടം; മൂന്നു ഗള്‍ഫ് മലയാളികളുടെ അതിജീവന കഥ

നിരാശയുടെയും വേദനയുടെയും ഇടയില്‍ തളര്‍ന്നു പോകാതെ പ്രത്യാശയുടെ ഒരു ചെറുതിരി എപ്പോഴും ജീവിതത്തില്‍ കത്തിച്ചുവയ്ക്കുക എന്ന സന്ദേശമാണ് ഇവരുടെ ജീവിതം പറഞ്ഞു തരുന്നത്.

റോഡില്‍ വീണുടഞ്ഞ ജീവിതം തിരിച്ചുപിടിച്ച് പോരാട്ടം; മൂന്നു ഗള്‍ഫ് മലയാളികളുടെ അതിജീവന കഥ

അസീസ് മണമ്മല്‍

ദുബായ്: റോഡില്‍ വീണുടഞ്ഞ ജീവിതം തിരിച്ചുപിടിച്ച് അതിജീവനത്തിന്റെ പ്രതീകങ്ങളായി മാറിയ മൂവര്‍ സംഘത്തിന്റെ പ്രചോദന സദസ് ശ്രദ്ധേയമായി. വാഹനാപകടത്തില്‍പ്പെട്ട് ശിരസ്സിന് താഴെ തളര്‍ന്ന കാട്ടുകണ്ടി കുഞ്ഞബ്ദുള്ള, മുസ്തഫ തുരപ്പ, ബഷീര്‍ മമ്പുറം എന്നിവര്‍ ജീവിതം പറഞ്ഞപ്പോള്‍ കേള്‍വിക്കാരുടെ മനസ്സും കണ്ണുകളും നിറഞ്ഞു.

മലബാര്‍ ഗ്രൂപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ആധുനിക വൈദ്യശാസ്ത്രം ആയുസ്സിന്റെ നീളം ദിവസങ്ങള്‍ മാത്രമെന്ന് വിധിയെഴുതിയ ഇടത്തില്‍ നിന്ന് പ്രതിസന്ധികളെ ധൈര്യപൂര്‍വ്വം നേരിട്ട് സ്വന്തം ആത്മകഥ എഴുതിയും നിശ്ചയദാര്‍ഢ്യക്കാര്‍ക്കുള്ള പ്രത്യേക തരത്തിലുള്ള വാഹനങ്ങള്‍ നിര്‍മ്മിച്ചും വീല്‍ചെയറില്‍ അമര്‍ന്ന ശരീരം ഉപയോഗിച്ച് ബിസിനസ് രംഗത്തു പുതു ആശയങ്ങള്‍ രചിച്ചും ഇവര്‍ അതിജീവനത്തിന്റെ ആകാശം വിരിച്ചു.

നിരാശയുടെയും വേദനയുടെയും ഇടയില്‍ തളര്‍ന്നു പോകാതെ പ്രത്യാശയുടെ ഒരു ചെറുതിരി എപ്പോഴും ജീവിതത്തില്‍ കത്തിച്ചുവയ്ക്കുക എന്ന സന്ദേശമാണ് ഇവരുടെ ജീവിതം പറഞ്ഞു തരുന്നത്. ഏതാണ്ട് രണ്ടര പതിറ്റാണ്ട് മുന്‍പാണ് കോഴിക്കോട് പയ്യോളി സ്വദേശിയായ കുഞ്ഞബ്ദുള്ളയുടെ ജീവിതത്തിലേക്ക് ദുരന്തം കടപുഴകി വീണത്. റോഡിലൂടെ വാഹനം ഓടിച്ചു പോകുന്നതിനിടെ ഒരു കൂറ്റന്‍ തണല്‍ മരം വാഹനത്തിന്റെ മുകളിലേക്ക് പതിച്ചു. അപകടത്തിന്റെ ആഘാതത്തില്‍ കഴുത്തിന് താഴെ നിശ്ചലമായ അവസ്ഥ. കുഞ്ഞബ്ദുള്ളയുടെ തുടര്‍ ജീവിതം ഏറെക്കാലം ആശുപത്രിയിലും പിന്നീട് വീല്‍ചെയറിലേക്കും പറിച്ചുവച്ചു

എന്നാല്‍, ദുരന്തങ്ങള്‍ക്ക് മുന്നില്‍ അങ്ങനെ തോറ്റു കൊടുക്കാന്‍ ഇദ്ദേഹം തയാറല്ലായിരുന്നു. സഹധര്‍മ്മിണി റുഖിയ്യയുടെ സ്‌നേഹസ്പര്‍ശത്തിലും ഇടറാത്ത മനസിന്റെ കരുത്തിലും കാട്ടുകണ്ടി കുഞ്ഞബ്ദുള്ള പൊതുസമൂഹത്തിന്റെ മുഖ്യധാരയിലേക്ക് പതിയെ തിരികെയെത്തി. തളര്‍ന്ന കൈകള്‍ക്കിടയില്‍ പേന തിരുകി തന്റെ ജീവിതം പറയുന്ന കനപ്പെട്ട ഒരു പുസ്തകം യഥാര്‍ഥ്യമാക്കി. 'എന്നിട്ടും ഞാന്‍ കുതിക്കുന്നു' എന്ന് പേരിട്ട കുഞ്ഞബ്ദുള്ളയുടെ ജീവിത പുസ്തകം മലയാളത്തിലും ഇംഗ്ലീഷിലും ഇറങ്ങി. അതിന്റെ പ്രകാശനത്തിന് വേണ്ടിയാണ് ഇദ്ദേഹം ദുബായില്‍ എത്തിയത്.

1994 മാര്‍ച്ച് 27 ന് നടന്ന റോഡ് അപകടത്തിലാണ് തുരപ്പ മുസ്തഫയുടെ ജീവിതം മാറിമറിഞ്ഞത്. അപടത്തിന് ശേഷം ജീവിതത്തില്‍ ഇനി ഒരിക്കലും എണീറ്റ് നടക്കാന്‍ കഴിയില്ലയെന്ന് ആധുനിക വൈദ്യശാസ്ത്രം വിധിയെഴുതി. 95 ശതമാനം പൂര്‍ണ വൈകല്യം ശരീരത്തെ പിടിമുറിക്കിയിരിക്കുന്നു എന്ന സര്‍ട്ടിഫിക്കറ്റുമായാണ് അന്ന് മുസ്തഫ ആശുപത്രി വിട്ടത്. പക്ഷേ, തുടര്‍ജീവിതം നിഷ്‌ക്രിയമായി തള്ളിനീക്കാന്‍ മുസ്തഫയ്ക്ക് മനസ്സില്ലായിരുന്നു. മരണ കിടക്കയില്‍ നിന്ന് തന്റെ ജീവിതത്തെ ഡ്രൈവിങ് സീറ്റിലേക്ക് പറിച്ചുവച്ചു.

മുസ്തഫ തന്നെ പോലെ ശരീരം തളര്‍ന്നവരെ ഡ്രൈവിങ് പഠിപ്പിച്ചു. അവര്‍ക്ക് ഉപയോഗിക്കാന്‍ വേണ്ടി പ്രത്യേക രീതിയിലുള്ള വാഹനങ്ങള്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു. ഇത്തരത്തില്‍ ആയിരത്തിലധികം പേര്‍ക്കാണ് വാഹനങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത്. അതില്‍ കൈവിരല്‍ കൊണ്ട് മാത്രം ഡ്രൈവ് ചെയ്യാനുള്ള സാങ്കേതിക സംവിധാനം വരെയുണ്ട്. ഈ രംഗത്ത് ഇന്ത്യന്‍ സര്‍ക്കാറിന്റെ അംഗീകാരം വരെ മുസ്തഫ നേടി. മാത്രമല്ല ഇപ്പോള്‍ ഏക്കറുകണക്കിന് ഭൂമിയില്‍ ഔഷധത്തോട്ടവും ഇദ്ദേഹം പരിപാലിച്ചു പോരുന്നു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഗള്‍ഫിലെ രാജകുടുംബത്തിന്റെ ഡ്രൈവറായി ജോലി ചെയ്തു വരുകയായിരുന്നു മമ്പുറം സ്വദേശിയായ ബഷീര്‍. ഇദ്ദേഹത്തിന്റെ തന്നെ ആശ്രദ്ധമൂലം സംഭവിച്ച വാഹനാപകടത്തില്‍പ്പെട്ടാണ് ശിരസ്സിന് താഴെ തളര്‍ന്ന് പോയത്. എന്നാല്‍, വിധിയെ പഴിക്കാതെ തന്റെ കുറവുകളെ നേട്ടങ്ങളിലേക്ക് വഴി നടത്തികൊണ്ടാണ് ബഷീര്‍ അതിജീവനം തീര്‍ത്തത്. ഇന്ന് തരക്കേടില്ലാത്ത ഒരു ബിസിനസ് സംരംഭം വിജയകരമായി മുന്നോട്ടു കൊണ്ടു പോകുന്നു. കാലത്തിന് അനുസരിച്ചുള്ള നവ ബിസിനസ് ആശയങ്ങള്‍ക്ക് നേത്വത്വം നല്‍കുകയും ഇതിലൂടെ അനേകം ചെറുപ്പക്കാര്‍ക്ക് ഇദ്ദേഹം തൊഴില്‍ നല്‍കുയും ചെയ്യുന്നു.

മലബാര്‍ ഗോള്‍ഡ് എക്‌സിക്യട്ടീവ് ഡയറക്ടര്‍ എ.കെ.ഫൈസലിന്റെ നേത്വത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. ദുബായിലെ കലാ-സാംസ്‌കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

Next Story
Read More >>