ഇനി മീന്‍ കൂട്ടി ഉണ്ണാം; മീന്‍ വന്‍കുടല്‍ അര്‍ബുദം അകറ്റുമെന്ന് പഠനം

മീനില്‍ മാത്രം അടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡുകള്‍ നമ്മുടെ ശരീരത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.

ഇനി മീന്‍ കൂട്ടി ഉണ്ണാം; മീന്‍ വന്‍കുടല്‍ അര്‍ബുദം അകറ്റുമെന്ന് പഠനം

മീനില്ലാതെ ചോറുണ്ണാനാവാത്തവരാണ് നമ്മളിലധിക പേരും. എന്തായാലും മീന്‍ സ്നേഹികള്‍ക്കിതാ ഒരു സന്തോഷവാര്‍ത്ത. ജേണല്‍ ഓഫ് ക്ലിനിക്കല്‍ ഗ്യാസ്ട്രോഎന്‍ട്രോളജി ആന്റ് ഹെപ്പറ്റോളജിയില്‍ പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, സ്ഥിരമായി മത്സ്യം കഴിക്കുന്നത് വന്‍കുടലിനെയും മലാശയത്തെയും ബാധിക്കുന്ന കാന്‍സറിനുള്ള സാധ്യത കുറയ്ക്കുമെന്ന് പറയുന്നു. ഓക്സ്ഫഡ് സര്‍വകലാശാലയും ഇന്റര്‍നാഷണല്‍ കാന്‍സര്‍ റിസര്‍ച്ച് സെന്ററും നടത്തിയ ഗവേഷണത്തില്‍, ആഴ്ചയില്‍ മൂന്ന് തവണയെങ്കിലും മത്സ്യം കഴിക്കുന്നത് പ്രതിരോധം വികസിപ്പിക്കാനും വന്‍കുടല്‍ കാന്‍സറിനുള്ള സാധ്യത 12 ശതമാനം കുറയ്ക്കാനും കഴിയുമെന്നാണ് പറയുന്നുത്. ധാരാളം ഗുണങ്ങളുളള ഭക്ഷണമാണ് മീന്‍. മീനില്‍ മാത്രം അടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡുകള്‍ നമ്മുടെ ശരീരത്തിന് ഒഴിച്ചുകൂടാനാവാത്തതാണ്.

മനുഷ്യ ശരീരത്തിന് ഉല്‍പാദിപ്പിക്കാന്‍ കഴിയാത്ത ഇവ പച്ചക്കറികള്‍, മത്സ്യം തുടങ്ങിയവയില്‍ നിന്നു മാത്രമേ ലഭിക്കൂ. അതുകൊണ്ടാണ് ആഴ്ചയില്‍ രണ്ടു നേരമെങ്കിലും മീന്‍ വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ലോകാരോഗ്യ സംഘടന പോലും പറയുന്നത്. ഒമേഗ 3 ആസിഡ് കരളിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. കൊളംബിയ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തില്‍ പറയുന്നത് ഒമേഗ 3 ആസിഡ് രക്തത്തിലെ ട്രിഗ്ലൈസെറിഡീസ് കൊഴുപ്പ് കുറയ്ക്കും. ഇതിലൂടെ ഫാറ്റി ലിവര്‍ അസുഖം തടയാന്‍ സഹായിക്കും. തലച്ചോറിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതാണ് മീനുകള്‍.

മീന്‍ കഴിക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയാരോഗ്യവും മെച്ചപ്പെടും. കൂടാതെ രക്തചംക്രമണവ്യവസ്ഥ സുഗമമാക്കുകയും രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഉത്കണ്ഠ, മാനസികസമ്മര്‍ദം, പിരിമുറുക്കം എന്നിവ നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതിന് വളരെ നല്ലതാണ് മീന്‍. അതിനാല്‍ മീന്‍ കഴിക്കുന്നത് പ്രമേഹ സാധ്യതയും കുറയ്ക്കും. ആഴ്ചയില്‍ രണ്ടു തവണയെങ്കിലും ചെമ്പല്ലി, അയല, മത്തി, ചൂര തുടങ്ങിയ എണ്ണയുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതുവഴി ഹൃദയാഘാതം തടയാന്‍ സാധിക്കുമെന്നാണ് യുഎസ് ഡോക്ടര്‍മാരുടെ കണ്ടെത്തല്‍.

മെര്‍ക്കുറി അടങ്ങിയതാണോ എന്ന ഭയം മൂലം മത്സ്യം കഴിക്കാത്തവരുണ്ട്. സീഫുഡില്‍ മിക്കവയിലും മെര്‍ക്കുറി ഉണ്ടാകാം. എങ്കിലും വലിയ മത്സ്യങ്ങളായ സ്രാവ്, തിരണ്ടി, അയക്കൂറ, കടല്‍ക്കുതിര, ടൈല്‍ഫിഷ് മുതലായവയിലാണ് മെര്‍ക്കുറി കൂടുതലുള്ളത്. ഗര്‍ഭിണികള്‍ ഈ മത്സ്യങ്ങള്‍ ഒഴിവാക്കണം. കാരണം മെര്‍ക്കുറി അടങ്ങിയ ഭക്ഷണം കുഞ്ഞുങ്ങള്‍ക്ക് നാഡീസംബന്ധമായ പ്രശ്നങ്ങള്‍ക്കു കാരണമാകും. എന്നാല്‍ മെര്‍ക്കുറി ഹൃദ്രോഗസാധ്യത കൂട്ടില്ലെന്നു ഗവേഷകര്‍ പറയുന്നു.

മത്സ്യം കഴിക്കുന്നതിനു പുറമേ ഹൃദയാരോഗ്യത്തിനായി പതിവായി വ്യായാമം ചെയ്യുകയും മെഡിറ്ററേനിയന്‍ ഭക്ഷണരീതിയും ഡാഷ് ഡയറ്റും പിന്തുടരണമെന്നും പഠനം പറയുന്നു. ഇനിയിതു വായിച്ചിട്ട് മീന്‍, എണ്ണയില്‍ പൊരിച്ചു കഴിച്ചേക്കാം എന്നൊന്നും കരുതരുതേ... വറുത്ത മീന്‍ കഴിക്കരുതെന്നാണ് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷനും നിര്‍ദേശിക്കുന്നത്. അത് ആരോഗ്യത്തിനെ പലതരത്തിലും ദോഷമായി ബാധിച്ചേക്കാം

Read More >>