ഇനി വോട്ടു ചെയ്യാന്‍ ബൂത്തില്‍ പോകേണ്ട; വിദൂരത്തു നിന്ന് വോട്ടു രേഖപ്പെടുത്താന്‍ സൗകര്യം വരുന്നു!

ബ്ലോക് ചെയ്ന്‍ സാങ്കേതിക വിദ്യയാണ് ഇതിനായി വികസിപ്പിക്കുക.

ഇനി വോട്ടു ചെയ്യാന്‍ ബൂത്തില്‍ പോകേണ്ട; വിദൂരത്തു നിന്ന് വോട്ടു രേഖപ്പെടുത്താന്‍ സൗകര്യം വരുന്നു!

ന്യൂഡല്‍ഹി: പോളിങ് ബൂത്തിലെത്താതെ വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ ശ്രമം തുടങ്ങി. ഇതിനായുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കാന്‍ കമ്മിഷന്‍ ഐ.ഐ.ടി മദ്രാസുമായി കരാറിലേര്‍പ്പെട്ടു. ബ്ലോക് ചെയ്ന്‍ സാങ്കേതിക വിദ്യയാണ് ഇതിനായി വികസിപ്പിക്കുക.

ഇതേക്കുറിച്ച് സീനിയര്‍ ഡപ്യൂട്ടി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ സന്ദീപ് സക്‌സേന പറയുന്നതിങ്ങനെ;

'ചെന്നൈയില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ് എന്നു സങ്കല്‍പ്പിക്കുക. വോട്ടര്‍ ഡല്‍ഹിയിലും ചെന്നൈയിലേക്ക് പോയി സ്വന്തം മണ്ഡലത്തില്‍ വോട്ടു ചെയ്യുന്നതിന് പകരം വോട്ടര്‍ക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ച സ്ഥലത്തു വച്ച് വോട്ടു ചെയ്യാനുള്ള അവസരമാണ് ഒരുക്കുന്നത്'

വീട്ടില്‍ നിന്ന് വോട്ടു ചെയ്യുക എന്ന് ഇതിന് അര്‍ത്ഥമില്ലെന്നും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിക്കുന്ന സ്ഥലത്തു വച്ചു മാത്രമേ വോട്ടു ചെയ്യാനുള്ള സൗകര്യമുണ്ടാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ബയോമെട്രിക് ഉപകരണം, വെബ്ക്യാമറ എന്നിവ വഴി ഇന്റര്‍നെറ്റ് ലൈന്‍ വഴിയാണ് വോട്ടെടുപ്പ് സാദ്ധ്യമാകുക. ബയോമെട്രിക്‌സ്, വെബ് ക്യാമറകള്‍ എന്നിവ ഉപയോഗിച്ചുള്ള, കമ്മിഷന്റെ ഇലക്ടോറല്‍ രജിസ്‌ട്രേഷന്‍ ഓഫീസ് നെറ്റ്‌വര്‍ക്ക് വഴി മാത്രമാണ് വോട്ടു ചെയ്യാനാകുക. ആദ്യം വോട്ടറുടെ തിരിച്ചറിയല്‍ കാര്‍ഡ് സിസ്റ്റം സ്വയം കണ്ടുപിടിച്ച ശേഷം ഇ ബാലറ്റ് പേപ്പര്‍ നല്‍കും. ഇതിലാണ് വോട്ടു ചെയ്യേണ്ടത്.

നേരത്തെ, ടൈംസ് നൗ സമ്മിറ്റില്‍ സംസാരിക്കവെ മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറയും ഇക്കാര്യം പറഞ്ഞിരുന്നു. ഇതിനായി വോട്ടര്‍ ഐഡി കാര്‍ഡുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ടി വരും. തെരഞ്ഞെടുപ്പ് നവീകരണവുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച ചേരുന്ന ഉന്നതതല യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

യു.എസിലെ ചില സ്റ്റേറ്റുകളില്‍ ബ്ലോക് ചെയ്ന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് വോട്ടെടുപ്പ് നടക്കുന്നുണ്ട്.

Next Story
Read More >>