ഒരേ മനസ്സോടെ, ഒന്നിച്ചു നിന്നു; എറണാകുളം നിപമുക്തം

എറണാകുളത്തെ നിപാ വിമുക്ത ജില്ലയായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രഖ്യാപിച്ചു.

ഒരേ മനസ്സോടെ, ഒന്നിച്ചു നിന്നു; എറണാകുളം നിപമുക്തം

കൊച്ചി: ഒരേ മനസ്സോടെ കൈകോര്‍ത്ത് നിന്ന് പ്രതിരോധിച്ച് എറണാകുളം നിപ ഭീതിയെ തുരത്തി. എറണാകുളത്തെ നിപാ വിമുക്ത ജില്ലയായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പ്രഖ്യാപിച്ചു. ആസ്റ്റര്‍ മെഡിസിറ്റിയില്‍ നടന്ന അതിജീവനം ചടങ്ങില്ലാണ് ജില്ലാ കളക്ടര്‍ എസ് സുഹാസ് ഉള്‍പ്പെടെയുള്ളവരുടെ സാന്നിദ്ധ്യത്തില്‍ ആരോഗ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.

ഇത് ആശ്വാസ മുഹൂര്‍ത്തമാണെന്നും ജനങ്ങള്‍ക്കുവേണ്ടി താന്‍ എറണാകുളം ജില്ലയെ നിപാ വിമുക്ത ജില്ലയായി പ്രഖ്യാപിക്കുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. നിപാ വൈറസ് പടരാന്‍ സാദ്ധ്യതയുള്ള സമയത്തിന്റെ രണ്ടിരട്ടി കണക്കുകൂട്ടി ഇന്‍ക്യുബേഷന്‍ പിര്യേഡ് നിരീക്ഷണം നടത്തിയ ശേഷമാണ് വിമുക്ത പ്രഖ്യാപനം നടത്തുന്നതെന്നും ആരോഗ്യമന്ത്രി അറിയിച്ചു. നിപ ബാധിതനായ യുവാവിന്റേയും കുടുംബത്തിന്റേയും ആശ്വാസത്തിലും സന്തോഷത്തിലും പങ്കുചേരുന്നതായം കെ.കെ. ശൈലജ പറഞ്ഞു. രണ്ടാം നിപ അദ്ധ്യായം അടഞ്ഞതായും മന്ത്രി പറഞ്ഞു.

വൈറസ് ബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് ഇന്ന് ആശുപത്രി വിടുമെന്നും മന്ത്രി ചടങ്ങില്‍ പറഞ്ഞു. 53 ദിവസത്തെ ചികിത്സയ്ക്ക് ശേഷമാണ് യുവാവ് കൊച്ചിയിലെ ആസ്റ്റര്‍ മെഡിസിറ്റിയില്‍ നിന്ന് ഇന്ന് വീട്ടിലേക്ക് മടങ്ങുന്നത്. ചികിത്സയുടെ ഭാഗമായ ആശുപത്രി ജീവനക്കാരെയും അതിനായി ശ്രമിച്ച മറ്റുള്ളവരെയും മന്ത്രി അഭിനന്ദിച്ചു.

പറവൂര്‍ തുരുത്തിപ്പുറം സ്വദേശിയായ 23 കാരന്‍ രണ്ട് മാസത്തോളമായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ രക്തസാമ്പിള്‍ ഫലം നെഗറ്റീവായിരുന്നു. പിന്നീട് ഒരു മാസത്തിലേറെയായി ഇദ്ദേഹം നിരീക്ഷണത്തിലാണ്.

യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തിയവരിലും നിരീക്ഷണത്തിലുണ്ടായിരുന്നവരിലും രോഗലക്ഷണങ്ങള്‍ കണ്ടവരിലും സാമ്പിള്‍ പരിശോധന നടത്തിയിരുന്നു. ആരിലേക്കും രോഗം പകര്‍ന്നിട്ടില്ലെന്നും ഉറപ്പുവരുത്തി.

ജീവനെടുത്ത മഹാവ്യാധി

2018ല്‍ കോഴിക്കോട്ട് 17 പേരുടെ ജീവനെടുത്ത ശേഷമാണ് എറണാകുളത്തെ കൂടി ഭീതിയിലാക്കി നിപ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ കൂട്ടായ പ്രതിരോധത്തിലൂടെ ആരോഗ്യവകുപ്പും പൗരസമൂഹവും നിപയെ തുരത്തുന്നതില്‍ വിജയിച്ചു. കോഴിക്കോട്ടുണ്ടായ പോലുള്ള ഭീതി ഇല്ലാതിരിക്കാനാണ് ആരോഗ്യവകുപ്പ് ശ്രദ്ധിച്ചത്. ഭീതി വേണ്ട, അതി ജാഗ്രത മതി എന്ന തിരിച്ചറിവ് സമൂഹത്തിനിടയില്‍ ആരോഗ്യവകുപ്പിന് ഉണ്ടാക്കാനായി.

നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്ന് ജില്ലകളില്‍ നിന്നായി നാലായിരത്തോളം പേര്‍ക്ക്, ബോധവത്കരണവും പരിശീലനവും നല്‍കി. പുണെയില്‍ നിന്ന് 'ഹ്യൂമന്‍ മോണോക്ലോണല്‍ ആന്റി ബോഡീസ്' കൊച്ചിയിലെത്തിച്ചെങ്കിലും ഈ മരുന്ന് ആര്‍ക്കും നല്‍കേണ്ട സാഹചര്യമുണ്ടായില്ല.

നിപയെ നേരിടാന്‍ ആരോഗ്യ വകുപ്പിന് വഴികാട്ടിയത് നിപയെക്കുറിച്ച് പരിചയമുള്ള ലോകാരോഗ്യ സംഘടനയും (ഡബ്ല്യു.എച്ച്.ഒ.). ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചും (ഐ.സി.എം.ആര്‍.) നല്‍കിയ ചികിത്സാ പ്രോട്ടോക്കോള്‍ ആയിരുന്നു. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്രസംഘം രൂപം നല്‍കുന്ന പദ്ധതികള്‍ കൃത്യമായി നടപ്പാക്കുകയും ചെയ്തു.

Read More >>