സാമ്പത്തിക മാന്ദ്യം; മോദി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസ്- പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കുന്നു

ഈ മാസം അവസാന വാരം യോഗം നടന്നേക്കും. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പ്രതിപക്ഷ നേതാക്കള്‍ നടത്തിയിട്ടുണ്ട്

സാമ്പത്തിക മാന്ദ്യം; മോദി സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കാന്‍ കോണ്‍ഗ്രസ്- പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കുന്നു

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തില്‍ മോദി സര്‍ക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ അണിയറ നീക്കം സജീവമാക്കി കോണ്‍ഗ്രസ്. സര്‍ക്കാറിനെതിരെ യോജിച്ചു നിന്ന് സമരം ചെയ്യാന്‍ വൈകാതെ പ്രതിപക്ഷ കക്ഷികളുടെ യോഗം വിളിക്കാനാണ് തീരുമാനം.

യോഗത്തിന്റെ തിയ്യതി നിശ്ചയിച്ചിട്ടില്ല. പാര്‍ട്ടികളുമായി ആലോചിച്ചതിന് ശേഷമായിരിക്കും തിയ്യതി നിശ്ചയിക്കുക. ലോക്സഭ തെരഞ്ഞെടുപ്പിന് ശേഷം പാര്‍ലമെന്റിന് പുറത്ത് നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ ആദ്യ യോഗമായിരിക്കും ഇത്. ദേശീയ പൗരത്വ പട്ടിക, കശ്മീര്‍ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാവും.

ഈ മാസം അവസാന വാരം യോഗം നടന്നേക്കും. ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകള്‍ പ്രതിപക്ഷ നേതാക്കള്‍ നടത്തിയിട്ടുണ്ട്. രാജ്യത്തെ സാമ്പത്തിക വ്യവസ്ഥ തുലാസിലാണ്. നിരവധി നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചുപൂട്ടിയതും ഓട്ടോമൊബൈല്‍ മേഖലയിലെ തൊഴില്‍ നഷ്ടവുമൊക്കെ പ്രതിപക്ഷ പാര്‍ട്ടികള്‍ ചര്‍ച്ച ചെയ്യുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

നേരത്തെ, ഒക്ടോബര്‍ 15 മുതല്‍ 25 വരെ ദേശവ്യാപകമായി സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ച സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കോണ്‍ഗ്രസ് പ്രക്ഷോഭം നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ആറര വര്‍ഷത്തിനിടെയുള്ള ഏറ്റവും മോശം ജി.ഡി.പി വളര്‍ച്ചയിലൂടെയാണ് രാജ്യം മുന്നോട്ടു പോകുന്നത്. ജൂണ്‍ പാദത്തില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ അഞ്ചു ശതമാനം മാത്രമാണ് വളര്‍ച്ച രേഖപ്പെടുത്തിയത്. ഇതിന് പുറമേ, ഓട്ടോ, എഫ്.എം.ജി, വസ്ത്രം തുടങ്ങി മിക്ക മേഖലകളിലും തൊഴിലാളികളെ കൂട്ടത്തോടെ പിരിച്ചുവിടുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

മാന്ദ്യം നേരിടാന്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ നിരവധി ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും നിലവില്‍ അതൊന്നും ഫലവാത്തിയിട്ടില്ല.

Read More >>