ഇതെന്താ ഫാമിലി ടൂറോ? ഇവാന്‍കയെ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതിനെതിരെ യു.എസില്‍ വിവാദം

ഇവാന്‍കയുടെ ഭര്‍ത്താവ് ജെറദ് കുഷ്‌നറും ട്രംപിന്റെ സംഘത്തിലുണ്ട്. ട്രംപിന്റെ സീനിയര്‍ ഉപദേഷ്ടാവാണ് കുഷനര്‍

ഇതെന്താ ഫാമിലി ടൂറോ? ഇവാന്‍കയെ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നതിനെതിരെ യു.എസില്‍ വിവാദം

വാഷിങ്ടണ്‍: മകള്‍ ഇവാന്‍കയെ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ കൂടെക്കൂട്ടുന്നതില്‍ യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെതിരെ യു.എസില്‍ രോഷം. നികുതിപ്പണം ഉപയോഗിച്ച് എന്തിനാണ് മകളെ ഇന്ത്യയിലേക്ക് കൊണ്ടു പോകുന്നത് എന്നാണ് വിമര്‍ശം.

ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ നേരത്തെ ഭാര്യ മെലാനിയ മാത്രമാണ് ട്രംപിനൊപ്പം ഉണ്ടായിരുന്നത്. പിന്നീടാണ് ഇവാന്‍ക കൂടി സന്ദര്‍ശനത്തില്‍ ഇടംപിടിച്ചത്.

സാമൂഹിക മാദ്ധ്യമങ്ങളില്‍ വന്‍ രോഷമാണ് ഇതിനെതിരെ ഉയരുന്നത്. ഇവാന്‍കയുടെ സാന്നിദ്ധ്യം അനാവശ്യമാണ് എന്നാണ് ട്വിറ്റര്‍ യൂസര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നത്. നികുതിപ്പണം കൊണ്ട് ഫാമിലി ടൂറാണ് ഇന്ത്യയുടെ സന്ദര്‍ശനം എന്നും ചില യൂസര്‍മാര്‍ വിമര്‍ശിച്ചു.

ഈയാഴ്ച ഗള്‍ഫ് രാഷ്ട്രങ്ങളില്‍ വനിതാ ശാക്തീകരണത്തിന്റെ ഭാഗമായുള്ള സന്ദര്‍ശനത്തിലായിരുന്നു ഇവാന്‍ക. ഇവിടെ നിന്ന് തിരിച്ചെത്തിയ ഉടനെയാണ് ഇവര്‍ ഇന്ത്യയിലേക്ക് തിരിക്കുന്നത്.

ദുബൈ യാത്രയ്ക്കുള്ള ചെലവു നമ്മള്‍ വഹിച്ചു. ഇനി ഇന്ത്യയില്‍ അവധിയാഘോഷിക്കാനുള്ള ചെലവും വഹിക്കണോ എന്നാണ് ഒരു ട്വിറ്ററില്‍ ഒരാള്‍ ചോദിച്ചത്.

ഇവാന്‍കയുടെ ഭര്‍ത്താവ് ജെറദ് കുഷ്‌നറും ട്രംപിന്റെ സംഘത്തിലുണ്ട്. ട്രംപിന്റെ സീനിയര്‍ ഉപദേഷ്ടാവാണ് കുഷനര്‍.

നേരത്തെ, 2017ല്‍ സംരഭകത്വ ഉച്ചകോടിക്കായി ഇവാന്‍ക ഹൈദരാബാദില്‍ എത്തിയിരുന്നു.

> ആകെ പന്ത്രണ്ടു പേര്‍

ട്രംപിന്റെ ആദ്യ ഇന്ത്യന്‍ സന്ദര്‍ശനത്തില്‍ അനുഗമിക്കുന്നത് 12 പേരാണ്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു പുറമേ, ഭാര്യ മെലാനിയ, മകള്‍ ഇവാന്‍, മരുമകന്‍ ജെറദ് കുഷ്‌നര്‍ എന്നിവരാണ് സംഘത്തിലുള്ളത്.

കൊമേഴ്‌സ് സെക്രട്ടറി വില്‍ബര്‍ റോസ്, ഇന്ത്യയിലെ അംബാസഡര്‍ കെന്‍ ജസ്റ്റര്‍, നയോപദേശകന്‍ സ്റ്റീഫന്‍ മില്ലര്‍, ഊര്‍ജ്ജ വകുപ്പു സെക്രട്ടറി ഡാന്‍ ബ്രൂല്ലെട്ടെ, ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫും പ്രസിഡണ്ടിന്റെ സഹായിയുമായ മൈക്ക് മല്‍വാനി, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബര്‍ട്ട് ഒബ്രയ്ന്‍, ഡിജിറ്റല്‍ സ്ട്രാറ്റജി മുഖ്യ ഉപദേഷ്ടാവ് ഡാന്‍ സ്‌കാവിനോ, മെലാനിയയുടെ ചീഫ് ഓഫ് സ്റ്റാഫ് ലിന്‍ഡ്‌സേ റെയ്‌നോള്‍ഡ്‌സ്, ടെലി കമ്മ്യൂണിക്കേഷന്‍ പോളിസി പ്രത്യേക പ്രതിനിധി റോബര്‍ട്ട് ബ്ലയര്‍ എന്നിവരാണ് മറ്റുള്ളവര്‍.

ഫെബ്രുവരി 24,25 തിയ്യതികളാണ് സംഘത്തിന്റെ സന്ദര്‍ശനം. അഹമ്മദാബാദ്, ആഗ്ര, ഡല്‍ഹി എന്നിവിടങ്ങളില്‍ സംഘം സന്ദര്‍ശനം നടത്തും.

2018ല്‍ കുഷ്‌നര്‍ ക്ലാസ് മേറ്റ് നിതിന്‍ സൈഗാളിന്റെ വിവാഹത്തിനായി ഇന്ത്യയിലെത്തിയിരുന്നു.

Next Story
Read More >>