വിലക്കയറ്റം ഉണ്ടാകുമെന്ന് ആര്‍.ബി.ഐയുടെ മുന്നറിയിപ്പ്; അവശ്യവസ്തുക്കളുടെ വില കുതിക്കും

സാമ്പത്തിക മേഖലയിലെ മാന്ദ്യം അംഗീകരിച്ച തീരുമാനമായാണ് വിദഗ്ദ്ധര്‍ നിരക്കു കുറയ്ക്കലിനെ വിലയിരുത്തുന്നത്.

വിലക്കയറ്റം ഉണ്ടാകുമെന്ന് ആര്‍.ബി.ഐയുടെ മുന്നറിയിപ്പ്; അവശ്യവസ്തുക്കളുടെ വില കുതിക്കും

മുംബൈ: കഴിഞ്ഞ മൂന്നു മാസത്തിനിടെ അവശ്യവസ്തുക്കളുടെ വില തുടര്‍ച്ചയായി വര്‍ദ്ധിച്ചതായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ(ആര്‍.ബി.ഐ). 2019 മെയില്‍ രണ്ട് ശതമാനമായിരുന്ന ഭക്ഷ്യവിലപ്പെരുപ്പം ജൂണില്‍ 2.4 ശതമാനമാണ്. മണ്‍സൂണ്‍ മഴയുടെ ദൗര്‍ലഭ്യം മൂലം അവശ്യസാധനങ്ങളുടെ വിലയില്‍ ഇനിയും വര്‍ദ്ധനവുണ്ടാകുമെന്ന് കേന്ദ്രബാങ്ക് പറയുന്നു.

ഇന്ന് പുറത്തിറക്കിയ മോണിറ്ററി ആന്‍ഡ് ക്രഡിറ്റ് പോളിസി സ്‌റ്റേറ്റ്മന്റിലാണ് ആര്‍.ബി.ഐയുടെ മുന്നറിയിപ്പ്.

'കൃത്യമല്ലാത്ത മഴയുടെ വിതരണം ഭക്ഷ്യ ഇനങ്ങള്‍ക്കു മേല്‍ ചില സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കും' എന്നാണ് ആര്‍.ബി.ഐയുടെ കുറിപ്പിലുള്ളത്. അതേസമയം, നിലവിലെ മഴപ്പെയ്ത്ത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നതാണെന്നും കേന്ദ്ര ബാങ്ക് വ്യക്തമാക്കി.

ഇറച്ചി, മീന്‍, പയറുവര്‍ഗങ്ങള്‍, പച്ചക്കറി, ധന്യം, പാല്‍, സുഗന്ധ വ്യഞ്ജനം തുടങ്ങിയവയുടെ വിലയാണ് വര്‍ദ്ധിക്കുക. പഴം, പഞ്ചസാര, ആള്‍കഹോളിക് അല്ലാത്ത ബീവറേജ് ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ ഇനങ്ങളുടെ വിലപ്പെരുപ്പം കുറയുമെന്നാണ് പ്രചവനം.

ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ മേഖലയിലെ പണപ്പെരുപ്പവും മുന്‍ മാസത്തേക്കാള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ഏപ്രില്‍-മെയ് മാസത്തില്‍ മൂന്ന് ശതമാനമായിരുന്നു ഇത്. ജൂണില്‍ ഇത് .2 ശതമാനം വര്‍ദ്ധിച്ച് 3.2 ശതമാനമായി.

ഇന്ന് പ്രഖ്യാപിച്ച വായ്പാ നിരക്കില്‍ റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.35 ശതമാനം കുറച്ച് 5.4 ശതമാനമാക്കിയിരുന്നു.

ഈ വര്‍ഷത്തെ നാലാമത്തെ അവലോന യോഗത്തിലാണ് റിപ്പോ നിരക്ക് കുറച്ച തീരുമാനം. ഇതോടെ ഈ വര്‍ഷം പലിശ നിരക്ക് 1.1 ശതമാനം ആണ് ആര്‍ബിഐ കുറച്ചത്.

റിപ്പോ നിരക്ക് കുറച്ചതോടെ ബാങ്കുകള്‍ ഭവന വാഹന വായ്പാപലിശ നിരക്കുകള്‍ കുറച്ച് തുടങ്ങി. എസ്ബിഐ ഭവന വായ്പാ പലിശ 8.4 ശതമാനത്തില്‍ നിന്നും 8.25 ശതമാനമാക്കി കുറച്ചു. ആഗസ്ത് 10 മുതല്‍ പുതിയ പലിശ നിരക്കായിരിക്കും വായ്പകള്‍ക്ക് ഈടാക്കുക.

സാമ്പത്തിക മേഖലയിലെ മാന്ദ്യം അംഗീകരിച്ച തീരുമാനമായാണ് വിദഗ്ദ്ധര്‍ നിരക്കു കുറയ്ക്കലിനെ വിലയിരുത്തുന്നത്.

Read More >>