നാലാം ദിനവും ഏറ്റവും കൂടുതല്‍ കേസുകള്‍; മരണം 797- കൊറോണയ്ക്കു മുമ്പില്‍ വിറച്ച് യു.എസ്

യു.എസില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 47 ശതമാനവും ന്യൂയോര്‍ക്കിലാണ്.

നാലാം ദിനവും ഏറ്റവും കൂടുതല്‍ കേസുകള്‍; മരണം 797- കൊറോണയ്ക്കു മുമ്പില്‍ വിറച്ച് യു.എസ്

വാഷിങ്ടണ്‍: ആഗോളതലത്തില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഏറ്റവും കൂടുതല്‍ കൊറോണ റിപ്പോര്‍ട്ട് ചെയ്തത് അമേരിക്കയില്‍. 24 മണിക്കൂറിനുള്ളില്‍ 8,816 കേസുകളാണ് യു.എസില്‍ റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം കേസുകള്‍ അരലക്ഷത്തിലേറെയായി; 55,148.

ഇതില്‍ 354 പേര്‍ക്കാണ് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തത്. 797 പേര്‍ മരണത്തിന് കീഴടങ്ങി. ഇതുവരെ 367,710 പേരെയാണ് രാജ്യത്ത് കൊറോണ പരിശോധനയ്ക്ക് വിധേയമാക്കിയത്.

യു.എസില്‍ റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 47 ശതമാനവും ന്യൂയോര്‍ക്കിലാണ്. രണ്ടാമത് ന്യൂ ജഴ്‌സിയിലും മൂന്നാമത് വാഷിങ്ടണിലും. ന്യൂയോര്‍ക്കില്‍ 25,665, ന്യൂ ജഴ്‌സിയില്‍ 3,675, വാഷിങ്ടണില്‍ 2,469 എന്നിങ്ങനെയാണ് കണക്കുകള്‍. കാലിഫോര്‍ണിയയില്‍ 2,102 പേര്‍ക്കും മിഷിഗനില്‍ 1,791 പേര്‍ക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.

ന്യൂയോര്‍ക്ക് നഗരത്തില്‍ മാത്രം 15,597 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. മാര്‍ച്ച് നാലിലെ ഒരു കേസില്‍ നിന്നാണ് 20 ദിവസം കഴിയുമ്പോഴേക്ക് നഗരത്തില്‍ കേസുകള്‍ പതിനയ്യായിരം പിന്നിട്ടത്.

അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ യു.എസ് കഴിഞ്ഞാല്‍ ഇന്നലെ ഏറ്റവും കൂടുതല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തത് കനഡയിലാണ്. 700 കേസുകള്‍. ബ്രസീലില്‍ 347 ഉം ചിലിയില്‍ 176 ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആഗോളതലത്തില്‍ ഇതുവരെ 422,915 പോസിറ്റീവ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 108,573 പേര്‍ രോഗമുക്തി നേടി. 18,915 പേര്‍ മരിച്ചു. ഇറ്റലിയില്‍ ആണ് ഏറ്റവും കൂടുതല്‍ മരണം. 6,820 പേര്‍. ചൈനയിലെ ഹുബയ് പ്രവിശ്യയാണ് രണ്ടാമത്. 3160 പേരാണ് ഇവിടെ മരണത്തിന് കീഴടങ്ങിയത്.

Next Story
Read More >>