ഫോബ്‌സ് പട്ടിക: പന്ത്രണ്ടാം വര്‍ഷവും അംബാനി ഒന്നാമത്‌, ധനികനായ മലയാളി എം.എ യൂസഫലി തന്നെ- ഇടംപിടിച്ച് ബൈജു രവീന്ദ്രന്‍

മലയാളികളിലെ ഏറ്റവും വലിയ ധനികനായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി 4.3 ബില്യണ്‍ യു.എസ് ഡോളര്‍ ആസ്തിയുമായി 26-ാം സ്ഥാനത്താണ്.

ഫോബ്‌സ് പട്ടിക: പന്ത്രണ്ടാം വര്‍ഷവും അംബാനി ഒന്നാമത്‌,  ധനികനായ മലയാളി എം.എ യൂസഫലി തന്നെ- ഇടംപിടിച്ച് ബൈജു രവീന്ദ്രന്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ പട്ടിക ഫോബ്‌സ് പ്രസിദ്ധീകരിച്ചു. പതിവു പോലെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്നെയാണ് പട്ടികയില്‍ ഒന്നാമത്. തുടര്‍ച്ചയായ പന്ത്രണ്ടാം വര്‍ഷമാണ് മുകേഷ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 51.4 ബില്യണ്‍ ഡോളറാണ് ആസ്തി.

ഗൗതം അദാനി എട്ടു സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി രണ്ടാം സ്ഥാനത്തെത്തി. 15.7 ബില്യണാണ് അദാനിയുടെ ആസ്തി. അശോക് ലെയ്‌ലന്‍ഡിന്റെ ഉടമസ്ഥരായ ഹിന്ദുജ ബ്രദേഴ്‌സ് ആണ് മൂന്നാം സ്ഥാനത്ത്. ആസ്തി 15.6 ബില്യണ്‍ ഡോളര്‍. ഷപൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പ് ഉടമ പല്ലോന്‍ജി മിസ്ത്രി, കൊടക് മഹീന്ദ്ര ബാങ്ക് ഉടമ ഉദയ് കൊടക്, എച്ച്.സി.എല്‍ ടെക്‌നോളജീസ് ഉടമ ശിവ് നടാര്‍ എന്നിവരാണ് തൊട്ടുപിന്നിലുള്ള സ്ഥാനങ്ങളില്‍.

അവന്യൂ സൂപ്പര്‍മാര്‍ട്‌സ് ഉടമ രാധാകൃഷ്ണന്‍ ദമാനി ഏഴാമതായും ഗോദ്‌റെജ് ഗ്രൂപ്പ് ചെയര്‍മാന്‍ ആദി ഗോദ്‌റജ് (ഗോദ്‌റജ് ഫാമിലി) എട്ടാമതായും ഇടംപിടിച്ചു. ലക്ഷ്മി മിത്തല്‍, കുമാരമംഗലം ബിര്‍ല എന്നിവരാണ് ഒമ്പതും പത്തും സ്ഥാനങ്ങളില്‍

യൂസഫലി 26-ാമത്

മലയാളികളിലെ ഏറ്റവും വലിയ ധനികനായ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി 4.3 ബില്യണ്‍ യു.എസ് ഡോളര്‍ ആസ്തിയുമായി 26-ാം സ്ഥാനത്താണ്. എന്‍.എം.സി ഹെല്‍ത്ത് ഉടമ ബി.ആര്‍ ഷെട്ടി 3.15 ബില്യണ്‍ ഡോളറുമായി 42-ാം സ്ഥാനത്തുണ്ട്. രവി പിള്ള 3.1 ബില്യണ്‍ ഡോളറുമായി അടുത്ത സ്ഥാനത്തുണ്ട്. മുത്തൂറ്റ് ഫൈനാന്‍സ് ഉടമ എം.ജി ജോര്‍ജ് മുത്തൂറ്റ് (3.05 ബില്യണ്‍ ഡോളര്‍), ഇന്‍ഫോസിസ് മുന്‍വൈസ് ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (2.36 ബില്യണ്‍ ഡോളര്‍), ജെംസ് എജ്യുക്കേഷന്‍ ഉടമ സണ്ണി വര്‍ക്കി (2.05 ബില്യണ്‍ ഡോളര്‍), ബൈജൂസ് ആപ്പ് ഉടമ ബൈജു രവീന്ദ്രന്‍ (1.91 ബില്യണ്‍ ഡോളര്‍) എന്നിവരും പട്ടികയില്‍ ഇടംപിടിച്ചു.

ബൈജു രവീന്ദ്രന്‍ ആദ്യമായാണ് പട്ടികയില്‍ വരുന്നത്. മലയാളി ഡോക്ടര്‍ ഷംസീര്‍ വയലിന്‍ 1.41 ബില്യണ്‍ ഡോളറുമായി 99-ാം സ്ഥാനത്തുണ്ട്.

Read More >>