പ്രിയനേ, നീ തന്നെയാണ് നമ്പര്‍ വണ്‍; ക്രിസ്റ്റ്യാനോയോട് കാമുകി ജോര്‍ജിന റോഡ്രിഗസ്

താരതമ്യപ്പെടുത്താന്‍ ആകാത്തവന്‍, തടയാനാകാത്തവന്‍, ധീരന്‍ എന്നിങ്ങനെയാണ് താരത്തെ കാമുകി വിശേഷിപ്പിക്കുന്നത്.

പ്രിയനേ, നീ തന്നെയാണ് നമ്പര്‍ വണ്‍; ക്രിസ്റ്റ്യാനോയോട് കാമുകി ജോര്‍ജിന റോഡ്രിഗസ്

മിലാന്‍: ബാലന്‍ ഡി ഓര്‍ പുരസ്‌കാരച്ചടങ്ങില്‍ നിന്ന് വിട്ടു നിന്നതിന് വിമര്‍ശനം നേരിടുന്ന പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്തുണയുമായി കാമുകി ജോര്‍ജിന റോഡ്രിഗസ്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ജോര്‍ജിന പ്രിയതമന് പിന്തുണയര്‍പ്പിച്ച് ഹൃദയഹാരിയായ കുറിപ്പെഴുതിയത്.

താരതമ്യപ്പെടുത്താന്‍ ആകാത്തവന്‍, തടയാനാകാത്തവന്‍, ധീരന്‍ എന്നിങ്ങനെയാണ് താരത്തെ കാമുകി വിശേഷിപ്പിക്കുന്നത്.

'കിരീടങ്ങളും കണക്കുകളുമുണ്ട്. നിങ്ങള്‍ തന്നെയാണ് മികച്ച ഫലങ്ങളുണ്ടാക്കിയത്, ലീഗ് ഓഫ് നാഷന്‍സ്, ഇറ്റാലിയന്‍ കപ്പ്, സീരിയ ചാമ്പ്യന്‍ഷിപ്പ്, സീരി എയിലെ മികച്ച താരം എന്നിവ അതില്‍ ചിലതു മാത്രം. ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ പുരസ്‌കാരങ്ങളോ കിരീടങ്ങളോ നിങ്ങളെ കുറിച്ച് പറയുന്നില്ല. അവ ഒരുപാട് നിങ്ങള്‍ക്കുണ്ട് താനും' - ജോര്‍ജിന കുറിച്ചു.

'നിന്നെകുറിച്ച് നല്ലത് നിന്റെ വികാരമാണ്, സ്വയം മെച്ചപ്പെടുത്താനുള്ള നിന്റെ ദാഹമാണ്. നിന്റെ സംസര്‍ഗമാണ്. കാരണം ദശലക്ഷക്കണക്കിന് ഫുട്‌ബോള്‍ ആരാധര്‍ക്ക് പ്രചോദനമാണ് നീ. വെല്ലുവിളികള്‍ നിന്നെ ഭയപ്പെടുത്തുന്നില്ല. നിന്റെ സുഖങ്ങള്‍ നീ നഷ്ടപ്പെടുത്തി, നിന്നെ തന്നെ മറികടക്കാനും ലോകത്തിലെ ഒന്നാം നമ്പര്‍ ആരാണെന്ന് കാണിക്കാനും. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു' - ജോര്‍ജിന കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ചയാണ് പാരിസില്‍ നടന്ന ചടങ്ങില്‍ ബാഴ്‌സലോണയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസ്സി ആറാം തവണയും ബാലന്‍ ഡി ഓര്‍ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു തവണ പുരസ്‌കാരം നേടിയ റൊണാള്‍ഡോയെ മറിടക്കാന്‍ മെസ്സിക്കായി. ലിവര്‍പൂള്‍ ഡിഫന്‍ഡര്‍ വിര്‍ജിന്‍ വാന്‍ഡിജികിന് ശേഷം വോട്ടെടുപ്പില്‍ മൂന്നാമതായിരുന്നു ക്രിസ്റ്റ്യാനോ. ചടങ്ങില്‍ പോര്‍ച്ചുഗീസ് സൂപ്പര്‍ താരത്തിന്റെ അഭാവം ശ്രദ്ധിക്കപ്പെട്ടിരുന്നു.

Read More >>