ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ; ദ്രാവിഡിന് പിന്തുണയുമായി ഗാംഗുലി

നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും വി.വി.എസ് ലക്ഷ്മണും ഗാംഗുലിക്കും എതിരെ സമാന വിഷയത്തില്‍ നോട്ടീസ് അയച്ചിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ; ദ്രാവിഡിന് പിന്തുണയുമായി ഗാംഗുലി

മുംബൈ: ഇരട്ട പദവി വഹിച്ചെന്ന ആരോപണത്തില്‍ മുന്‍ താരവും ദേശീയ ക്രിക്കറ്റ് അക്കാദമി തലവനുമായി രാഹുല്‍ ദ്രാവിഡിന് നോട്ടീസ് അയച്ച ബി.സി.സി.ഐ നടപടിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ക്രിക്കറ്റിനെ ദൈവം രക്ഷിക്കട്ടെ എന്നാണ് ദാദയുടെ പ്രതികരണം.

'ഇന്ത്യന്‍ ക്രിക്കറ്റില്‍ പുതിയ ഫാഷനുണ്ട്... താത്പര്യ സംഘര്‍ഷം.... വാര്‍ത്തകളില്‍ നിറയാന്‍ നല്ല വഴി... ദൈവം ഇന്ത്യന്‍ ക്രിക്കറ്റിനെ സഹായിക്കട്ടെ... ദ്രാവിഡിന് ബി.സി.സി.ഐ എതിക്‌സ് ഓഫീസറില്‍ നിന്ന് നോട്ടീസ് ലഭിച്ചു' - എന്നായിരുന്നു ഗാംഗുലിയുടെ ട്വീറ്റ്.

കളിക്കളത്തിലെ മഹാരഥന്മാരെ അപമാനിക്കുന്നതാണ് ഇത്തരത്തിലുള്ള നോട്ടീസുകള്‍ എന്ന് ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് പ്രതികരിച്ചു.

ബി.സി.സി.ഐ ഓംബുഡ്സ്മാനും എത്തിക്സ് ഓഫീസറുമായ (റിട്ട.) ജസ്റ്റിസ് ഡി.കെ ജെയ്നാണ് ദ്രാവിഡിന് നോട്ടീസ് നല്‍കിയത്.

നാഷണല്‍ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡ് ഇന്ത്യ സിമന്റ്‌സ് വൈസ് പ്രസിഡന്റ് പദവിയും വഹിക്കുന്നതാണ് ഇതിന് കാരണം. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷന്‍ (എം.പി.സി.എ) അംഗം സഞ്ജീവ് ഗുപ്ത നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഡി.കെ ജെയ്ന്‍, ദ്രാവിഡിനോട് വിശദീകരണം തേടിയിരിക്കുന്നത്. ഐ.പി.എല്‍ ടീമായ ചെന്നൈ സൂപ്പര്‍കിങ്സിന്റെ ഉടമകളാണ് ഇന്ത്യ സിമന്റ്‌സ്.

പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണ് ദ്രാവിഡിനോട് നിര്‍ദേശിച്ചിരിക്കുന്നതെന്നും ഓഗസ്റ്റ് 16-നകം അദ്ദേഹം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നും ഡി.കെ ജെയ്ന്‍ പറഞ്ഞു. നേരത്തെ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കും വി.വി.എസ് ലക്ഷ്മണും ഗാംഗുലിക്കും എതിരെ സമാന വിഷയത്തില്‍ ഡി.കെ ജെയ്ന്‍ നോട്ടീസ് അയച്ചിരുന്നു.

Read More >>