പുതുചരിതമെഴുതി ഗോകുലം; ഇന്ത്യന്‍ വനിതാ ലീഗില്‍ കിരീടം

രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കേരള ടീമിന്റെ ജയം.

പുതുചരിതമെഴുതി ഗോകുലം; ഇന്ത്യന്‍ വനിതാ ലീഗില്‍ കിരീടം

ബെംഗളൂരു: ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോളില്‍ പുതുചരിതം കുറിച്ച് മലയാളത്തിന്റെ സ്വന്തം ഗോകുലം എഫ്.സി. ഹീറോ ഇന്ത്യന്‍ വിമണ്‍സ് ലീഗിന്റെ കലാശക്കൡയില്‍ മണിപ്പൂരി ക്ലബ് ക്രിപ്‌സയെ തോല്‍പ്പിച്ചാണ് ഗോകുലം ചരിത്ര നേട്ടം സ്വന്തമാക്കിയത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് കേരള ടീമിന്റെ ജയം.

ആദ്യ മിനിറ്റില്‍ പരമേശ്വരി ദേവി, 25-ാം മിനിറ്റില്‍ കമലാ ദേവി, 86-ാം മിനിറ്റില്‍ സബിത്ര ഭണ്ഡാരി എന്നിവരാണ് കേരള ടീമിനായി സ്‌കോര്‍ ചെയ്തത്. ക്യാപ്റ്റന്‍ ദങ്‌മെയ് ഗ്രെയ്‌സ്, രത്തന്‍ബാല ദേവി എന്നിവരുടെ വകയായിരുന്നു ക്രിപ്‌സയുടെ ഗോളുകള്‍. ആദ്യ പകുതിയില്‍ 2-1ന് മുന്നിലായിരുന്നു ഗോകുലം.

ഈസ്റ്റേണ്‍ സ്‌പോര്‍ട്ടിങ് യൂണിയന്‍, റൈസിങ് സ്റ്റുഡന്റ് ക്ലബ്ബ്, സേതു എഫ്.സി. എന്നിവരായിരുന്നു കഴിഞ്ഞവര്‍ഷങ്ങളില്‍ ചാമ്പ്യന്‍മാര്‍.

അപരാജിതരായാണ് ഗോകുലത്തിന്റെ മുന്നേറ്റം. യോഗ്യതാ റൗണ്ടിലും ഫൈനല്‍ റൗണ്ടിലുമായി ആറ് കളിയിലും ജയിച്ചു. 28 ഗോള്‍ നേടിയപ്പോള്‍ വഴങ്ങിയത് രണ്ടെണ്ണം മാത്രം. ഫൈനലിലെ വിജയഗോള്‍ ഉള്‍പ്പെടെ 18 ഗോളുകള്‍ അടിച്ച് ടൂര്‍ണമെന്റില്‍ ടോപ്പ് സ്‌കോററായ നേപ്പാള്‍ താരം സബിത്രയാണ് ഗോകുലത്തിന്റെ വിജയത്തില്‍ നിര്‍ണായകപ്രകടനം പുറത്തെടുത്തത്.

പരമേശ്വരി ദേവി, സബിത്ര ഭണ്ഡാരി, ഗ്രെയ്‌സ് ലാല്‍റാംപാരി, യുംനം കമലാ ദേവി, മനിഷ്, കഷ്മിന, ഫന്‍ജോബം ബിന ദേവി, തോക്‌ചോം ദേവി, മൈക്കല്‍ കാസ്റ്റന്യ, മനിഷ പന്ന, അതിഥി ചൗഹാന്‍ എന്നിവരാണ് ഫൈനലില്‍ ഗോകുലത്തിനായി ആദ്യ ഇലവനിലിറങ്ങിയത്. മലയാളിയായ പ്രിയ പി.വിയാണ് ഗോകുലത്തിന്റെ പരിശീലക.

Next Story
Read More >>