ആദ്യം ഞങ്ങള്‍ പറഞ്ഞു, ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകുന്നു- സാമ്പത്തിക മാന്ദ്യത്തില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍

ഇപ്പോള്‍ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിച്ച പരിഹാരങ്ങള്‍ സ്വീകരിക്കുക

ആദ്യം ഞങ്ങള്‍ പറഞ്ഞു, ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലാകുന്നു- സാമ്പത്തിക മാന്ദ്യത്തില്‍ കേന്ദ്രത്തിനെതിരെ രാഹുല്‍

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. രാജ്യത്തെ പ്രതിസന്ധിയെ കുറിച്ച് തങ്ങള്‍ ദീര്‍ഘകാലമായി പറഞ്ഞു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഇപ്പോഴാണ് സര്‍ക്കാറിനെ സാമ്പത്തിക വിദഗ്ധര്‍ക്ക് മനസ്സിലായത് എന്ന് രാഹുല്‍ പരിഹസിച്ചു.

ട്വിറ്ററിലാണ് രാഹുലിന്റെ കുറിപ്പ്. സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാറിന്റെ പ്രസ്താവനയുള്ള ഇന്ത്യന്‍ എക്‌സ്പ്രസ് വാര്‍ത്ത രാഹുല്‍ റി ട്വീറ്റ് ചെയ്തിട്ടുണ്ട്.

'ഞങ്ങള്‍ ദീര്‍ഘകാലമായി മുന്നറിപ്പ് നല്‍കിക്കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ഒടുവില്‍ സര്‍ക്കാറിന്റെ സ്വന്തം സാമ്പത്തിക വിദഗദ്ധര്‍ അംഗീകരിച്ചിരിക്കുകയാണ്- ഇന്ത്യയുടെ സാമ്പത്തിക രംഗം അതീവ ആഴത്തിലുള്ളതാണ്. ഇപ്പോള്‍ സമ്പദ് വ്യവസ്ഥയെ രക്ഷിക്കാന്‍ ഞങ്ങള്‍ നിര്‍ദ്ദേശിച്ച പരിഹാരങ്ങള്‍ സ്വീകരിക്കുക. ആര്‍ത്തിയുള്ളവരുടെ അല്ല, ആവശ്യമുള്ളവരുടെ കൈയിലേക്ക് പണം വയ്ക്കുക' - രാഹുല്‍ കുറിച്ചു.

കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ ഇത്തരമൊരു സാമ്പത്തിക സാഹചര്യം അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ല എന്നായിരുന്നു നിതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ പറഞ്ഞിരുന്നത്. എല്ലാ സാമ്പത്തിക മേഖലയെയും മാന്ദ്യം ബാധിച്ചതായും പണലഭ്യത ഇത്രയും കുറവുള്ള കാലമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നിലവിലെ മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ വലിയ യത്നം വേണമെന്നും ആര്‍.ബി.ഐ ഗവണര്‍ ശക്തികാന്ത ദാസ് വ്യക്തമാക്കിയിരുന്നു.

ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ മുന്നോട്ടു വെച്ച ഏഴു ശതമാനം വളര്‍ച്ച കൈവരിക്കാനാകില്ലെന്ന് സ്വകാര്യ വിദഗ്ദ്ധരും കേന്ദ്രബാങ്കും പ്രവചിച്ചിട്ടുണ്ട്. കഴിഞ്ഞ ദശാബ്ദത്തിലെ തന്നെ ഏറ്റവും ആഴമേറിയ പ്രതിസന്ധിയാണ് വാഹനവ്യവസായം നേരിടുന്നത്. അതിവേഗ ഉപഭോക്തൃ സാധനങ്ങളുടെ വളര്‍ച്ചയും സംഘടിത മേഖലയിലെ വളര്‍ച്ചയും താഴോട്ടാണ്. രൂപയുടെ വിലയിടിവും സര്‍ക്കാറിനെ ആശങ്കയിലാഴ്ത്തുന്നു.

Next Story
Read More >>