പ്രതീക്ഷിച്ചതിനേക്കാള്‍ മോശമാണ് കാര്യങ്ങള്‍-സാമ്പത്തിക മാന്ദ്യത്തില്‍ ആര്‍.ബി.ഐ

സൗദി ആരാംകോ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണം കറണ്ട് അക്കൗണ്ട് കമ്മിക്കു മേല്‍ ആഘാതമുണ്ടാക്കിയേക്കാം

പ്രതീക്ഷിച്ചതിനേക്കാള്‍ മോശമാണ് കാര്യങ്ങള്‍-സാമ്പത്തിക മാന്ദ്യത്തില്‍ ആര്‍.ബി.ഐ

ന്യൂഡല്‍ഹി: പ്രതീക്ഷച്ചതിനേക്കാള്‍ മോശമാണ് രാജ്യത്തിന്റെ നിലവിലെ വളര്‍ച്ചാ നിരക്കെന്ന് ആര്‍.ബി.ഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ്. മൊത്തം ആഭ്യന്തര ഉത്പാദനം (ജി.ഡി.പി) അഞ്ചു ശതമാനത്തിലേക്ക് ഇടിഞ്ഞത് അത്ഭുതപ്പെടുത്തി എന്നും അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് അതു സംഭവിച്ചത് എന്ന് വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ധനകാര്യ ടെലിവിഷന്‍ ചാനലായ സി.എന്‍.ബി.സിക്കു നല്‍കിയ അഭിമുഖത്തിലാണ് ഗവര്‍ണര്‍ നിലവിലെ സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് മനസ്സു തുറന്നത്.

' ഏതു രാഷ്ട്രത്തിന്റെ സമ്പദ് വ്യവസ്ഥയിലും ധനനയത്തിന് പ്രധാനപ്പെട്ട പങ്കുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിലെ ധനവായ്പാ നയം മുതല്‍ നമ്മള്‍ 25 ബേസിസ് പോയിന്റ് കുറച്ചു വരുന്നുണ്ട്. ഈ സമിതിക്കു മുമ്പാകെ വച്ച മിനുട്‌സില്‍ മാന്ദ്യം സംഭവിക്കുന്നു എന്ന് ഞാന്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. നിക്ഷേപവും ആവശ്യവും ആവശ്യമെന്നു കരുതിയാണ് അടിസ്ഥാന നിരക്കുകളില്‍ കാല്‍ശതമാനം കുറച്ചത്. ഫെബ്രുവരിക്കു ശേഷം ചേര്‍ന്ന നാലു സമിതികളിലെയും മിനുട്‌സ് നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ്. ഇവിടെ മാന്ദ്യമുണ്ട്. അത് വ്യക്തമാണ്. ഇപ്പോള്‍ വളര്‍ച്ചയിലാണ് എല്ലാ ശ്രദ്ധയും' - ദാസ് പറഞ്ഞു.

നിലവിലെ മാന്ദ്യത്തില്‍ നിന്ന് കരകയറാന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളാണ് വേണ്ടത്. പൊതുമേഖലാ ബാങ്കുകള്‍ക്കും ഒരുപാട് ചെയ്യാനാകും. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ അവര്‍ക്കും വലിയ പങ്കുവഹിക്കാനുണ്ട്. നിലവില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ഉത്തേജന പദ്ധതികള്‍ വളര്‍ച്ച തിരികെ കൊണ്ടുവരും എന്നാണ് കരുതുന്നത്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സൗദി ആരാംകോ എണ്ണ കേന്ദ്രത്തിനു നേരെയുണ്ടായ ആക്രമണം കറണ്ട് അക്കൗണ്ട് കമ്മിക്കു മേല്‍ ആഘാതമുണ്ടാക്കിയേക്കാം. എന്നാല്‍ സമ്പദ് മേഖലയില്‍ അതുണ്ടാക്കുന്ന ആഘാതം ദീര്‍ഘകാലം നിലനില്‍ക്കില്ല- അദ്ദേഹം വ്യക്തമാക്കി.

മാന്ദ്യം ഇല്ല എന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നതിനിടെയാണ് മാന്ദ്യം യാഥാര്‍ത്ഥ്യമാണ് എന്ന വിലയിരുത്തലുമായി ആര്‍.ബി.ഐ എത്തുന്നത് എന്നതാണ് ശ്രദ്ധേയം.

Read More >>